സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ജാക്ക് ആന്റ് ജില്‍ ജൂണ്‍ 16ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം തികച്ചും നിരാശപ്പെടുത്തുന്ന അനുഭവമാണ് തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മെയ് 20നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. അന്ന് തന്നെ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.
ജാക്ക് ആന്റ് ജില്ലിന്റെ ഒ.ടി.ടി റിലീസോടെ പണി കിട്ടിയിരിക്കുന്നത് സൗബിന്‍ ഷാഹിറിനാണ്. സി.ബി.ഐയിലും സൗബിന്റെ സ്ലാങ്ങും കഥാപാത്രസൃഷ്ടിയും വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയ ഘടകമായിരുന്നു. സി.ബി.ഐക്ക് പിന്നാലെ ജാക്ക് ആന്റ് ജില്ലും ഒ.ടി.ടി റിലീസ് ആയതോടെ സൗബിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്.
ചിത്രത്തില്‍ പ്രധാനകഥാപാത്രമായി സൗബിന്‍ ഷാഹിറും എത്തിയിരുന്നു. ഒരു ഹ്യൂമനോയിഡ് റോബോട്ടിനെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പെട്ടിയുടെ രൂപത്തിലുള്ള ഒരു യന്ത്രത്തില്‍ ചെറിയ ഒരു മനുഷ്യ രൂപത്തിലാണ് സൗബിന്റെ ഹ്യൂമനോയിഡിനെ അവതരിപ്പിച്ചിരിക്കുന്നത്.
എപ്പോഴും വര്‍ത്തമാനം പറയുന്ന കുസൃതിയായ ഒരു ഹ്യൂമനോയിഡാണ് സൗബിന്റെ കുട്ടാപ്പ്സ്. ഓരോ രംഗങ്ങളിലും വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൗബിന്റെ കഥാപാത്രം എത്തുന്നത്. വ്യത്യസ്തവും കളര്‍ഫുള്ളുമായ വസ്ത്രങ്ങളാണ് കുട്ടാപ്പ്സിനുള്ളത്.
എന്നാല്‍ പ്രേക്ഷകര്‍ക്ക് തികച്ചും അരോചകമായാണ് സൗബിന്റെ രംഗങ്ങള്‍ അനുഭവപ്പെട്ടത്. ബ്രോ ഡാഡിയില്‍ അല്‍പസമയം മാത്രമാണ് സൗബിന്‍ എത്തുന്നതെങ്കില്‍ ജാക്ക് ആന്റ് ജില്ലില്‍ ഉടനീളം സൗബിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് സഹിക്കേണ്ടി വരുന്നുണ്ട്. കിം കിം കിം എന്ന് എല്ലാ ഡയലോഗിനുമൊപ്പം കുട്ടാപ്പ്സ് പറയുന്നുണ്ട്.
സ്ത്രീകള്‍ വരുമ്പോള്‍ തന്നെ ഒരു ഐശ്വര്യമാണെന്നും സ്ത്രീയെ മനസിലാക്കാന്‍ ആര്‍ക്കും പറ്റില്ലെന്നുമുള്ള 90ളിലേയും 2000ലേയും മലയാള സിനിമയിലെ ആണ്‍ഭാവനകളും കുട്ടാപ്പ്സ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹ്യൂമനോയിഡ് സിനിമയില്‍ പറയുന്നുണ്ട്.
സൈ ഫൈ ചിത്രമെന്ന ലേബലിലെത്തിയ ജാക്ക് ആന്റ് ജില്‍ ഔട്ട് ഡേറ്റഡായിട്ടുള്ള കഥയും മേക്കിങ്ങും കൊണ്ട് പ്രേക്ഷകരുടെ ക്ഷമയെയാണ് പരീക്ഷിക്കുന്നത്. അനന്തഭദ്രം, ഉറുമി പോലുള്ള ഗംഭീര ചിത്രങ്ങളെടുത്ത സന്തോഷ് ശിവനില്‍ നിന്ന് ഇതുപോലൊരു ചിത്രം പ്രതീക്ഷിച്ചില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
Content Highlight: With the release of Jack and Jill and OTT after the CBI 5 the brain, Saubin shair trolls became viral on social media