മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതീക്ഷ കൈവിടാതെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്രഫഡ്‌നാവിസ്. ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഒരാള്‍ക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് ദേവേന്ദ്രഫഡ്‌നാവിസ് പറഞ്ഞു.
‘ജനങ്ങളുടെ ആശിര്‍വാദമുണ്ടെങ്കില്‍ നിങ്ങളെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാവില്ല. അവരുടെ അനുഗ്രഹം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ തിരിച്ചുവരും.’ പൂനെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദേവേന്ദ്രഫഡ്‌നാവിസ് പറഞ്ഞു.
‘ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഇരിക്കുമ്പോള്‍ നിങ്ങള്‍ ശരിയായ ദിശയില്‍ സഞ്ചരിക്കണം. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ അനുഗ്രഹം വാങ്ങാന്‍ ഇവിടെ വരാന്‍ സാധിക്കും. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ അനുഗ്രഹം തേടാനാണ്.’ ഫഡ്‌നാവിസ് പറഞ്ഞു.
ഒരിക്കല്‍ നിങ്ങള്‍ക്ക് ജനങ്ങളുടെ അനുഗ്രഹം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഉറപ്പായും തിരിച്ചുവരാന്‍ കഴിയുമെന്നും ദേവേന്ദ്രഫഡ്‌നാവിസ് പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും ദേവേന്ദ്രഫഡ്‌നാവിസ് വളരെ ആത്മവിശ്വാസത്തോടെ മഹരാഷ്ട്രയില്‍ അധികാരത്തിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ച ബി.ജെ.പിയും ശിവസേനയും 105 ഉം 56 ഉം സീറ്റുകളായിരുന്നു നേടിയത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കം കാരണം സഖ്യം പിരിയുകയായിരുന്നു.