'ഇന്ത്യയുടെ സ്വന്തം സൂം ആപ്പ്'; പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരം'; ടെക്‌ജെന്‍ഷ്യ ഉടമ ജോയി സെബാസ്റ്റിയന്‍
Details Story
'ഇന്ത്യയുടെ സ്വന്തം സൂം ആപ്പ്'; പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരം'; ടെക്‌ജെന്‍ഷ്യ ഉടമ ജോയി സെബാസ്റ്റിയന്‍
ആര്യ. പി
Saturday, 22nd August 2020, 5:01 pm

 

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനത്തെത്തിയതിന്റെ അഭിമാനത്തിലാണ് ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റിയന്‍.

ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ജോയിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പായ ടെക്‌ജെന്‍ഷ്യ വികസിപ്പിച്ച വീ കണ്‍സോളിനെയാണ് രണ്ടായിരത്തോളം കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വിജയിയായി തെരഞ്ഞെടുത്തത്.

ഒരു കോടി രൂപയും മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപകരണങ്ങള്‍ക്കുള്ള കരാറുമായിരുന്നു സമ്മാനം. കേന്ദ്ര ഇലക്ട്രോണിക്, ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് ഓണ്‍ലൈന്‍ ലൈവിലൂടെയായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്.

ആദ്യഘട്ടമായി 12 കമ്പനികളെ ഷോര്‍ട് ലിസ്റ്റ് ചെയ്യുകയും അവര്‍ക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നല്‍കുകയും ചെയ്തു. അവര്‍ സമര്‍പ്പിച്ച പ്രോട്ടോടൈപ്പുകള്‍ വിലയിരുത്തി മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയും അന്തിമ ഉല്‍പന്നം വികസിപ്പിച്ചെടുക്കാനായി 20 ലക്ഷം രൂപ വീതം മൂന്നു കമ്പനികള്‍ക്കും നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ വികസിപ്പിച്ച ഉല്‍പന്നങ്ങള്‍ പരിശോധിച്ചാണ് വിദഗ്ദ്ധരടങ്ങിയ ജൂറി ടെക്‌ജെന്‍ഷ്യയെ തെരഞ്ഞെടുത്തത്.

വളരെ അഭിമാനത്തോടെയാണ് ഈ നേട്ടത്തെ താന്‍ കാണുന്നതെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ തങ്ങളുടെ കഠിനാധ്വാനമാണ് ഈ നേട്ടത്തിന് പിന്നില്ലെന്നുമാണ് ജോയി സെബാസ്റ്റിയന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘ഒരു ടെക്‌നോളജി മത്സരം തന്നെയാണ് നടന്നത്. ഒന്നാം സ്ഥാനത്ത് എത്താന്‍ പറ്റുക എന്നത് ഇപ്പോഴത്തെ നിലയില്‍ അത്ര എളുപ്പമല്ല. കാരണം മികച്ച ഒരുപാട് ടെക്കികള്‍ ഉള്ള ഒരു രാജ്യമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഇത്രയും കമ്പനികളെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താനാവുമെന്ന് കരുതിയിരുന്നില്ല. ഞങ്ങളുടെ ടീമിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ കഠിനാധ്വാനത്തിന്റേയും ശ്രമത്തിന്റേയും ഫലമാണ് ഈ നേട്ടത്തിന് പിന്നില്‍. ഇന്ത്യന്‍ ഇന്നൊവേഷന്‍ ചലഞ്ച് വന്നതുകൊണ്ട് മാത്രം പെട്ടെന്ന് ഉണ്ടായ ഒരു കാര്യമല്ല ഇത്’, ജോയി പറയുന്നു.

പ്രൊപ്പോസല്‍ അയക്കുമ്പോള്‍ അത് പരിഗണിക്കുമോ എന്ന് പോലും തനിക്ക് അറിയില്ലായിരുന്നെന്നും ഇന്ത്യയിലെ വലിയ കമ്പനികള്‍ പങ്കെടുക്കുന്നതുകൊണ്ട് തന്നെ അവര്‍ക്കായിരിക്കും പ്രാധാന്യം കിട്ടുക എന്ന് തോന്നിയിരുന്നെന്നും അദ്ദേഹം പറയുന്നു. ടെക്ക് ജെന്‍ഷ്യ എന്ന പേര് പോലും പലര്‍ക്കും അറിയില്ല. പക്ഷേ ആദ്യഘട്ടത്തിലെ പന്ത്രണ്ട് പേരില്‍ ഒരാളായപ്പോള്‍ ഞങ്ങള്‍ക്ക് ചെറിയൊരു ആത്മവിശ്വാസമൊക്കെ തോന്നി. ഞങ്ങള്‍ക്ക് കഴിവ് തെൡയിക്കാനുള്ള ഒരു അവസരം വന്നു എന്ന് അപ്പോള്‍ മനസിലായി.

