| Friday, 28th April 2023, 4:16 pm

സൈക്കോ അഡ്മിന്റെ പഴയ തമാശകള്‍ ഇന്നും ചെന്നൈയെ തിരിഞ്ഞുകൊത്തുന്നു; എന്നാലും വല്ലാത്തൊരു ഉപമ തന്നെയായിരുന്നെടേയ്...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മേല്‍ സമഗ്രാധിപത്യം നേടിക്കൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുന്നത്. സീസണില്‍ ഏറ്റുമുട്ടിയ രണ്ട് മത്സരത്തിലും ചെന്നൈയെ തോല്‍പിച്ചാണ് ഹല്ലാ ബോല്‍ ആര്‍മി കരുത്ത് കാട്ടിയത്.

നേരത്തെ ചെപ്പോക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയതെങ്കില്‍ സ്വന്തം കോട്ടയിലേക്കെത്തിയപ്പോള്‍ അത് 32 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമായി മാറ്റാനും രാജസ്ഥാന് സാധിച്ചു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് പുറമെ ഒരുപറ്റം യുവതാരങ്ങളും ബൗളര്‍മാരും നെഞ്ച് വിരിച്ചുനിന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പരാജയം സമ്മതിക്കേണ്ടി വരികയായിരുന്നു.

ബാറ്റിങ്ങില്‍ ജെയ്‌സ്വാളും ജുറെലും ബൗളിങ്ങില്‍ ആദം സാംപയും തിളങ്ങിയപ്പോള്‍ ചെന്നൈയുടെ പതനം വേഗത്തിലായി. ചെന്നൈയുടെ തോല്‍വിയില്‍ നിര്‍ണായകമായ മറ്റൊരു താരം കൂടിയുണ്ടായിരുന്നു. മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ആര്‍. അശ്വിനായിരുന്നു അത്.

ഒരു ഓവറില്‍ തന്നെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ പിഴുതെടുത്താണ് അശ്വിന്‍ ചെന്നൈയെ കടന്നാക്രമിച്ചത്. നേരത്തെ ചെപ്പോക്കില്‍ വെച്ച് നടന്ന മത്സരത്തിലും അശ്വിന്‍ തന്റെ ഓള്‍ റൗണ്ട് മികവ് വ്യക്തമാക്കിയിരുന്നു. 30 റണ്‍സിനൊപ്പം കണ്ട് വിക്കറ്റും നേടിയ അശ്വിന്‍ തന്നെയായിരുന്നു മത്സരത്തിലെ താരവും.

ചെന്നൈക്കെതിരെയുള്ള അശ്വിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ വര്‍ഷം പങ്കുവെച്ച ഒരു ട്വീറ്റും ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുകയാണ്. 2022 ഏപ്രില്‍ 5ന് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി റോയല്‍ പങ്കുവെച്ച ട്വീറ്റാണ് ചര്‍ച്ചയാകുന്നത്.

‘നിങ്ങളുടെ എക്‌സ് (ex) വീണ്ടും നിങ്ങളെ വേട്ടയാടാനെത്തുമ്പോള്‍’ എന്നാണ് രാജസ്ഥാന്‍ കുറിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരമായിരുന്ന അശ്വിന്‍ ചെന്നൈക്കെതിരെ ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ ആരാധകര്‍ ട്വീറ്റ് ആഘോഷമാക്കുകയാണ്.

സീസണില്‍ ഇതുവരെ എട്ട് മത്സരം കളിച്ച അശ്വിന്‍ 32 ഓവര്‍ പന്തെറിഞ്ഞ് 233 റണ്‍സ് വഴങ്ങി 11 വിക്കറ്റാണ് വീഴ്ത്തിയത്. നിലവില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ എട്ടാമനായ അശ്വിന്റെ എക്കോണമി 7.28ഇം സ്‌ട്രൈക്ക് റേറ്റ് 17.45ഉം ആണ്.

കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായകമായ അശ്വിന്റെ പ്രകടനം ഈ സീസണിലും രാജസ്ഥാന് തുണയാകുമെന്നാണ് കരുതുന്നത്.

Content Highlight: With R Ashwin performing well against Chennai, Rajasthan’s old tweet is being discussed again

We use cookies to give you the best possible experience. Learn more