| Wednesday, 26th December 2018, 10:03 pm

പതിനേഴ് സംസ്ഥാനങ്ങളിലേക്ക് അമിത് ഷാ പ്രചരണ മാനേജര്‍മാരെ ഇറക്കി; യു.പിയുടെ ചുമതല മുന്‍ മോദി വിമര്‍ശകന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നതിനായി 17 സംസ്ഥാനങ്ങളിലേക്ക് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രചരണ മാനേജര്‍മാരെ ഇറക്കി. ഇതില്‍ മോദിയുടെ വിമര്‍ശകനും ഗുജറാത്തിലെ നേതാവുമായ ഗോവര്‍ധന്‍ സദാഫിയക്കാണ് നിര്‍ണായകമായ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

വി.എച്ച്.പി മുന്‍ അധ്യക്ഷന്‍ തൊഗാഡിയയുടെ ഉറ്റ സുഹൃത്തായിരുന്ന സദാഫിയ 2013ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വിടുകയും കേശുഭായ് പട്ടേലിനൊപ്പം സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയ്‌ക്കെതിരായി ഹാര്‍ദിക് പട്ടേലിനെയടക്കം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് സദാഫിയ. ഈയടുത്താണ് ഇദ്ദേഹം ബി.ജെ.പിയില്‍ വീണ്ടും തിരിച്ചെത്തിയത്.

2017 അസംബ്ലി തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ഓം മാഥുറിന് ഇത്തവണ ഗുജറാത്തിന്റെ ചുമതലയാണുള്ളത്. രാജസ്ഥാനിലെ പ്രചരണത്തിന് നേതൃത്വം വഹിക്കുന്നതിനായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

മറ്റൊരു മന്ത്രിയായ താവര്‍ചന്ദ് ഗെഹ്‌ലോട്ടിന് ഉത്തരാഖണ്ഡിന്റെ ചുമതലയാണുള്ളത്. ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദര്‍ യാദവ്, അനില്‍ ജയിന്‍ എന്നിവര്‍ യഥാക്രമം ബീഹാര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരളത്തില്‍ നിന്നുള്ള എം.പി വി മുരളീധരന് ആന്ധ്രപ്രദേശിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ഹിമാചല്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, പഞ്ചാബ്, തെലങ്കാന, സിക്കിം എന്നിവയാണ് മാനേജര്‍മാര്‍ നിശ്ചയിക്കപ്പെട്ട മറ്റു സംസ്ഥാനങ്ങള്‍.

We use cookies to give you the best possible experience. Learn more