ഇന്ത്യയില്‍ ഈ ടെക്‌നോളജിയില്‍ ഇത്രയും കാലം റിസേര്‍ച്ച് ചെയ്തിട്ടുള്ള വേറൊരു കമ്പനി ഇല്ല എന്നകാര്യം ഞങ്ങള്‍ക്കുറപ്പായിരുന്നു. അതും ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടി.

പലരും വീഡിയോ കോണ്‍ഫറന്‍സിങ് ചെയ്യുന്നുണ്ട്. കൊവിഡ് കാലം കൂടി ആയതോടെ നിരവധി കമ്പനികള്‍ വീഡിയോകോണ്‍ഫറന്‍സിങ് എന്ന് പറഞ്ഞ് വരുന്നുമുണ്ട്. എന്നാല്‍ അത് ഏത് തരം ടെക്‌നോളജിയാണെന്നും അത് ഏത് ലെവല്‍ വരെ പോകുമെന്നുമുള്ള അറിവ് ഞങ്ങള്‍ക്കുണ്ട്. കാരണം ഈ സ്ട്രീമില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ റിസേര്‍ച്ചുകളും സ്ഥിരമായി നിരീക്ഷിക്കുകയും അതിനെ ഫോളോ ചെയ്യുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. ടെക്‌നിക്കല്‍ വേള്‍ഡില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എല്ലാം അതുകൊണ്ട് തന്നെ അറിയാം.

ഇന്ത്യയില്‍ പുതുതായി വരുന്ന പല കമ്പനികളും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഏതൊക്കെയാണെന്ന് വരെ ഞങ്ങളുടെ എഞ്ചിനിയേഴ്‌സിന് പറയാന്‍ കഴിയും. അതുകൊണ്ട് തന്നെ ഒരു സാധ്യത ഞങ്ങള്‍ക്കുണ്ടെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു’ എന്നാണ് ജോയിയുടെ വാക്കുകള്‍.

എം.സി.എ ബിരുദധാരിയായ ജോയി സെബാസ്റ്റിയന്‍ വര്‍ഷങ്ങളായി വീഡിയോ കോണ്‍ഫറന്‍സിംഗുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. 2000ല്‍ അവനീര്‍ എന്ന കമ്പനിയില്‍ വെബ് ഓഡിയോ കോണ്‍ഫറന്‍സിംഗിലാണ് തുടക്കം. എന്നാല്‍ 2006 ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനി പൂട്ടി. അതിന് ശേഷം 2009ലാണ് ജോയി ടെക്‌ജെന്‍ഷ്യ ആരംഭിക്കുന്നത്.

അവനീറിന്റെ ഉടമയായ ജെയിംസിനു വേണ്ടി വീഡിയോ കോണ്‍ഫറന്‍സിംഗ് റിസര്‍ച്ച് ആന്‍ഡ് ഡെലവലപ്‌മെന്റ് ചെയ്താണ് ടെക്‌ജെന്‍ഷ്യ ആരംഭിച്ചത്. പിന്നീട് യൂറോപ്പിലേയും യു.എസിലേയും ഏഷ്യയിലേയും പല കമ്പനികള്‍ക്കും വേണ്ടി വീഡിയോ കോണ്‍ഫറന്‍സ് ഡൊമൈനില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ടെക്‌ജെന്‍ഷ്യ ഏറ്റെടുത്തിരുന്നു.

അപ്പോഴൊന്നും സ്വന്തമായി ഒരു ഉല്‍പന്നത്തെപ്പറ്റി ആലോചിച്ചിരുന്നില്ലെന്ന് ജോയി പറയുന്നു. 2014-15 ഒക്കെ ആയപ്പോഴേക്കും വീഡിയോ കോണ്‍ഫറന്‍സിങ് ഉപയോഗിക്കുന്ന കമ്പനികളുടെ ഓര്‍ഡറുകള്‍ ടെക്‌ജെന്‍ഷ്യയ്ക്ക് ലഭിച്ചു തുടങ്ങി. അതില്‍ നിന്നും ചെറിയ തോതില്‍ വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്തു. ആ ഘട്ടത്തിലാണ് കൊവിഡിന്റെ കടന്നുവരവും കേന്ദ്രസര്‍ക്കാര്‍ ഇന്നൊവേഷന്‍ ചലഞ്ച് കൊണ്ടുവരുന്നതും.

ഇന്ത്യയില്‍ തങ്ങളുടെ സോഫ്റ്റ് വെയര്‍ ആരെങ്കിലും വാങ്ങുമെന്നോ ഉപയോഗിക്കുമെന്നോ എന്ന പ്രതീക്ഷയൊന്നും അതിന് മുന്‍പ് ഉണ്ടായിരുന്നില്ലെന്നും ജോയി പറയുന്നു.

ചലഞ്ചില്‍ പങ്കെടുക്കാനുള്ള എല്ലാ സാമഗ്രികളും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ സാഹചര്യം വ്യത്യസ്തമാണ്. എല്ലായിടത്തും നെറ്റ് വര്‍ക്ക് ഒരുപോലെ ലഭിക്കില്ല. കുറഞ്ഞ നെറ്റ് വര്‍ക്ക് ഉള്ളിടത്തുപോലും ഇത് വര്‍ക്ക് ചെയ്യിപ്പിക്കണം. അത് വലിയ വെല്ലുവിളിയാണ്.

