| Tuesday, 6th February 2018, 10:30 am

ഇന്ത്യ വിദേശികളുടെയും പ്രവാസികളുടെയും ചേലാകര്‍മ്മത്തിന്റെ കേന്ദ്രം: ബോറ സമുദായത്തിലെ 75% സ്ത്രീകളും ചേലാകര്‍മ്മം നടത്തിയവരെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദാവൂദി ബോറ സമുദായത്തിലെ 75% സ്ത്രീകളും ചേലാകര്‍മ്മത്തിന് ഇരയായതായി സര്‍വ്വേ റിപ്പോര്‍ട്ട്. സര്‍വ്വേയുടെ ഭാഗമായി അഭിമുഖം നേരിട്ട 94 സ്ത്രീകളില്‍ 75%വും ചേലാകര്‍മ്മത്തിന് ഇരയായെന്നാണ് പ്രതികരിച്ചത്.

“ദ ക്ലിറ്റോറല്‍ ഹുഡ് എ കണ്‍ടെസ്റ്റഡ് സൈറ്റ്” എന്ന തലക്കെട്ടിലുള്ള പഠന റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. പെണ്‍ ചേലാകര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ബോറ സ്ത്രീകളുടെ സംഘടനയായ വീ സ്പീക്ക് ഔട്ടും സ്വതന്ത്ര ഗവേഷകരായ നാതാഷ മേനോന്‍, ഷബാന ദിലെര്‍, ലക്ഷ്മി അനന്തനാരായണന്‍ എന്നിവരുമാണ് സര്‍വ്വേ നടത്തിയത്.

കുട്ടിക്കാലത്താണ് ചേലാകര്‍മ്മത്തിന് ഇരയായതെന്നാണ് ചേലാകര്‍മ്മത്തിന് ഇരയായ 97% പേരും പ്രതികരിച്ചത്. ചേലാകര്‍മ്മം ലൈംഗിക ജീവിതത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് 33% സ്ത്രീകളും പ്രതികരിച്ചത്.

ഇതുകാരണം മൂത്രനാളിയില്‍ തുടര്‍ച്ചയായി അണുബാധയുണ്ടാവരാണ് 10% സ്ത്രീകള്‍. വലിയതോതില്‍ ബ്ലീഡിങ് ഉണ്ടാവുന്നതായി ഒരുവിഭാഗം സ്ത്രീകള്‍ പറഞ്ഞു.

ചേലാകര്‍മ്മം തടയുന്ന യാതൊരു നിയമവും ഇന്ത്യയില്‍ നിലവിലില്ലെന്നതിനാല്‍ വിദേശികള്‍, പ്രവാസികള്‍ എന്നിവര്‍ക്ക് ഇന്ത്യ ചേലാകര്‍മ്മത്തിന്റെ കേന്ദ്രമാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചേലാകര്‍മ്മം ഇരകളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കിയ ആദ്യ പഠനമാണിത്.

We use cookies to give you the best possible experience. Learn more