ലണ്ടന്‍: ഫലസ്തീന്‍ രാഷ്ട്രത്തെ യു.കെ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് മുന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുമകന്‍ ലോര്‍ഡ് നിക്കോളാസ് സോംസ്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുള്ള ബില്ലിനെ അനുകൂലിച്ച് നിക്കോളാസ് ഹൗസ് ഓഫ് ലോര്‍ഡ്സില്‍ സംസാരിച്ചു.
അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബന്ധരാണെന്നും സോംസ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനായി ലേബര്‍ സര്‍ക്കാരിനെ പിന്തുണക്കുമെന്നും നിക്കോളാസ് സോംസ് വ്യക്തമാക്കി.
ഫലസ്തീന്റെ യു.എന്‍ അംഗത്വ ബിഡിനെ പിന്തുണക്കുന്നതില്‍ യു.കെ പരാജയപ്പെട്ടത് തത്വത്തില്‍ തെറ്റാണെന്നും അത് ബ്രിട്ടന്റെ വിശ്വാസ്യതയെയും സ്വാധീനത്തെയും ദുര്‍ബലപ്പെടുത്തിയെന്നും സോംസ് പറഞ്ഞു.
ജോണ്‍ മേജറിന്റെ സര്‍ക്കാരില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ച ലോര്‍ഡ് നിക്കോളാസ് സോംസ്, നിലവിലുള്ള കണ്‍സര്‍വേറ്റീവ് നേതൃത്വത്തിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായാണ് പ്രതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാരിനും പങ്കുണ്ടെന്ന് സ്വതന്ത്ര ബ്രിട്ടീഷ് എം.പിയായ ജെര്‍മി കോര്‍ബിന്‍ പ്രതികരിച്ചിരുന്നു. പിന്നാലെ കോര്‍ബിന്റെ വാദത്തിന് പിന്തുണയുമായി കൂടുതല്‍ ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തെത്തിയിരുന്നു.
ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടി എം.പിമാരായ റിച്ചാര്‍ഡ് ബര്‍ഗണ്‍, ബ്രയാന്‍ ലീഷ്മാന്‍, ഡയാന്‍ അബോട്ട്, സ്വതന്ത്ര എം.പി സാറാ സുല്‍ത്താന, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ ബ്രെന്‍ഡന്‍ ഒഹാര, ഗ്രീന്‍ പാര്‍ട്ടി സഹനേതാവ് കാര്‍ല ഡെനിയര്‍ എന്നിവരാണ് കോര്‍ബിനേയും അദ്ദേഹത്തിന്റെ സ്വതന്ത്ര മുന്നണിയിലെ അംഗങ്ങളേയും പിന്തുണച്ച് രംഗത്തെത്തിയത്.
ഗസയിലെ ബ്രിട്ടന്റെ ഇടപെടുലകളില്‍ ‘ചില്‍ക്കോട്ട്’ (ഇറാഖ് യുദ്ധത്തിലെ ബ്രിട്ടന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം) രീതിയില്‍ അന്വേഷണം നടത്തണമെന്നാണ് ജെര്‍മി കോര്‍ബിന്‍ ആവശ്യപ്പെട്ടിരുന്നത്.
അന്വേഷണം ആവശ്യപ്പെട്ട് മാര്‍ച്ച് നാലിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ക്ക് കോര്‍ബിന്‍ അയച്ച കത്തില്‍ ഇസ്രഈലിന്റെ സൈനിക നടപടികളില്‍ ബ്രിട്ടന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. കത്തില്‍ ഇറാഖ് അധിനിവേശത്തിൽ നടന്ന ചില്‍കോട്ട് അന്വേഷണത്തെക്കുറിച്ചും കോര്‍ബിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ ഒരിടവേളയ്ക്ക് ശേഷം ഗസയില്‍ ഇസ്രഈല്‍ വീണ്ടും ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കവെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്.
ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഗസയിലുടനീളം 400ലധികം പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ സിറ്റി, ഡെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈല്‍ നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമായിരുന്നു ഇത്.
Content Highlight: Winston Churchill’s grandson urges Britain to recognise Palestinian state