ഹൈദരാബാദ്: ആന്ധ്രയില്‍ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന ജയം നേടിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കിയത് രാഷ്ട്രീയ ചാണക്യനായ പ്രശാന്ത് കിഷോര്‍. രണ്ട് വര്‍ഷത്തോളമാണ് പ്രശാന്ത് കിഷോറിന്റെ സംഘടനയായ ‘ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍’ (ഐ.പി.എസി) ജഗന്‍ റെഡ്ഢിയ്‌ക്കൊപ്പം ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളില്‍ പ്രവര്‍ത്തിച്ചത്.
ആന്ധ്രയിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളും (25) 175ല്‍ 150 നിയമസഭാ സീറ്റുകളുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേടിയിരിക്കുന്നത്. ഇന്നലെ ഹൈദരാബാദിലെ വസതിയില്‍ പ്രശാന്ത് കിഷോറിനൊപ്പമിരുന്നാണ് ജഗന്‍മോഹന്‍ റെഡ്ഢി തെരഞ്ഞെടുപ്പ് ഫലം കണ്ടത്.
2014ല്‍ തകര്‍ന്ന് തരിപ്പണമായ ജഗന്‍ റെഡ്ഢിയെ ബൂത്ത് തലം മുതല്‍ സംഘടനയെ കെട്ടിപ്പടുക്കാന്‍ സഹായിച്ചാണ് പ്രശാന്ത് കിഷോര്‍ സഹായിച്ചത്. 2017 മുതല്‍ 35 ക്യാംപെയ്‌നുകളാണ് പാര്‍ട്ടിയ്ക്ക് വേണ്ടി സംഘടിപ്പിച്ച് പോന്നത്. ഇതില്‍ പതിനേഴെണ്ണം ജനങ്ങള്‍ക്കിടയിലും 18 എണ്ണം ഓണ്‍ലൈന്‍ പ്രചാരണവുമായിരുന്നു.
ജനങ്ങളിലേക്ക് എത്തിച്ചേരുകയും വോട്ടര്‍മാരുമായി നേരിട്ട് ബന്ധമുണ്ടാക്കിയതുമാണ് പ്രധാന തന്ത്രമെന്ന് ഐ.പി.എ.സി നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ടീം ഹെഡ് അസ്ബാഹ് ഫാറൂഖി പറഞ്ഞു. ഇതിനായി ‘പ്രജാ സങ്കല്‍പ പദയാത്ര’ എന്ന പേരില്‍ 15 മാസം നീണ്ട യാത്രയിലൂടെ സംസ്ഥാനമൊട്ടാകെ ജഗന്‍മോഹന്‍ റെഡ്ഢി വോട്ടര്‍മാരെ നടന്നു കണ്ടു. ഇതിലൂടെ പാര്‍ട്ടിയ്ക്ക രണ്ടു കോടി ജനങ്ങളുമായി സമ്പര്‍ക്കമുണ്ടാക്കാന്‍ സാധിച്ചു.
ആന്ധ്രയുടെ വികസനത്തിനായ രൂപരേഖ തയ്യാറാക്കുന്നതിനായി ഗ്രാമങ്ങളിലെ 60000 പേര്‍ക്ക് ജഗന്‍മോഹന്‍ റെഡ്ഢി കത്തെഴുതിയിരുന്നു. ‘ജഗന്‍ അന്ന പിലുപ്പു ക്യാംപെയ്ന്‍’ എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഐ.പി.എസിയുടെ 400ഓളം പ്രവര്‍ത്തകരാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി പ്രവര്‍ത്തിച്ചത്. 2014ല്‍ നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചതും 2015ല്‍ നിതീഷ് കുമാറിനെ അധികാരത്തിലെത്തിച്ചതും പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഐ.പി.എ.സിയായിരുന്നു. അതേസമയം 2017ല്‍ യു.പിയില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ആന്ധ്രയിലെ തിരിച്ചുവരവ്.
സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും പുറകിലായി പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയുമായിരിക്കുകയാണ്.