സാമ്പത്തിക മാന്ദ്യം; കടുത്ത സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് ഇന്ത്യന്‍ കമ്പനികളിലെ ഉദ്യോഗസ്ഥര്‍; ലഭിക്കുന്ന കോളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് ഡോക്ടര്‍മാര്‍
India
സാമ്പത്തിക മാന്ദ്യം; കടുത്ത സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് ഇന്ത്യന്‍ കമ്പനികളിലെ ഉദ്യോഗസ്ഥര്‍; ലഭിക്കുന്ന കോളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 11:05 am

ന്യൂദല്‍ഹി: സര്‍വ മേഖലയിലും സാമ്പത്തികമാന്ദ്യം പിടിമുറുക്കിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ വിവിധ കമ്പനികളിലെ ഉദ്യോഗസ്ഥന്‍മാരും തൊഴിലാളികളും

ഉറക്കമില്ലാത്ത രാത്രികളും, ഉത്കണ്ഠയും ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദ്ദവുമാണ് ഉദ്യോഗസ്ഥരെ ഇപ്പോള്‍ വേട്ടയാടുന്നത്. മാനസികമായി വലിയ പിരിമുറുക്കത്തിലാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോസ്ഥന്‍മാര്‍ എന്നാണ് വിവിധ പഠനങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനപ്പെട്ട നഗരങ്ങളിലെ സൈക്കോളജിസ്റ്റുകളേയും സൈക്യാട്രിസ്റ്റുകളേയും സമീപിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കുറഞ്ഞ കാലത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്.

കഠിനമായ ജോലി ഷെഡ്യൂളുകളെ കുറിച്ചും യാഥാര്‍ത്ഥ്യബോധമില്ലാത്ത ലക്ഷ്യങ്ങളെക്കുറിച്ചും ജോലി നഷ്ടപ്പെടുമെന്ന ഭയത്തെക്കുറിച്ചുമാണ് മിക്കവരും പരാതിപ്പെട്ടുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ആറ് മാസക്കാലത്തിനിടെ വിഷാദം, ഉത്കണ്ഠ സംബന്ധമായ രോഗങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായാണ് വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.

കോസ്‌മോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസ് (സിഎംബിഎസ്) നടത്തിയ പഠനം പ്രകാരം മുതിര്‍ന്ന പ്രൊഫഷണലുകള്‍ക്കിടയില്‍ മാനസികാരോഗ്യം ഇല്ലാതാകുന്നതിന്റെ തോതില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് കാണിക്കുന്നത്.

കമ്പനി ജീവനക്കാര്‍ക്കായി സഹായ പദ്ധതികള്‍ തയ്യാറാക്കുന്ന ഒപ്റ്റം നടത്തിയ പഠനത്തില്‍ പറയുന്നത് ജോലി സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന പരാതികളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിലേറെ വര്‍ധനവ് ഉണ്ടായതെന്നാണ്.

‘ജോലി സംബന്ധമായ സമ്മര്‍ദ്ദവും സാമ്പത്തിക കാര്യങ്ങളിലുള്ള ഉത്കണ്ഠയുമായി ബന്ധപ്പെട്ട കാര്യങ്ങളും പങ്കുവെക്കാനെത്തുന്നത് പ്രൊഫഷണലുകള്‍ മാത്രമല്ല, സ്വയംതൊഴില്‍ സംരംഭകരും അവരുടെ പങ്കാളികളും അടക്കമാണ്’ സി.ഐ.എം.എം ബി.എസിലെ മനോരോഗവിദഗ്ദ്ധയായ ശോഭന മിത്തല്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂരിഭാഗം കേസുകളിലും, പ്രൊഫഷണലുകള്‍ സാമ്പത്തിക തകര്‍ച്ചയുമായും ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയും ബിസിനസ്സിലെ നഷ്ടവുമെല്ലാമാണ് ഡിപ്രഷന് കാരണമായി പറയുന്നത്. സാമ്പത്തിക അനിശ്ചിതത്വമാണ് എല്ലാവരേയും ഒരുപോലെ ബാധിക്കുന്നത്- വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ചില സന്ദര്‍ഭങ്ങളില്‍, സാമ്പത്തിക നഷ്ടവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും ആത്മഹത്യയിലേക്ക് വരെ ചിലരെ നയിക്കുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്.

