പൂര്‍ണനഗ്‌നനായി പബ്ലിക്കില്‍ വന്നാലും സ്വന്തം ചോയിസ് എന്ന പേരില്‍ തടയാന്‍ പാടില്ലെന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്; ഇടകലര്‍ന്നിരിക്കാനുള്ള മുറവിളി ബസ് സ്റ്റോപ്പില്‍ മാത്രമല്ല: വിസ്ഡം
Kerala News
പൂര്‍ണനഗ്‌നനായി പബ്ലിക്കില്‍ വന്നാലും സ്വന്തം ചോയിസ് എന്ന പേരില്‍ തടയാന്‍ പാടില്ലെന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്; ഇടകലര്‍ന്നിരിക്കാനുള്ള മുറവിളി ബസ് സ്റ്റോപ്പില്‍ മാത്രമല്ല: വിസ്ഡം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th July 2022, 7:33 pm

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കുന്നതിലൂടെ നടക്കുന്നത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി കരിക്കുലത്തില്‍ കൊണ്ടുവരാനുള്ള നെഗറ്റീവ് നീക്കമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. ആണ്‍-പെണ്‍ കാഴ്ചപ്പാടില്‍ വലിയ വ്യത്യാസമുണ്ടാകാന്‍ പോകുന്ന പ്രക്രിയയാണ് നടക്കാന്‍ പോകുന്നതെന്നും ഇത് നേരിട്ട് കുട്ടികളിലേക്ക് പാഠപുസ്തകത്തിലൂടെയും ക്ലാസ് മുറികളിലൂടെ പ്രായോഗികമായും നടപ്പാകുന്നതോടെ പാശ്ചാത്യ സംസ്‌കാരത്തിലേക്ക് നാം പറിച്ച് മാറ്റപ്പെടുകയാണെന്നും വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് പറഞ്ഞു. കരിക്കുലം പരിഷ്‌കരണത്തിന് കാഹളം മുഴങ്ങുമ്പോള്‍? എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കുന്നതിന്റെ സാധ്യത പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ച ചെയ്യുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ സംബന്ധിച്ച് സമൂഹ ചര്‍ച്ചക്ക് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ കരട് കുറിപ്പിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ അഭിപ്രായമറിയിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കരിക്കുലം കോര്‍ കമ്മിറ്റി യോഗത്തില്‍ അംഗങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ പരിഗണിക്കേണ്ട 25 വിഷയ മേഖലകള്‍ സംബന്ധിച്ച കുറിപ്പിലാണ് ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം പ്രത്യേകം ചര്‍ച്ചക്കുവെച്ചിട്ടുള്ളത്. ലിംഗഭേദമില്ലാത്ത യൂണിഫോം, സ്‌കൂളുകള്‍ മിക്‌സഡ് ആക്കി മാറ്റല്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നത് ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ നീക്കം. ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ് മുറികളില്‍ സമത്വത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന ചോദ്യം കരട് രേഖയില്‍ മുന്നോട്ടുവെക്കുന്നണ്ട്. ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ടെന്നും ചര്‍ച്ചക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നുണ്ടെന്നും ടി.കെ അഷ്റഫ് പറഞ്ഞു.

ചര്‍ച്ചകള്‍ക്ക് ശേഷം കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും സര്‍ക്കാറും അംഗീകാരം നല്‍കുന്നതോടെ പാഠ്യപദ്ധതി ചട്ടക്കൂട് അധിഷ്ഠിതമായ പാഠപുസ്തക പരിഷ്‌കരണത്തിലേക്ക് പ്രവേശിക്കുമെന്നാണ് അറിയുന്നത്.
ഇത്രയും കാലം നമ്മുടെ നാട്ടില്‍ നിലനിന്ന് പോന്ന ആണ്‍-പെണ്‍ കാഴ്ചപ്പാടില്‍ വലിയ വ്യത്യാസമുണ്ടാകാന്‍ പോകുന്ന ഒരു പ്രക്രിയയാണ് നടക്കാന്‍ പോകുന്നത്. ഇത് നേരിട്ട് കുട്ടികളിലേക്ക് പാഠപുസ്തകത്തിലൂടെയും ക്ലാസ് മുറികളിലൂടെ പ്രായോഗികമായും നടപ്പാകുന്നതോടെ പാശ്ചാത്യന്‍ സംസ്‌കാരത്തിലേക്ക് നാം പറിച്ച് മാറ്റപ്പെടുകയാണ്.

