ഗുവാഹത്തി: അസം പൊലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അഭിഭാഷകന്‍. ആരീഫ് ജാവ്ദര്‍ എന്ന ദല്‍ഹിയിലെ അഭിഭാഷകനാണ് പരാതി നല്‍കിയത്.
രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമതലയേറ്റതിനുശേഷം ആരംഭിച്ച വ്യാജ ഏറ്റമുട്ടലുകളെക്കുറിച്ചാണ് ആരീഫ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
ജൂണ്‍ ഒന്നിന് ശേഷം, കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് നേരെയോ റെയ്ഡുകള്‍ക്കിടയിലോ 20 ലധികം എന്‍കൗണ്ടറുകള്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ അഭിഭാഷകന്‍ പറയുന്നു. ഇതില്‍ കുറഞ്ഞത് അഞ്ച് സംഭവങ്ങളിലെങ്കിലും പ്രതി മരിച്ചിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
ഞായറാഴ്ച മാത്രം സെന്‍ട്രറല്‍ അസമില്‍ രണ്ട് പൊലീസ് എന്‍കൗണ്ടറുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചെറിയ തോതിലുള്ള കുറ്റവാളികളെ അസം പൊലീസ് വ്യാജ ഏറ്റുമുട്ടലുകളില്‍ വെടിവെച്ചുകൊന്നുവെന്നും പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന വാദം നിരത്തിയാണ് പൊലീസ് എന്‍കൗണ്ടര്‍ നടത്തുന്നതെന്നും ആരീഫ് പരാതിയില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കസ്റ്റഡി എന്‍കൗണ്ടറുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു, കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ഇത്തരം നടപടികള്‍ ഒരു മാനദണ്ഡമായിരിക്കണമെന്നാണ് ഹിമന്ത പറഞ്ഞത്.