ഹോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഉറ്റുനോക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണ 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങ് നടക്കുന്നത് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലിലായിരുന്നു.
ഗോള്‍ഡന്‍ ഗ്ലോബിലെ ഇത്തവണത്തെ നോമിനേഷനുകളില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ നേടിയ ചിത്രം ബാര്‍ബിയായിരുന്നു. ബാര്‍ബിക്ക് വിവിധ വിഭാഗങ്ങളിലായി ഒമ്പത് നോമിനേഷനുകള്‍ ലഭിച്ചു.
ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറിനാകട്ടെ എട്ട് നോമിനേഷനുകളും നേടാന്‍ സാധിച്ചിരുന്നു. കില്ലേഴ്‌സ് ഓഫ് ഫ്‌ളവര്‍ മൂണിനും പുവര്‍ തിങ്‌സിനും എഴ് നോമിനേഷനുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു.
ഇതില്‍ ഓപ്പണ്‍ഹൈമര്‍ അഞ്ച് പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍ നോളനും മികച്ച നടനായി കിലിയന്‍ മര്‍ഫിയും മികച്ച സഹനടനായി റോബര്‍ട്ട് ഡൌനീ ജൂനിയറും മികച്ച ഒറിജിനല്‍ സ്‌കോറിനായി ലുഡ്വിഗ് ഗൊറാന്‍സണും ഓപ്പണ്‍ഹൈമറിന് വേണ്ടി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി. ഒപ്പം മികച്ച മോഷന്‍ പിക്ചറായി ഓപ്പണ്‍ഹൈമര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ബാര്‍ബിക്ക് ആകെ രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളാണ് നേടാന്‍ കഴിഞ്ഞത്. സിനിമാറ്റിക് ആന്‍ഡ് ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റും ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരവുമാണ് ബാര്‍ബി സ്വന്തമാക്കിയത്. ഇതില്‍ ‘വാട്ട് വാസ് ഐ മേഡ് ഫോര്‍?’ എന്ന ബില്ലി ഐലിഷിന്റെ ഗാനത്തിനാണ് ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.