| Tuesday, 11th December 2018, 7:52 am

മോദിയ്ക്ക് ഇന്ന് ഇരട്ട പരീക്ഷണം; തെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം പാര്‍ലമെന്റ് സമ്മേളനവും ഇന്ന് ആരംഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനൊപ്പം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനും ഇന്ന് തുടക്കമാകും. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന സഭ കൂടിച്ചേരലില്‍ റാഫേല്‍, സി.ബി.ഐ, ആര്‍.ബി.ഐയിലെ പ്രതിസന്ധി, ബുലന്ദ്ശഹറിലെ ഗോരക്ഷക കലാപം, ഇ.വി.എം അട്ടിമറി ആരോപണങ്ങള്‍, രാമക്ഷേത്രം എന്നിവ സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കും. ആര്‍.എല്‍.എസ്.പി നേതാവായ ഉപേന്ദ്ര കുശ്വാഹ മന്ത്രിസ്ഥാനം രാജിവെച്ചതും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.

അടുത്ത മാസം എട്ടിനാണ് സഭ പിരിയുക.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന അവസാന പാര്‍ലമെന്റ് സമ്മേളനമാണിത്. തിങ്കളാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ദേശീയ പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളിലും ചര്‍ച്ച നടത്താമെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ യോഗത്തെ അറിയിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനായി കഴിഞ്ഞ ദിവസം 21 പ്രതിപക്ഷ കക്ഷികള്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. എസ്.പിയും ബി.എസ്.പിയും ഒഴികെയുള്ള കക്ഷികളാണ് പങ്കെടുത്തിരുന്നത്. ഈ കക്ഷികളുടെ ഐക്യവും പാര്‍ലെമന്റില്‍ കാണാനാവും.

അതേസമയം അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതും വിജയ്മല്ല്യയ്‌ക്കെതിരായ നീക്കവുമായിരിക്കും സഭയില്‍ എന്‍.ഡി.എ കക്ഷികള്‍ ഉന്നയിക്കുക.

We use cookies to give you the best possible experience. Learn more