മുംബൈ: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിലക്ക് തുടര്‍ക്കഥയാവുകയാണ്. കശ്മീരിനു പിന്നാലെ ഏറ്റവും ഒടുവിലായി പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ പ്രക്ഷോഭം നടക്കുന്ന മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിലക്കി.ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ആശയവിനിമയം സാധ്യമാവുന്ന ആപ്പുകളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടുകയാണ്. അത്തരം ആപ്പുകളെ പരിചയപ്പെടാം
ഫയര്‍ചാറ്റ്
ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഫയര്‍ ചാറ്റില്‍ അടുത്തടുത്തുള്ള ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ കൈമാറാം.
അടുത്തടുത്തുള്ള ഡിവൈസുകള്‍ തമ്മില്‍ ബ്ലൂടൂത്ത് മുഖാന്തരം കണക്ട് ചെയ്താല്‍ ഫയര്‍ ചാറ്റിലൂടെ മെസേജ് കൈമാറാം. ഇതു കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് ലോകത്തിലെ എവിടെയുമുള്ള ഉപയോക്താക്കളുമായി ആശയവിനിമയവും നടത്താം.
സിഗ്നല്‍ ഓഫ്‌ലൈന്‍
വൈ-ഫൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മെസേജിംഗ് ആപ്പാണ് സിഗ്നല്‍ ഓഫ് ലൈന്‍. ഇന്റര്‍നെറ്റോ ലോക്കല്‍ നെറ്റ് വര്‍ക്കോ ലഭിക്കാത്ത സാഹചര്യങ്ങളില്‍ 100 മീറ്റര്‍ ദൂര പരിധിയിലുള്ള ആളുകളുമായി സിഗ്നല്‍ ഓഫീസിലൂടെ കമ്യൂണികേറ്റ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് ഓഡിയോ, ടെക്‌സ്റ്റ്, ഫോട്ടോസ്, വീഡിയോ എന്നിവ വൈ- ഫൈ ഉപയോഗിച്ച് കൈമാറാം.
ഈ ആപ്പിലൂടെ കൈമാറുന്ന മെസേജുകള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പേരില്‍ സാമ്യമുണ്ടെങ്കിലും സിഗ്നല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച ‘സിഗ്നല്‍ ആപ്പ്’ അല്ല സിഗ്നല്‍ ഓഫ്‌ലൈന്‍. ബംഗ്‌ളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഖൊഖൊ ഡെവലപ്പര്‍’ എന്ന കമ്പനിയാണ് സിഗ്നല്‍ ഓഫ് ലൈന്‍ സ്ഥാപിച്ചത്.
വോജര്‍ [Vojer]
നെറ്റ്‌വര്‍ക്ക് ഇല്ലാതെ തന്നെ ഹൈ ക്വാളിറ്റിയില്‍ വോയിസ് കോളുകള്‍ സാധ്യമാവുന്ന ആപ്പാണ് വോജര്‍.
ഫോണ്‍ബുക്ക് വിവരങ്ങള്‍ ആവശ്യമില്ലാത്ത ഈ ആപ്പിന് ആകെ ആവശ്യമായുള്ളത് ഫോണിലെ വൈ ഫൈ, ബ്ലൂടൂത്ത്, മൈക്രോഫോണ്‍, ക്യാമറ എന്നിവ ഉപയോഗിക്കാനുള്ള പെര്‍മിഷനാണ്.
ബ്രിഡ്ജിഫൈ [Bridgefy]
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന വേളയിലും, വിദേശ യാത്രകളിലും മറ്റും പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കാവുന്ന ആപ്പാണിത് . വിദേശ യാത്രകളില്‍ റോമിംഗ് ചാര്‍ജ് ഇല്ലാതെ തന്നെ ആശയവിനിമയം നടത്താം.
മൂന്ന് തരത്തിലാണ് ഈ ആപ്പ് ഉപയോഗിക്കാന്‍ പറ്റുക.
ആപ്പ് മെഷ് മോഡിലാക്കുമ്പോള്‍ രണ്ടു പേര്‍ക്ക് തമ്മില്‍ ആശയവിനിമയം സാധ്യമാക്കും.
വൈ ഫൈ മുഖാന്തരം കണക്ട് ചെയ്താല്‍ ഒന്നിലധികം പേരുമായി ആശയ വിനിമയം നടത്താം.
ഇതിലെ പ്രധാന സവിശേഷതയാണ് മൂന്നാമത്തെ രീതി. ഈ ആപ്പ് ബ്രോഡ്കാസ്റ്റ് മോഡിലാക്കിയാല്‍ ഉപയോക്താക്കളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും മെസേജുകള്‍ കാണാന്‍ സാധിക്കും. അടിയന്തര ഘട്ടങ്ങളില്‍ ആപ്പിന്റെ ഈ സവിശേഷത ഏറെ ഉപകാര പ്രദമാണ്.
ബ്രിയര്‍ [Briar]
ഇന്റര്‍നെറ്റില്ലാത്ത അവസരങ്ങളില്‍ ബ്ലൂടൂത്ത്, വൈ ഫൈ എന്നിവ മുഖേന കണക്ട് ചെയ്ത് ആശയ വിനിമയം സാധ്യമാവുന്ന ആപ്പാണിത്.
അതോടൊപ്പം തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന വേളയില്‍ ടോര്‍ നെറ്റ്‌വര്‍ക്കുമായി കണക്ട് ചെയ്താല്‍ ഇതിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ പൂര്‍ണമായും രഹസ്യവുമായിരിക്കും.