| Thursday, 4th March 2021, 11:47 am

ശശികലയുടെ പിന്മാറ്റത്തില്‍ പ്രതീക്ഷ കണ്ടെത്തി ബി.ജെ.പി; വഴിമുട്ടിയ ദിനകരനിലൂടെ തമിഴ്‌നാട്ടില്‍ സാധ്യതകള്‍ ഉറപ്പിക്കിക്കാനുള്ള തന്ത്രങ്ങളുമായി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് എന്ന വി.കെ ശശികലയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷ കണ്ടെത്തി തമിഴ്‌നാട് ബി.ജെ.പി ഘടകത്തിന്റെ നേതാക്കള്‍.

ശശികലയിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടംകണ്ടെത്താന്‍ ശ്രമിക്കുന്ന ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് ശശികലയുടെ പെട്ടെന്നുള്ള പിന്മാറ്റം തിരിച്ചടിയാകുമെന്നും ഇതിലൂടെ തങ്ങള്‍ ആഗ്രഹിക്കുന്നിടത്തേക്ക് തന്നെ കാര്യങ്ങള്‍ എത്തുമെന്നുമാണ് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കള്‍ വിലയിരുത്തുന്നത്.

ശശികല രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയതും എ.ഐ.എ.ഡി.എം.കെ വിജയിക്കണമെന്നു തന്നെയാണ് ആഗ്രഹം എന്ന് പറഞ്ഞതും ദിനകരന് പുതിയ വഴിയില്ലാതാക്കുമെന്നും അതുവഴി ദിനകരനെ ഒപ്പം നിര്‍ത്താന്‍ സാധിക്കുമെന്നുമാണ് ബി.ജെ.പി വിലയിരുത്തുന്നത്.

ശശികലയുടെ പിന്മാറ്റം ദിനകരന്റെ പാര്‍ട്ടിയെ അണ്ണാ ഡി.എം.കെയിലേക്ക് സ്വീകരിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ വിയോജിപ്പുകള്‍ കുറയ്ക്കുമെന്നും ബി.ജെ.പി നേതാക്കള്‍ വിലയിരുത്തുന്നു.

ദിനകരന്റെ പാര്‍ട്ടിയായ എ.എം.എം.കെയെ എ.ഐ.എ.ഡി.എം.കെ സഖ്യത്തിലേക്ക് കൂടെകൂട്ടണമെന്നാണ് തങ്ങളുടെ താത്പര്യമെന്ന് ബി.ജെ.പി നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയെ അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെത്തിയ അമിത് ഷായും ഇതേകാര്യമാണ് അറിയിച്ചത്.

പക്ഷേ അന്ന് കടുത്ത എതിര്‍പ്പാണ് എടപ്പാടി കെ.പളനിസാമിയുള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വം ബി.ജെ.പിയെ അറിയിച്ചിരുന്നത്. ശശികലയുടെ പുതിയ പ്രഖ്യാപനത്തോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം മാറി മറയുമെന്നാണ് ബി.ജെ.പി പ്രവചിക്കുന്നത്.

ശശികലയുടെ പിന്മാറ്റത്തോടെ എ.എം.എം.കെയുടെ സാധ്യതകള്‍ മങ്ങുമെന്നും ഒത്തുതീര്‍പ്പല്ലാതെ മറ്റൊരു മാര്‍ഗം പാര്‍ട്ടിക്ക് ഇല്ലാതാകുകയും ചെയ്യുമെന്ന് പേര് വെളിപ്പെടുത്താത്ത ബി.ജെ.പി നേതാവ് ദ ഹിന്ദുവിനോട് പറഞ്ഞു. ഇത് വിരല്‍ ചൂണ്ടുന്നത് ശശികലയുടെ പിന്മാറ്റം ബി.ജെ.പി പുതിയ സാധ്യതയായി കാണുന്നുവെന്നതാണ്.

ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തിന് മുന്നോട്ടുപോകാന്‍ ഒരു ഊര്‍ജം ആവശ്യമായിരുന്നെന്നും ശശികലയുടെ പിന്മാറ്റം തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു ആക്കം സഖ്യത്തിന് നല്‍കിയെന്നും മറ്റൊരു ബി.ജെ.പി നേതാവ് പ്രതികരിച്ചു.

എ.എം.എം.കെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് മധ്യ തമിഴ്‌നാട്ടില്‍ 40 സീറ്റെങ്കിലും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് നഷ്ടപ്പെടുത്തുമെന്നായിരുന്നു ബി.ജെ.പിയുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് മുക്കളത്തൂര്‍ വിഭാഗക്കാര്‍ ഇവിടങ്ങളില്‍ ദിനകരന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നത് പരിഗണിക്കുമെന്നും ബി.ജെ.പി ആശങ്കപ്പെട്ടിരുന്നു.

ശശികലയുടെ പിന്മാറ്റവും എ.ഐ.എ.ഡി.എം.കെയോടുള്ള കൂറ് തുറന്നു പറഞ്ഞതും ഈ സീറ്റുകള്‍ അണ്ണാ ഡി.എം.കെയില്‍ തന്നെ തിരികെയെത്തിക്കാന്‍ കാരണമാകുമെന്നും ബി.ജെ.പി വിലയിരുത്തുന്നു.

ശശികലയുടെ തീരുമാനത്തെ ബി.ജെ.പിയുടെ തമിഴ്‌നാട് പ്രസിഡന്റ് എല്‍.മുരുഗനും സ്വാഗതം ചെയ്തിരുന്നു. പിന്മാറുന്നതിന് മുന്‍പ് ശശികല പറഞ്ഞ കാരണങ്ങള്‍ പ്രധാനമാണ്. അവ ഡി.എം.കെയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രം പര്യാപ്തമാണ് എന്നാണ് അദ്ദേഹം പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: With Sasikala stepping aside, BJP sees AMMK, AIADMK getting closer

We use cookies to give you the best possible experience. Learn more