| Wednesday, 1st November 2023, 8:12 pm

ഗവർണർക്കെതിരെ പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ; പിന്നാലെ ബില്ലുകൾ അംഗീകരിച്ച് ഗവർണർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ അംഗീകാരം നൽകാതെ പിടിച്ചുവെച്ച ബില്ലുകൾക്ക് അംഗീകാരം നൽകി പഞ്ചാബ് ഗവർണർ.

ബില്ലുകൾ ഗവർണർ ബൻവാരിലാൽ പുരോഹിത് തടഞ്ഞുവെച്ചതിനെ തുടർന്നാണ് ആം ആദ്മി പാർട്ടി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ഒക്ടോബർ 20, 21 തീയ്യതികളിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരുന്ന മൂന്ന് ബില്ലുകളാണ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഗവർണർ നേരത്തെ തടഞ്ഞുവെച്ചത്.

ധന ബിൽ നിയമസഭയിൽ ചർച്ച ചെയ്യുന്നതിന് മുമ്പ് ഗവർണരുടെ അംഗീകാരം ആവശ്യമാണ്.

പഞ്ചാബ് ജി.എസ്.ടി ഭേദഗതി ബിൽ 2023, ഇന്ത്യൻ സ്റ്റാമ്പ്‌ പഞ്ചാബ് ഭേദഗതി ബിൽ 2023, പഞ്ചാബ് ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് ഭേദഗതി ബിൽ എന്നിവയായിരുന്നു ഇത്. ഇതിൽ ആദ്യത്തെ രണ്ട് ബില്ലുകളാണ് ഇപ്പോൾ ഗവർണർ അംഗീകരിച്ചത്.

ബില്ലുകൾ താൻ വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ് ഗവർണർ പുരോഹിത് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തയച്ചിരുന്നു.

സംസ്ഥാനത്ത് ജി.എസ്.ടി അപ്പ്ലെറ്റ് ട്രിബ്യൂണൽ രൂപവത്കരിക്കുന്നതിനും ഓൺലൈൻ ഗെയിമുകൾക്ക് ജി.എസ്.ടി ഏർപ്പെടുത്തുന്നതിനുമാണ് പഞ്ചാബ് ജി.എസ്.ടി ബില്ലിൽ ഭേദഗതി കൊണ്ടുവരുന്നത്. അതേസമയം വസ്തുക്കൾ പണയം വെക്കുമ്പോൾ സ്റ്റാമ്പ്‌ ഡ്യൂട്ടി ഈടാക്കുന്നതിനുള്ള ബില്ലാണ് ഇന്ത്യൻ സ്റ്റാമ്പ്‌ ബിൽ.

ഈ മൂന്ന് ജി.എസ്.ടി ബില്ലുകൾക്ക് പുറമെ, ഒരു ധന ബിൽ ഉൾപ്പെടെ അഞ്ച് ബില്ലുകൾ അംഗീകരിക്കുന്നതിന് ഗവർണർ വിസമ്മതിച്ചിരുന്നു.

നേരത്തെയും ഗവർണർ പുരോഹിതിനെതിരെ പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബജറ്റ് സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം തിരിച്ചയച്ചതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

CONTENT HIGHLIGHT: With Punjab Government moving SC, Governor Banwarilal Purohit gives approval to 2 Bills

We use cookies to give you the best possible experience. Learn more