| Wednesday, 12th February 2020, 12:48 pm

'ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റ് പാര്‍ട്ടികളെയാണോ ഏല്‍പ്പിച്ചിരിക്കുന്നത്? ആം ആദ്മിയുടെ വിജയത്തില്‍ പുളകം കൊള്ളുന്നത് എന്തിനാണ്'; ചിദംബരത്തോട് കോണ്‍ഗ്രസ് നേതാവ് ഷര്‍മ്മിഷ്ട മുഖര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ 63 സീറ്റും നേടി ഭരണതുടര്‍ച്ച നിലനിര്‍ത്തിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് അഭിനന്ദനമറിയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനെ വിമര്‍ശിച്ച് ദല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും പ്രണബ് മുഖര്‍ജിയുടെ മകളുമായ ഷര്‍മ്മിഷ്ട മുഖര്‍ജി.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മറ്റ് സംസ്ഥാന പാര്‍ട്ടികളെയാണോ ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് ചിദംബരത്തിന്റെ ട്വീറ്റിന് മറുപടിയായി ഷര്‍മ്മിഷ്ട മുഖര്‍ജി ചോദിച്ചത്. സ്വന്തം പാര്‍ട്ടിയുടെ പരാജയത്തില്‍ ആശങ്കപ്പെടാതെ ആം ആദമിയുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നത് എന്തിനാണെന്നും ഷര്‍മ്മിഷ്ട മുഖര്‍ജി ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” താങ്കളോട് എല്ലാ ബഹുമാനത്തോടെയും ഒരു കാര്യം ചോദിക്കട്ടെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മറ്റ് സംസ്ഥാന പാര്‍ട്ടികളെയാണോ എല്‍പ്പിച്ചിരിക്കുന്നത്. അല്ലായെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ പരാജയത്തില്‍ ആശങ്കപ്പെടുന്നതിന് പകരം എന്തിനാണ് ആം ആദ്മിയുടെ വിജയത്തില്‍ അഭിമാനിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുന്നതാകും നല്ലത്” ഷര്‍മ്മിഷ്ട മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.

ചൊവ്വാഴ്ച്ചയാണ് ദല്‍ഹിയില്‍ അധികാരം നിലനിര്‍ത്തിയ ആം ആദ്മിയെ അഭിനന്ദിച്ച് പി.ചിദംബരം ട്വീറ്റ് ചെയ്തത്.

‘ ആം ആദ്മി വിജയിച്ചു, ദല്‍ഹി ജനത ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെയും അപകടകരമായ അജണ്ടകളെയും പരാജയപ്പെടുത്തി.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് മികച്ച ഒരു മാതൃകകാണിച്ചു കൊടുത്ത ജനങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു” എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിദംബരത്തിന്റെ ട്വീറ്റിന് നിരവധി വിമര്‍ശനങ്ങളാണ് ലഭിച്ചത്. നിങ്ങള്‍ കോണ്‍ഗ്രസല്ലേ, നിങ്ങളുടെ പാര്‍ട്ടിക്ക് ഇനി ഒരു തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിയില്ലെന്ന് ഇത്ര ഉറപ്പാണോ എന്ന് നിരവധി പേരാണ് ചിദംബരത്തോട് ചോദിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാത്തതില്‍ താങ്കള്‍ക്ക് ഒരു ആശങ്കയും ഇല്ലേ എന്നായിരുന്നു മറ്റൊരു കൂട്ടര്‍ ചോദിച്ചത്.

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയമാണ് കോണ്‍ഗ്രസിനെ ഇക്കുറിയും കാത്തിരുന്നത്. ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത കോണ്‍ഗ്രസിന് ആകെ പോള്‍ ചെയ്ത വോട്ടിന്റെ അഞ്ച് ശതമാനം മാത്രമാണ് നേടാനായത്.

We use cookies to give you the best possible experience. Learn more