ന്യൂദല്‍ഹി: ഒരു ഖണ്ഡിക വരുന്ന വ്യക്തി വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഗജേന്ദ്ര ചൗഹാനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിക് മന്ത്രാലയം. വിവരാവകാശ പ്രകാരമുള്ള കത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
മഹാഭാരതം സീരിയലില്‍ യുധിഷ്ഠീരനായി വേഷമിട്ടതാണ് ശ്രദ്ധേയമായ നേട്ടങ്ങളില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. “മഹാഭാരതം സീരിയലില്‍ യുധിഷ്ഠീരനായുള്ള അദ്ദേഹത്തിന്റെ അഭിനയം വളരെ പ്രസിദ്ധമാണ്. 150 ഓളം സിനിമകളിലും 600 ല്‍ അധികം ടി.വി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.” മന്ത്രാലയം പറയുന്നു.
ചൗഹാന്റെ വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ യോഗ്യതയും വിവരാവകാശ പ്രകാരം ചോദിച്ചിരുന്നു. മാത്രമല്ല എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സൊസൈറ്റിയുടെ പ്രസിഡന്റായി നിയമിച്ചതെന്നും ചോദിച്ചു.
എന്‍.ഡി.എ സര്‍ക്കാറായിരുന്നു അദ്ദേഹത്തെ എഫ്.ടി.ഐ.ഐ സൊസൈറ്റിയുടെ പ്രസിഡന്റായും ചെയര്‍മാനായും നിയമിച്ചിരുന്നത്. 281 പേജുള്ള മറുപടി കത്തില്‍ ഈ സ്ഥാനത്തേക്ക് അപേക്ഷിച്ച മറ്റുള്ളവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഖണ്ഡിക വരുന്ന വ്യക്തിവിവരണം മാത്രമാണ് ചൗഹാന്റെ യോഗ്യതയ്ക്കുള്ള ഏക അടയാളം.
അമിതാഭ് ബച്ചന്‍, രജനീകാന്ത്, വിധു വിനോദ് ചോപ്ര, ജഹ്‌നു ബാറുഅ, രാജു ഹിരാനി, ജയ ബച്ചന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, രമേഷ് സിപ്പി, ഗോവിന്ദ് നിഹലാനി, ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത വ്യക്തികളെ നേരത്തെ പരിഗണിച്ചിരുന്നെന്നായിരുന്നു ചൗഹാനെ നിയമിച്ചതിനുള്ള ന്യായീകരണം.
2014 ല്‍ ഈ പേരുകകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എഫ്.ടി.ഐ.ഐ.പരിഗണിച്ചിരുന്നെന്നും മറുപടിയില്‍ പറയുന്നു. ചൗഹനെ ചെയര്‍മാനായി നിയമിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 40 ദിവസമായി സമരത്തിലാണ്. അനുപംഖേര്‍, റിഷി കപൂര്‍, റണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചൗഹന്റെ നിയമനത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ചൗഹാനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ തയ്യാറായിട്ടില്ല.