ചെന്നൈ: എഴുപത്തഞ്ചാമത് മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനം ഹൈദരലി തങ്ങള്‍ നഗരിയില്‍ (കലൈവാണര്‍ അരംഗം)വെച്ച് പാര്‍ട്ടി കേരള പ്രസിഡന്റും ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയര്‍മാനുമായ പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് മതേതരത്വം ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ മതേതര കക്ഷികള്‍ ഐക്യപ്പെടേണ്ടത് അനിവാര്യമാണെന്നും രാജ്യത്തിന്റെ പാരമ്പര്യവും ഐക്യവും തകര്‍ക്കുന്നതിനെതിരെ ഒറ്റകെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ ഐക്യത്തിന് മുസ്‌ലിം ലീഗിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. തമിഴ്‌നാട് ഇത്തരം കാര്യങ്ങള്‍ക്ക് മാതൃകയാണ്. എല്ലാ സമൂഹത്തിലും ഭൂരിപക്ഷവും ന്യൂനപക്ഷവുമുണ്ട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുമ്പോള്‍ മാത്രമേ ജനാധിപത്യമുണ്ടാകുകയുള്ളൂ,’ സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങളും ദളിതരും ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും എല്ലായിടത്തും റെയ്ഡും ഭീഷണിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ മതേതരത്വം സംരക്ഷിക്കാന്‍ ഭിന്നതകള്‍ മാറ്റിവെച്ച് രംഗത്തിറങ്ങണമെന്നും അണികളോട് സാദിഖലി തങ്ങള്‍ ആഹ്വാനം ചെയ്തു.
നേരത്തേ മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വം നിലനിര്‍ത്തലാണ് ലീഗിന്റെ ലക്ഷ്യമെന്നും അധികാരത്തിലിരുന്ന സമയത്ത് എല്ലാവരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി ലീഗ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരിപാടിയില്‍ ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം മുസ്‌ലിങ്ങള്‍ക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് കര്‍മപദ്ധതി വിശദീകരിച്ചത്. ‘മതേതര ഇന്ത്യയുടെ ശാക്തീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.