ന്യൂയോര്‍ക്ക്\ടോക്കിയോ: അമേരിക്കയും ജപ്പാനുമടക്കമുള്ള രാജ്യങ്ങളില്‍ അതിശൈത്യം തുടരുന്നു. മഞ്ഞുവീഴ്ചയിലും ശീത കൊടുങ്കാറ്റിലുമായി യു.എസില്‍ ഇതുവരെ 62 പേരും ജപ്പാനില്‍ 17 പേരും മരിച്ചതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ന്യൂയോര്‍ക്ക് നഗരമായ ബഫലോയില്‍ (Buffalo) മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. വടക്കേ അമേരിക്കയില്‍ ആഞ്ഞടിച്ച ശീത കൊടുങ്കാറ്റ് മൂലം നഗരത്തില്‍ ആയിരക്കണക്കിനാളുകള്‍ക്ക് വൈദ്യുതി ലഭ്യമാകുന്നില്ല എന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.എസിലുടനീളം അതിശൈത്യവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിലായി കുറഞ്ഞത് 62 പേര്‍ മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ സ്ഥിരീകരിച്ച 28 മരണവും ബഫലോയിലാണ്.
ഡ്രൈവിങ് നിരോധനം നിലനില്‍ക്കുന്ന ബഫലോ നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കുന്നതിന് സൈനിക പൊലീസിനെ നിയോഗിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
അതിശൈത്യം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടക്കുന്നതും ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്.
ശീത കൊടുങ്കാറ്റ് കാരണം ചൊവ്വാഴ്ച രാവിലെ മാത്രം 4800 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. യു.എസിലുനീളമുള്ള വിവിധ വിമാനത്താവളങ്ങളിലായി ആയിരക്കണക്കിന് യാത്രക്കാരാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നതെന്ന് ബഫല്ലോ നഗരം ഉള്‍പ്പെടുന്ന ന്യൂയോര്‍ക്കിലെ എറി കൗണ്ടിയിലെ (Erie County) ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ഇതുവരെ 17 പേര്‍ മരണപ്പെട്ടു. 90ലധികം പേര്‍ക്ക് പരിക്കേറ്റതായും വിവിധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ജപ്പാനിലും
പടിഞ്ഞാറന്‍ തീരത്തുമാണ് ശൈത്യവും മഞ്ഞുവീഴ്ചയും ഏറ്റവും രൂക്ഷമായിരിക്കുന്നതെന്നാണ് കാലാവസ്ഥാ ഉദ്യോഗസ്ഥരുടെ നിരീക്ഷണം.
കാറുകള്‍ റോഡുകളില്‍ കുടുങ്ങിക്കിടക്കുകയും ഡിസംബര്‍ പകുതി മുതല്‍ ഡെലിവറി സേവനങ്ങള്‍ തടസപ്പെടുകയും ചെയ്തിട്ടുണ്ട്.
ജപ്പാനിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്ന് കഴിഞ്ഞയാഴ്ച ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (Japan Meteorological Agency) റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജപ്പാനില്‍ കാലാവസ്ഥ മോശമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്.
Content Highlight: winter storm and Heavy snowfall causes deaths in America and Japan