യൂറോപ്പിലേയും യു.എസിലേയും പോലെയല്ല. അവിടെ എല്ലായിടത്തും നല്ല നെറ്റ് വര്‍ക്ക് ലഭിക്കും. അവര്‍ക്ക് നല്‍കിയ ടെക്‌നോളജി പോര നമുക്ക്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ വളരെ സെന്‍സിറ്റീവ് ആണ് വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍. യൂട്യൂബ് കാണുമ്പോള്‍ നെറ്റ് വര്‍ക്ക് ഇല്ലെങ്കില്‍ അത് വലിയ രീതിയില്‍ ബാധിക്കില്ല. ആളുകള്‍ അത് സഹിക്കും. പക്ഷേ വീഡിയോ കോണ്‍ഫറന്‍സില്‍ അത് പറ്റില്ല.
വീഡിയോ കോണ്‍ഫറന്‍സിങ് എന്നത് അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന സോഫ്റ്റ് വെയര്‍ അല്ല, ജോയി പറയുന്നു.

വീ കണ്‍സോള്‍ ഇപ്പോള്‍ സര്‍ക്കാരിന് മാത്രമായിട്ടാണ് നിലവില്‍ കൊടുത്തിരിക്കുന്നതെന്നും അത് പബ്ലിക്ക് ആപ്പിലേക്ക് എത്തിയിട്ടില്ലെന്നും ജോയ് പറഞ്ഞു.

പബ്ലിക്കിന് കൊടുക്കാനോ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് പേ ചെയ്ത് യൂസ് ചെയ്യുന്ന രൂപത്തിലോക്കോ എത്തിച്ചിട്ടില്ല. പബ്ലിക് ആവുമ്പോള്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. പേയ്‌മെന്റ് മാനേജ് ചെയ്യണം. സബ്‌സ്‌ക്രിപ്ഷന്‍ ചെയ്യണം. അങ്ങനെയുള്ള ചില കാര്യങ്ങള്‍ അതില്‍ ചെയ്യാനുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഇതൊന്നും വേണ്ട. കമ്പനികള്‍ക്ക് നല്‍കാനുള്ള ആപ്പുകള്‍ നിര്‍മിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ജോയി പറയുന്നു.

സുഹൃത്തുക്കളും ഐ.ടി രംഗത്തെ വിദഗ്ദ്ധരും ഉള്‍പ്പെടെ ഒട്ടേറെ ആളുകളെ പങ്കെടുപ്പിച്ച് പലതവണ പരീക്ഷണങ്ങള്‍ നടത്തിയാണ് ജോയി വികണ്‍സോളിന് അന്തിമരൂപം നല്‍കിയത്.

കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ് ടെക്ജന്‍ഷ്യയെന്നും ഈ നേട്ടത്തില്‍ അവരെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

ഇനിയും ഒരുപാട് വലിയ ഉയരങ്ങളിലെത്താന്‍ അവര്‍ക്കാകട്ടെയെന്നും ടെക്ജന്‍ഷ്യ കൈവരിച്ച നേട്ടം കേരളത്തിലെ മറ്റു സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് പ്രചോദനമായി മാറട്ടെ എന്ന് ആശംസിക്കുന്നെന്നും പിണറായി പറഞ്ഞു.

ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോള്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായി മാറിയതില്‍ അത്യധികം സന്തോഷമുണ്ടെന്നും ആലപ്പുഴക്കാരനായ ഒരാള്‍ ഈ നേട്ടം സ്വന്തമാക്കിയതിന്റെ ആവേശത്തിമര്‍പ്പിലാണ് തങ്ങളെന്നുമായിരുന്നു മന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്.

ആലപ്പുഴയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോയിയുടെ പങ്കാളിത്തവും നേതൃത്വവുമുണ്ട്. എന്നാല്‍ ഔദ്യോഗികമായി ജോയിയെ പങ്കാളിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നെറുകയില്‍ ചൂടിയാണ് ഇനി ജോയിയുടെയും സംഘത്തിന്റെയും നില്‍പ്പ്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഇനി അവര്‍ക്ക് സമയം തികയുമോ എന്ന ആശങ്ക മാത്രമേയുള്ളൂ. ടീം ടെക്ജെന്‍ഷ്യയ്ക്ക് അഭിനന്ദനങ്ങള്‍, തോമസ് ഐസക് പറഞ്ഞു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നടന്‍ മമ്മൂട്ടി തുടങ്ങി രാഷ്ട്രീയ സിനിമാ സാസംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ ടെക്‌ജെന്‍ഷ്യയ്ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highight; winners of innovation challenge for video conferencing  Techgentsia Chief Executive Officer Joy Sebastian speaks

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.