വിദേശനിക്ഷേപത്തെ പിന്തുണയ്ക്കാന്‍ മായാവതിയുടെ പുതിയ വിലപേശല്‍
India
വിദേശനിക്ഷേപത്തെ പിന്തുണയ്ക്കാന്‍ മായാവതിയുടെ പുതിയ വിലപേശല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd December 2012, 1:37 pm

ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് ബി.എസ്.പി നേതാവ് മായാവതി പുതിയ വിലപേശല്‍ തന്ത്രവുമായി രംഗത്ത്.

ഉദ്യോഗക്കയറ്റത്തിനുള്ള സംവരണ ബില്‍ ഉടന്‍ പാസ്സാക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കാര്യം ഒന്നുകൂടി ചിന്തിക്കേണ്ടി വരുമെന്നും മായാവതി പറയുന്നു.[]

സംവരണ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ബി.എസ്.പി എം.പിമാരുടെ വോട്ടുകള്‍ ലോക്‌സഭയില്‍ രേഖപ്പെടുത്തുകയുളളൂ എന്നാണ് മായാവതിയുടെ വാദം.

വിദേശ നിക്ഷേപം വിലയിടിവിനും തൊഴിലില്ലായ്മയ്ക്കും കാരണമാകും. എന്നാല്‍ പലചരക്ക് മേഖലയിലെ വിദേശനിക്ഷേപം വിലകുറയ്ക്കുമെന്ന വാദംതെറ്റാണ്. വികസനത്തിനായി വിദേശ നിക്ഷേപം അനിവാര്യമാണ് എന്നും മായാവതി പറയുന്നു.

അതേസമയം സമാജ് വാദി പാര്‍ട്ടിയും മുലായം സിങ് യാദവും വിദേശനിക്ഷേപത്തെ പൂര്‍ണമായും എതിര്‍ക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

വിദേശനിക്ഷേപത്തെ അനുകൂലിക്കാന്‍ സാധിക്കില്ല. അതിന് പ്രതികൂല ഘടകങ്ങള്‍ ഒരുപാടുണ്ട്. തന്റെ നിലപാട് ലോക്‌സഭയില്‍ അറിയിച്ചോളാമെന്നും മുലായം പറയുന്നു.

വോട്ടെടുപ്പോടുകൂടിയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വിസമ്മതിച്ചതോടെ നാലാം ദിവസവും സഭ സ്തംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥുമായി പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സ്പീക്കര്‍ അനുമതി നല്‍കിയാല്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ വോട്ടെടുപ്പ് ചര്‍ച്ച അനുവദിക്കണമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് സുഷമസ്വരാജിന്റെ ആവശ്യം സ്പീക്കര്‍ മീര കുമാര്‍ അംഗീകരിക്കുകയായിരുന്നു.

വിഷയത്തില്‍ ചട്ടം 184 അനുസരിച്ച് വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും സി.പി.ഐ.എമ്മും നോട്ടീസ് നല്‍കിയിരുന്നു.

യു.പി.എ ഘടകകക്ഷിയായ ഡി.എം.കെയുടെ പിന്തുണ വിഷയത്തില്‍ ഉറപ്പായതോടെയാണ് വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ വിദേശനിക്ഷേപത്തെ എതിര്‍ക്കുമെന്നും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നുമുള്ള നിലപാടിലാണ് മുലായം സിങ് യാദവ്.