World News
അമേരിക്കയില്‍ അതിശൈത്യവും കൊടുങ്കാറ്റും: ഇരുപതിലേറെ മരണം; വെള്ളത്തിനായി വലഞ്ഞ് ജനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 18, 12:20 pm
Thursday, 18th February 2021, 5:50 pm

ടെക്‌സാസ്: അതിശൈത്യത്തിലും കൊടുങ്കാറ്റിലും വിറങ്ങലിച്ച് അമേരിക്ക. ടെക്‌സാസില്‍ വീശിയടിച്ച ശീത കൊടുങ്കാറ്റില്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയിലാണ് ടെക്‌സാസ് ഇപ്പോള്‍. -18 ഡിഗ്രി സെല്‍ഷ്യസാണ് പ്രദേശത്തെ താപനില.

തണുപ്പില്‍ നിന്നും രക്ഷ നേടാനായി ഹീറ്ററുകളും മറ്റു സൗകര്യങ്ങളും ആളുകള്‍ അമിതമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വൈദ്യുതിക്കും ക്ഷാമം നേരിടുകയാണ്.

പ്രസിഡന്റ് ജോ ബൈഡന്‍ ടെക്‌സാസിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് നേരത്തെ തന്നെ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ശീതക്കാറ്റിന് പിന്നാലെ മഞ്ഞിലും ഐസിലും പൂര്‍ണ്ണമായും മൂടപ്പെട്ട നിലയിലാണ് ടെക്‌സാസ്.

തണുപ്പ് വര്‍ധിച്ചതോടെ പൈപ്പുകള്‍ പൊട്ടി തകര്‍ന്നു. ഇതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. 2,60,000ത്തിലേറെ പേരെയാണ് ഈ പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നാണ് ടെക്‌സാസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോബി ബേക്കര്‍ അറിയിച്ചത്.

വെള്ളം ഐസായി പൈപ്പുകള്‍ പൊട്ടിതെറിക്കുന്നത് ഒഴിവാക്കാനായി പലരും ടാപ്പുകള്‍ മുഴുവന്‍ സമയവും തുറന്നിടുകയാണ്. എന്നാല്‍ ഇത് വലിയ ജലക്ഷാമത്തിലേക്ക് നയിക്കുമെന്നും അതിനാല്‍ ടാപ്പുകള്‍ തുറന്നിടരുതെന്നും ഹൂസ്റ്റണ്‍ മേയറായ സില്‍വസ്റ്റര്‍ ടേര്‍ണര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വൈദ്യുതിയില്ലാത്തതിനാല്‍ വെള്ളം ചൂടാക്കി കുടിക്കാന്‍ സാധിക്കാത്തവര്‍ കുപ്പി വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Winter storm and freezing temperature in Texas, USA