പൂനെ: കൂടിക്കാഴ്ച നടത്താനും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുമായി മുംബൈയിലുള്ള തന്റെ വസതിയിലേക്ക് എന്‍.സി.പി പ്രവര്‍ത്തകരാരും വരരുതെന്ന അഭ്യര്‍ത്ഥനയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍.
അത്രയേറെ പ്രാധാന്യമുള്ള കാര്യമല്ലയെങ്കില്‍ പ്രവര്‍ത്തകരാരും മുംബൈയിലുള്ള തന്റെ വസതിയിലേക്ക് വരേണ്ടതില്ലെന്നാണ് അജിത് പവാര്‍ പറഞ്ഞത്. ”എനിക്ക് ഇപ്പോഴും അവിടെ ഔദ്യോഗിക വസതി ലഭിച്ചിട്ടില്ല. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് ഞങ്ങള്‍ ഡൈനിംഗ് റൂമിലും കിടപ്പുമുറിയിലുമായി ആളുകളെ ഇരുത്തേണ്ടി വരും. മാത്രമല്ല കുറച്ചുകൂടി സൗകര്യമുള്ള ഒരു വീട് ലഭിച്ചില്ലെങ്കില്‍ താന്‍ ഇവിടെ താമസിക്കില്ലെന്ന് ഭാര്യ സുനേത്രയും പറഞ്ഞു”- എന്നായിരുന്നു തമാശ രൂപേണ അജിത് പവാര്‍ പ്രവര്‍ത്തകരോട് പറഞ്ഞത്.
നിയമസഭാ മണ്ഡലമായ ബാരാമതിയില്‍ നടന്ന അനുമോദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ബാരാമതിയിലെത്തിയ പവാറിന് വന്‍ സ്വീകരണമായിരുന്നു നേരത്തെ പ്രവര്‍ത്തകര്‍ ഒരുക്കിയത്.
‘സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വളര്‍ച്ചാ നിരക്കിന്റെ ഇടിവിന് സര്‍ക്കാര്‍ സാക്ഷ്യം വഹിക്കുകയാണെന്നും പവാര്‍ പറഞ്ഞു.
ഇറാന്‍-യു.എസ് നിലപാട് കാരണം സ്വര്‍ണ്ണ വില ഉയരുകയാണ്. അതോടൊപ്പം ഇന്ധന വില ഉയരുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുകയും ഖാരിഫ് സീസണിലേക്കായി പുതിയ വിള വായ്പ അനുവദിക്കുകയും വേണമെന്നും പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മറാത്തി വായിക്കാനും എഴുതാനും അറിയില്ലെന്നും അതുകൊണ്ട് തന്നെ പത്താം ക്ലാസ് വരെ എല്ലാ സ്‌കൂളുകളിലും മറാത്തി നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അവര്‍ വളരെ നല്ല ഇംഗ്ലീഷ് സംസാരിക്കുന്നു. പക്ഷേ അവര്‍ക്ക് മറാത്തി ശരിയായി വായിക്കാനും എഴുതാനും കഴിയില്ല,
നാമെല്ലാവരും മഹാരാഷ്ട്രയിലാണ് താമസിക്കുന്നത്, ഓരോ കുട്ടിയും മറാത്തി ശരിയായി വായിക്കുകയും എഴുതുകയും ചെയ്യണം. ഒരു അധിക വിഷയം കൂടി പഠിക്കാന്‍ നിര്‍ബന്ധിതരായാല്‍ 10, 12 ക്ലാസുകളിലെ മാര്‍ക്കിനെ ബാധിക്കുമെന്ന് ചില വിദ്യാര്‍ത്ഥികള്‍ക്ക് തോന്നിയേക്കാം.
പക്ഷെ ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നത് ഒരു ശതമാനം പോലും നിങ്ങള്‍ അങ്ങനെ ചിന്തിക്കരുത് എന്നാണ്. നമ്മുടെ മാതൃഭാഷ സംരക്ഷിക്കപ്പെടണം- അജിത് പവാര്‍ പറഞ്ഞു.