| Saturday, 8th July 2023, 10:30 am

ഷാജന്റെ അറസ്റ്റ് വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കണം: മാധ്യമവേട്ടയെന്ന നിലപാട് ശരിയല്ല: വിസ്ഡം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മറുനാടന്‍ മലയാളിയെ സാധാരണ മീഡിയകളുടെ കൂട്ടത്തില്‍ എണ്ണി നോര്‍മലൈസ് ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്. മാധ്യമപ്രവര്‍ത്തിന്റെ തണലില്‍ വിദ്വേഷ പ്രസരണം നടത്തുന്ന മറുനാന്റെ ഉടമ
ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിക്കലാണ് പ്രതിപക്ഷ ധര്‍മമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു ടി.കെ. അഷ്‌റഫിന്റെ പ്രതികരണം.

മുഖ്യധാര മാധ്യമങ്ങളോടൊപ്പം മറുനാടനേയും ചേര്‍ത്ത് നിര്‍ത്തി അയാള്‍ക്കെതിരെയും മാധ്യമവേട്ടയാണ് നടക്കുന്നത് എന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്നും ടി.കെ. അഷ്‌റഫ് പറഞ്ഞു.

‘കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തെ കാന്‍സര്‍ കണക്കെ കാര്‍ന്ന് തിന്നുന്ന സമീപനമാണ് മറുനാടന്റെ വീഡിയോകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്. അദ്ദേഹത്തിന്റെ നാവു കൊണ്ട് തൊഴി കിട്ടിയ നിരപരാധികള്‍ നിരവധിയാണ്.

ഏതൊരു സംഭവത്തിലും പരമനിന്ദയും പരസ്പര വിദ്വേഷവും ജനിപ്പിക്കുന്ന വിധം നിഷ്‌കളങ്കരായ മനസുകളില്‍ തീ കോരിയിടുന്ന പണിയാണ് അദ്ദേഹം എടുത്തിരുന്നത്.
മറുനാടന്റേത് ശരിയായ വഴിക്കുള്ള മാധ്യമ പ്രവര്‍ത്തനമല്ല എന്നാണ് അദ്ദേഹത്തിനെതിരില്‍ ചാര്‍ജ് ചെയ്ത കേസില്‍ ഹൈക്കോടതി പോലും മുന്‍കൂര്‍ ജാമ്യം നല്‍കാതിരിക്കാന്‍ പറഞ്ഞ ന്യായം. ന്യായമായും അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചു. സുപ്രീം കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചു കൊണ്ട് ഒളിവില്‍ കഴിയുകയാണ് അദ്ദേഹം.

മാധ്യമ പ്രവര്‍ത്തനത്തിന്റെ തണലില്‍ വിദ്വേഷ പ്രസരണം നടത്തുന്ന ഈ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിക്കലാണ് പ്രതിപക്ഷ ധര്‍മ്മം. അത് ചെയ്യാതെ മുഖ്യധാര മാധ്യമങ്ങളോടൊപ്പം മറുനാടനേയും ചേര്‍ത്ത് നിര്‍ത്തി അയാള്‍ക്കെതിരെയും മാധ്യമവേട്ടയാണ് നടക്കുന്നത് എന്ന് പറയുന്നത് ശരിയായ നിലപാടല്ല. പൊലീസ് മറുനാടന്റെ ഓഫീസില്‍ കയറിയതും ജീവനക്കാരോട് പെരുമാറിയതും മറ്റൊരു രീതിയിലാണ് വിമര്‍ശന വിധേയമാക്കേണ്ടത്,’ ടി.കെ. അഷ്‌റഫ് പറഞ്ഞു.

സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും മറുനാടന്‍ മലയാളിയെ പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
മറുനാടന്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന ബാക്ടീരിയയാണെന്നും സി.പി.ഐ.എം വിമര്‍ശനത്തിന്റെ പേരില്‍ മറുനാടന് നല്‍കുന്ന പിന്തുണ മതേതര ചേരിയെ തകര്‍ക്കുന്ന നിലപാടാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജന്റെ പരാതിയിലുള്ള കേസില്‍ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയ ഒളിവില്‍ പോയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മറുനാടന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയത് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിവാദമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം സംഘടനാ നേതാക്കള്‍ വിമര്‍ശനവുമായി എത്തുന്നത്.

Content Highlight: Wisdom Islamic Organization says that Congress’s stance of normalizing marunadan malayali by counting them as normal media is objectionable

We use cookies to give you the best possible experience. Learn more