തിയേറ്ററുകളില്‍ ഇപ്പോള്‍ ഭീഷ്മ പര്‍വ്വത്തിന്റെ ആറാട്ടാണ്. അമല്‍ നീരദിന്റെ മേക്കിംഗും, സുഷിന്‍ ശ്യാമിന്റെ സംഗീതവും, മമ്മൂട്ടിയുടെ മാസ് പെര്‍ഫോമന്‍സ് കൂടി ആയപ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാവുകയാണ്.
വിദേശരാജ്യങ്ങളിലും സിനിമ നിറഞ്ഞ തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. യു.എ.ഇയില്‍ ഹോളിവുഡ് ചിത്രം ബാറ്റ്മാന്‍ ഭീഷ്മയുടെ വരവോടെ പല തിയേറ്ററുകളില്‍ നിന്നും മാറ്റപ്പെട്ടു. എന്നാല്‍ തിയേറ്ററുകളില്‍ കയറുന്നവരാണ് സിനിമ വിജയിപ്പിക്കുന്നതെന്നും അവര്‍ക്കാണ് ക്രെഡിറ്റെന്നും മമ്മൂട്ടി പറഞ്ഞു.
ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനും റഹീബ് മീഡിയയും സംഘടിപ്പിച്ച ഭീഷ്മ പര്‍വ്വം മാസീവ് സെലിബ്രേഷനില്‍ പങ്കെടുക്കവേയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
ഭീഷ്മര്‍ വന്നതോടെ ബാറ്റ്മാന് തിയേറ്ററുകള്‍ കിട്ടാത്ത അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ബാറ്റ്മാനാര് നമ്മളാര് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
‘ബാറ്റ്മാന്‍ നിങ്ങളോട് പ്രതികാരം ചെയ്യും. അങ്ങനെയൊക്കെയുണ്ടോ എനിക്കറിയില്ല. ബാറ്റ്മാനൊക്കെ നമ്മളോട് മുട്ടേണ്ട ആവശ്യമുണ്ടോ? അവര്‍ക്കൊക്കെ വേറെ വഴികളില്ലേ. മമ്മൂട്ടി പറഞ്ഞു.
ഐ മാക്‌സിന്റെ വലിയ സ്‌ക്രീനില്‍ നിന്നും ബാറ്റ്മാന്‍ മാറ്റിയെന്നും അവിടെ ഭീഷ്മ പര്‍വ്വമാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും ആര്‍.ജെ സൂരജ് ചൂണ്ടിക്കാട്ടി.
‘ഇന്ന് രാവിലെ വോക്‌സിന്റെ പ്രതിനിധി വിളിച്ചിട്ട് പറഞ്ഞത് ഐ മാക്‌സിന്റെ വലിയ സ്‌ക്രീനില്‍ നിന്ന് ബാറ്റ്മാന്‍ മാറ്റി ഭീഷ്മ അവിടെ കയറി എന്നാണ്. ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സമയത്ത് ആദ്യം കേട്ട കുറച്ച് സംഗതികളാണ് ബാറ്റ്മാനുണ്ട് അതുപോലെ ഒരുപാട് റിലീസുകളുണ്ട് എന്നത്. പക്ഷേ അവിടേക്കാണ് ഭീഷ്മ പര്‍വം ഒരു വലിയ മലയായി കടന്നു ചെന്നത്. ആ സിനിമ ഗംഭീരമായി മുന്നോട്ട് പോകുന്നുണ്ട്,’ സൂരജ് പറഞ്ഞു.
ഇതിനു മറുപടിയായിട്ടാണ് പ്രേക്ഷകര്‍ക്ക് മമ്മൂട്ടി ക്രെഡിറ്റ് കൊടുത്തത്. ‘ആള് കേറീട്ടല്ലേ, കേറിയ ആള്‍ക്കാരോട് പറ. ആ ക്രെഡിറ്റ് അവര്‍ക്ക് കൊടുക്ക്, നമുക്ക് വേണ്ട. സിനിമ കാണാന്‍ കേറുന്നവരാണ് അങ്ങനൊക്കെ ഉണ്ടാക്കുന്നത്. ഇനിം വേണേല്‍ ബാറ്റ്മാനല്ല, എല്ലാം മാറ്റീട്ട് നമ്മുടെ പടം കളിക്കാം. കേറുന്നവരാണ് തീരുമാനിക്കുന്നത്. അവര്‍ക്കാണ് വിട്ടുകൊടുത്തിരിക്കുന്നത്. നിങ്ങള്‍ കൊണ്ടുപോയ്‌ക്കോ,’ മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭീഷ്മ പര്‍വ്വത്തിന്റെ തിയേറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം 3.676 കോടി രൂപ ചിത്രം നേടി എന്നാണ് ഫ്രൈ ഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. സംസ്ഥാനത്തെ 1,179 ഷോകളില്‍ നിന്നായി 2,57,332 ലക്ഷം പേരാണ് ഭീഷ്മ പര്‍വം കണ്ടത്.
ഏരീസ് പ്ലെക്സ് എസ്.എല്‍ സിനിമാസ് ആണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടത്. ആദ്യ ദിനം ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. 9.56 ലക്ഷം രൂപയാണ് നേടിയെന്നും പറയുന്നു.
Content Highlight: With the arrival of Bhishma Parvam in the UAE, Batman did not get a theater