തങ്ങള്‍ക്ക് വന്നുകൊണ്ടിരിക്കുന്ന കോളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെന്നാണ് ഒപ്റ്റം ഇന്റര്‍നാഷണലിന്റെ ബിസിനസ് (ഇന്ത്യ) മേധാവി അംബര്‍ ആലം പറയുന്നത്.

ഓട്ടോമൊബൈല്‍, ടെലികോം, റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍ തുടങ്ങി സാമ്പത്തിക മാന്ദ്യത്തെ കൂടുതല്‍ സ്വാധീനിച്ച മേഖലകളില്‍ നിന്നാണ് ധാരാളം കോളുകള്‍ വരുന്നതെന്നാണ് കൗണ്‍സിലര്‍മാരും മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
കൗണ്‍സിലിംഗ് തേടുന്നതിന് പ്രൊഫഷണലുകള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വര്‍ദ്ധിച്ചുവരുന്ന സ്‌ട്രെസ് ലെവലിനെക്കുറിച്ച് ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ പ്രൊമോട്ടര്‍മാര്‍ക്കും സിഇഒമാര്‍ക്കും അറിയാം, പക്ഷേ പ്രശ്നത്തിന് കൃത്യമായ പരിഹാരമില്ല. ‘സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് ഒരാള്‍ സ്വന്തം വഴികള്‍ കണ്ടെത്തണം,”എന്നാണ് മാരികോ ചെയര്‍മാന്‍ ഹര്‍ഷ് മരിവാല പറയുന്നത്.

മൊത്തത്തില്‍, മത്സര അന്തരീക്ഷം വര്‍ധിച്ചു. ഇതുമൂലം സ്ഥാപനങ്ങള്‍ക്ക് ശാശ്വതമായ വിജയം നേടുകയെന്നത് ബുദ്ധിമുട്ടാവുന്നുണ്ട്. ഇതിന് പുറമെ മൂലധന വിപണിയില്‍ നിന്നുള്ള പ്രതീക്ഷ കുറഞ്ഞു. സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്തു- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നിന്നും ഉണ്ടായ പുതിയ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പരിശോധനകളുമാണ് പല കമ്പനികളിലേയും ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് ആക്കം കൂട്ടിയത്. മാത്രമല്ല മൊത്തത്തിലുള്ള അന്തരീക്ഷവും മാറി.- വ്യവസായ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

ഇതുകൂടാതെ, വലിയ നഗരങ്ങളിലെ ജീവിതം അതിന്റേതായ സമ്മര്‍ദ്ദത്തോടെയാണ് വരുന്നത്.”വ്യത്യസ്ത ആളുകള്‍ സമ്മര്‍ദ്ദത്തോട് വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്. ഒരു ബിസിനസ്സ് പശ്ചാത്തലത്തില്‍, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം, ബിസിനസ് വലിയ തോതില്‍ ഇടിവ് നേരിടുമ്പോള്‍ അവര്‍ ചെലുത്തുന്ന സമ്മര്‍ദ്ദം അതിരുകടക്കും.

ഈ സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത ടാര്‍ഗെറ്റ് നല്‍കുകയും അത് നേടിയെടുക്കാന്‍ കഴിയാതെ വരുന്നതോടെ വ്യക്തി കടുത്ത സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയും ചെയ്യും- ”ആദിത്യ ബിര്‍ള ഗ്രൂപ്പിലെ കാര്‍ബണ്‍ ബ്ലാക്ക് ബിസിനസ് സി.ഇ.ഒ സാന്‍ട്രപ്റ്റ് മിശ്ര പറഞ്ഞു.