ഖത്തറിൽ കൊടിയേറിയ ഫിഫ ലോകകപ്പ് ഉത്സവം അവസാനിച്ചിരിക്കുകയാണ്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രഞ്ച് പടയെ മറികടന്ന് ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് കിരീടം ഉയർത്തി.
ഇതോടെ തങ്ങളുടെ മൂന്നാം ലോക കിരീടം സ്വന്തമാക്കാനും ഇതിഹാസ താരം മെസിക്ക് ഒരു ലോകകപ്പ് കിരീടം എന്ന കോടിക്കണക്കിന് ആരാധകരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനും അർജന്റൈൻ ടീമിന് സാധിച്ചു.
എന്നാൽ നിലവിൽ വന്ന പുതിയ ഫിഫ പുരുഷ റാങ്കിങ്ങിലും ബ്രസീൽ ഫുട്ബോൾ ടീം തന്നെയാണ് ഒന്നാമത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രസീലിനെ മറികടക്കാൻ കോപ്പ, ഫൈനലിസിമ, ലോകകപ്പ് എന്നീ ടൈറ്റിലുകൾ നേടിയിട്ടും അർജന്റൈൻ ടീമിന് സാധിച്ചില്ല.
നിലവിൽ വന്ന പുതിയ ഫിഫ പുരുഷ റാങ്കിങ്ങിൽ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, നിലവിലെ ലോക, ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയാണ് രണ്ടാം സ്ഥാനത്ത്. മുൻ ചാമ്പ്യൻമാരായ ഫ്രാൻസ് മൂന്നാം സ്ഥാനത്തുള്ളപ്പോൾ ബെൽജിയം നാലാ മതും ഇംഗ്ലണ്ട് അഞ്ചാമതുമെത്തി.
Argentina are NOT number one in FIFA’s latest update to the world rankings… 👀📊 pic.twitter.com/Gt1WvlwITf
— Sky Sports Football (@SkyFootball) December 19, 2022
ലോകകപ്പ് ക്വാർട്ടർ ഫൈനലിസ്റ്റുകളായ നെതർലൻഡ്സ് ആറാം സ്ഥാനത്തെത്തിയപ്പോൾ ക്രൊയേഷ്യ ഏഴാമതെത്തി.
നിലവിലെ യൂറോ ചാമ്പ്യൻമാരും ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാതിരുന്ന ടീമുമായ ഇറ്റലിയാണ് ഏട്ടാമത്. റൊണാൾഡോയുടെ പോർച്ചുഗൽ ഒമ്പതാം സ്ഥാനവും സ്പെയ്ൻ പത്താം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ, ഖത്തർ ലോകകപ്പിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച മൊറോക്കൊയാണ് പതിനൊന്നാം സ്ഥാനത്ത്.
സ്വിറ്റ്സർലൻഡ് പന്ത്രണ്ടാമതും യു.എസ്.എ പതിമൂന്നാമതും എത്തിയപ്പോൾ ശക്തരായ ജർമൻ ഫുട്ബോൾ ടീമാണ് റാങ്കിങ്ങിൽ പതിനാലാം സ്ഥാനത്ത്. മെക്സിക്കോ പതിനഞ്ചാമത് എത്തുമ്പോൾ, ഉറുഗ്വേ പതിനാറാമതും കൊളംബിയ പതിനേഴാമതും എത്തി.
സ്കാൻഡനേവിയൻ മേഖലയിൽ നിന്നുള്ള ഡെൻമാർക്കാണ് പതിനെട്ടാമതുള്ളത്. സെനഗൽ പത്തൊമ്പതാമതെത്തിയപ്പോൾ ജപ്പാനാണ് ഇരുപതാം സ്ഥാനത്ത്.
ബ്രസീലിന്റെ പേരിൽ മൂന്ന് ലോകകപ്പ് വിജയങ്ങളും രണ്ട് തോൽവിയുമാണുള്ളത്. കാമറൂണിനോട് ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റ ബ്രസീൽ പിന്നീട് ക്രൊയേഷ്യയോട് ക്വാർട്ടർ ഫൈനലിലും പരാജയപ്പെട്ടു. അർജന്റീന ആറ് വിജയവും ഒരു തോൽവിയുമാണ് ലോകകപ്പിൽ നിന്നും നേടിയത്.
പോയിന്റ് ടേബിളിൽ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത് മൊറോക്കൊയാണ്. 11 സ്ഥാനം മെച്ചപ്പെടുത്തിയ മൊറോക്കൊ 1998ലെ തങ്ങളുടെ പത്താം സ്ഥാനം എന്ന റെക്കോർഡിന്റെ തൊട്ടടുത്തെത്തി. പക്ഷെ 2015ൽ 95 എന്ന നമ്പറിലേക്ക് റാങ്കിങ് താഴ്ന്ന മൊറോക്കയുടെ ഉജ്വലമായ തിരിച്ച് വരവാണ് ഖത്തർ ലോകകപ്പിൽ സംഭവിച്ചത്.
വെയിറ്റേജ് പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഫിഫ ടീമുകൾക്ക് റാങ്കിങ് നൽകുന്നത്. പുതിയ റാങ്കിങ് ചൊവ്വാഴ്ച ഔദ്യോഗികമായി ഫിഫ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Content Highlights:winning the World Cup, But Argentina could not overcome Brazil