ഇടകലര്‍ന്നിരിക്കാനുള്ള മുറവിളി ബസ് സ്റ്റോപ്പില്‍ മാത്രമല്ല. വിദ്യാലയത്തിലും ജീവിതത്തിന്റെ എല്ലാ മേഖലയിലും വരാന്‍ പോകുന്നു. ഇത് കേവലം ഇരുത്തത്തില്‍ മാത്രം ഒതുങ്ങില്ല. പരസ്പരം ചുംബിക്കുന്നതും വാരിപ്പുണരുന്നതും മാത്രമല്ല, പൂര്‍ണനഗ്‌നനായി പബ്ലിക്കില്‍ വന്നാല്‍ പോലും ‘സ്വന്തം ചോയിസ്’ എന്ന പേരില്‍ തടയാന്‍ പാടില്ലന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മൃഗരതിയും ശവഭോഗവും വരെ ന്യായീകരിക്കുന്ന ലിബറലുകളാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ, നിങ്ങള്‍ എന്തിന് ഇതില്‍ ഇടപെടുന്നുവെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് എന്തിനാണ് പൊതു വിദ്യാലയത്തില്‍ ഇത് അടിച്ചേല്‍പ്പിക്കുന്നത് എന്നാണ്. മുമ്പ് കൃഷി ഒരു സംസ്‌കാരമാണെന്ന തീം എല്ലാ പാഠപുസ്തകങ്ങളിലും ഉള്‍പ്പെടുത്തിയിരുന്നത് പോസിറ്റീവായ നീക്കമായിരുന്നു. ഇതുപോലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയം കരിക്കുലത്തില്‍ ഉപ്പുപോലെ ലയിപ്പിക്കാനുള്ള നെഗറ്റീവ് നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം വന്ന ശേഷം നടന്ന സമരങ്ങള്‍ നമുക്ക് ഓര്‍മ്മയുണ്ട്. അവസാനം ആ പേജ് ഒഴിവാക്കി ഉത്തരവിറക്കി പ്രശ്‌നം പരിഹരിച്ചു. അതുപോലെ ഈ ആശയം ഏതെങ്കിലും ഒരു പേജിലോ ആക്ടിവിറ്റിയിലോ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. കരിക്കുലത്തില്‍ അടപടലം ലയിച്ച് ചേരും. ഇടപെടല്‍ ഇപ്പോഴാണ് ആവശ്യമായിട്ടുള്ളത്. സമൂഹത്തില്‍ നിന്ന് കാര്യമായ പ്രതികരണമൊന്നുമില്ലങ്കില്‍ എല്ലാം അതിവേഗം നടപ്പാകുമെന്നും ടി.കെ. അഷ്റഫ് പറഞ്ഞു.

ധാര്‍മികത കാത്തു സൂക്ഷിക്കണമെന്ന് കരുതുന്ന, കുടുംബ സംവിധാനം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരും ഈ വിഷയത്തില്‍ ഇടപെടണം. അധ്യാപക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സമുദായ സംഘടനകള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ ഉണര്‍ന്നിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പി.ടി.എ കമ്മിറ്റികള്‍ എന്നിവയും വിഷയ പഠനം നടത്താന്‍ ശ്രദ്ധിക്കണം.
ജന്‍ഡര്‍ ന്യൂട്രാലിറ്റി പാശ്ചാത്യന്‍ നാടുകളില്‍ ജന്‍ഡര്‍ ഡിസ്‌ഫോറിയയിലേക്ക് വഴിമാറിയതിന്റെ പേരില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

പാശ്ചാത്യര്‍ ലിബറല്‍ സംസ്‌കാരത്തിന്റെ കെടുതികളില്‍ ശ്വാസം മുട്ടിയശേഷം നമ്മുടെ കുടുംബ സംവിധാനത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ അവരുടെ വഴിയിലേക്ക് തിരിച്ച് നടക്കുന്നത് വിവേകശൂന്യതയാണ്.
ജന്‍ഡര്‍ പൊളിറ്റിക്‌സ് സംബന്ധിച്ചുള്ള ചതിക്കുഴികള്‍ അറിയാതെ ഏതാനും ലിബറല്‍ വാദികളുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ളവരുടേയും അജണ്ടകള്‍ക്ക് കരിക്കുലം കീഴൊതുങ്ങിയാല്‍ വലിയ വില നാം നല്‍കേണ്ടി വരുമെന്നും ടി.കെ.അഷ്റഫ് പറഞ്ഞു.

CONTENT HIGHLIGHTS: Wisdom Islamic Organization says that the provision of seats in state schools without distinction between boys and girls is a negative move to bring gender neutrality into the curriculum.