തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രതിയായ സവാദിന് കഴിഞ്ഞ ദിവസം ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ആര് മാലയിട്ട് സ്വീകരിച്ചാലും ബസില്‍ അതിക്രമത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിയോടൊപ്പം,’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായിരുന്ന സവാദ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായ സവാദിനെ മാലയിട്ടാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്.
നേരത്തെ സവാദിനെ സ്വീകരിച്ചതില്‍ പ്രതികരണവുമായി പരാതിക്കാരിയായ നന്ദിതയും രംഗത്തെത്തിയിരുന്നു. സവാദിനെതിരെ നിയമ പോരാട്ടം തുടരുമെന്നും അയാള്‍ക്ക് സ്വീകരണം നല്‍കിയതില്‍ താന്‍ ചിരിച്ചുപോയെന്നും നന്ദിത മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും നന്ദിത കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ ദിവസം സവാദിനെ സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുന്ന വേളയില്‍ പരാതിക്കാരിക്കെതിരെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹി വട്ടിയൂര്‍കാവ് അജിത് കുമാര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം ഫെയ്മിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും കളിച്ച് ചിരിച്ച് നടക്കുകയാണെന്നുമാണ് അജിത് പറഞ്ഞത്. പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും ഇത് ഹണിട്രാപ്പാണെന്നുള്ള പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു.
തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ എറണാകുളം അഡി. സെഷന്‍സ് കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഈ സംഭവം പരാതിക്കാരി തന്നെ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ പങ്കുവെക്കുകയായിരുന്നു. പരാതിയുള്ള യാത്രാക്കാരിക്ക് വേണ്ട എല്ലാ സഹായവും നല്‍കുന്ന കണ്ടക്ടറെയും വീഡിയോയില്‍ കാണാം.
വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് ഇരുവര്‍ക്കും അഭിനന്ദനവും പിന്തുണയുമായി രംഗത്തെത്തിയത്.
content highlight: With the girl who responded to the violence in the bus, no matter who received the garland: V. Shivankutty