ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് നിപ്പിളും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഗ്രെയ്പ് വാട്ടറും അയച്ചുകൊടുത്ത് ബി.ജെ.പി.
മുഖ്യമന്ത്രിയായതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അനുമോദനച്ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ കുമാരസ്വാമിയെ പരിഹസിക്കാനായിരുന്നു ബി.ജെ.പിയുടെ ഈ നീക്കം.
ബെംഗളൂരവിലെ വിധാന്‍ സൗധയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസിലാണ് ബി.ജെ.പി നേതാവായ മഞ്ജുനാഥ് ആറ് ബോട്ടില്‍ ഗ്രെയ്പ് ബോട്ടിലും ആറ് നിപ്പിളും അയച്ചുനല്‍കിയത്.
മുഖ്യമന്ത്രിയായതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അനുമോദനച്ചടങ്ങിനിടെയായിരുന്നു കുമാരസ്വാമി വികാരാധീനനായത്.
ഇടറിയും വിതുമ്പിയുമായിരുന്നു പ്രസംഗം. “ഞാന്‍ ഒരു തരത്തിലും സന്തോഷവാനല്ല. കൂട്ടുമന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരിക്കുന്നത് വിഷം വിഴുങ്ങുന്നത് പോലെയാണ്. കാളകൂട വിഷം വിഴുങ്ങിയ ശിവനെ പോലെ ആ വേദന ഞാന്‍ കുടിച്ചിറക്കുകയാണ് “- എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.
എന്നാല്‍ ഇതിന് പിന്നാലെ കുമാരസ്വാമി പറഞ്ഞ കോണ്‍ഗ്രസാണെന്ന പ്രചരണവുമായി ബി.ജെ.പിക്കാര്‍ രംഗത്തെത്തി. എന്നാല്‍ താന്‍ ഒരിക്കലും അത് ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവനയെ ബി.ജെ.പിക്കാര്‍ വളച്ചൊടിക്കുകയായിരുന്നെന്നും വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യവുമായി നിലവില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും കാളകൂടവിഷം കഴിക്കേണ്ടി വന്ന ശിവന്റെ അവസ്ഥയിലാണ് താനെന്ന പ്രസ്താവന കോണ്‍ഗ്രസിനെ ഉദ്ദേശിച്ചല്ലെന്നും താന്‍ മുഖ്യമന്ത്രിയാകാന്‍ ഇഷ്ടപ്പെടാത്ത ഒരു വിഭാഗത്തെയാണ് താന്‍ വിഷമെന്ന് ഉദ്ദേശിച്ചതെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.
ഏറെ നാടകീയമായിട്ടായിരുന്നു കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സംഖ്യം അധികാരം പിടിച്ചെടുത്തത്. കേവല ഭൂരിപക്ഷം നേടുന്നതിനായുളള മാന്ത്രികസംഖ്യ കടക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ വന്നതോടെ കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത്.