ദക്ഷിണേന്ത്യയിലെ ഏകസര്‍ക്കാരും വീണു; കോണ്‍ഗ്രസ് ഇനി എങ്ങോട്ട്?
Congress Politics
ദക്ഷിണേന്ത്യയിലെ ഏകസര്‍ക്കാരും വീണു; കോണ്‍ഗ്രസ് ഇനി എങ്ങോട്ട്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 8:53 pm

ന്യൂദല്‍ഹി: പുതുച്ചേരിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും വീണതോടെ പാര്‍ട്ടിയ്ക്ക് നഷ്ടമായത് ദക്ഷിണേന്ത്യയിലെ ഏകസര്‍ക്കാര്‍. മാത്രമല്ല രാജ്യത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന സര്‍ക്കാരുകളുടെ എണ്ണം മൂന്നായി.

നിലവില്‍ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ മാത്രമാണ് സ്വന്തമായി കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ളത്. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘഡിയിലും ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മിനൊപ്പവും സര്‍ക്കാരുകളില്‍ കോണ്‍ഗ്രസ് കക്ഷിയാണെങ്കിലും അംഗബലം താരതമ്യേന കുറവാണ്.

പഞ്ചാബില്‍ അടുത്തിടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് കോണ്‍ഗ്രസിന് അടുത്ത കാലത്ത് ആശ്വസിക്കാനുള്ള വകയായത്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കനത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിടുന്നത്. രാഹുല്‍ അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ നേതൃപ്രതിസന്ധിയും പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായി.

ഇതിന് പിന്നാലെ മധ്യപ്രദേശില്‍ രാഹുലിന്റെ വിശ്വസ്തനായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതോടെ ഭരണം നഷ്ടമായി. ദല്‍ഹി തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയുമായി മത്സരിച്ചെങ്കിലും പ്രകടനം ദുര്‍ബലമായി. ആര്‍.ജെ.ഡിയോട് സീറ്റ് ചോദിച്ചുവാങ്ങിയെങ്കിലും പ്രകടനം മോശമായത് രാജ്യത്തെമ്പാടും ചര്‍ച്ചയായി.

കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ വിമത കൊടുങ്കാറ്റ് പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യം പുറത്തെത്തിച്ചു. ഇതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന 23 നേതാക്കള്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയതും ചര്‍ച്ചയായി.

ഇതിനിടെ സോണിയ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റെടുക്കാന്‍ ആളില്ലാതായതോടെ സോണിയ തന്നെ അധ്യക്ഷ പദവിയില്‍ താല്‍ക്കാലികമായി തുടരട്ടെയെന്നാണ് പാര്‍ട്ടി തീരുമാനം.

കേരളത്തിലാണ് ഇനി ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: With Puducherry setback, Congress political footprint diminishes Rahul Gandhi