ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും സന്ദിഗ്ധമായ ഒരു ഘട്ടത്തിലൂടെയാണ് സൗദി അറേബ്യയെന്ന രാജ്യം കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. സാമൂഹിക രംഗത്തെ അതിദ്രുതവും അടിമുടിയുമായുള്ള ഒരു സമഗ്ര പരിവര്‍ത്തനത്തിന്റെ കാലഘട്ടമാണ് ഇപ്പോള്‍ സൗദിയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള സാമൂഹ്യ, രാഷ്ട്രീയ നിരീക്ഷകന്മാരും സൗദിയോട് താത്പര്യമുള്ള മറ്റുള്ളവരും അതീവ ശ്രദ്ധയോടെയാണ് സൗദിയിലെ മാറ്റങ്ങളെ വീക്ഷിച്ച് കൊണ്ടിരിക്കുന്നത്.
ലോകത്തെ മുസ്ലിം വിഭാഗങ്ങള്‍ ഈ മാറ്റങ്ങളില്‍ പൊതുവേ ആശങ്കയുള്ളവരാണെന്നാണ് മനസിലാക്കുവാന്‍ സാധിക്കുന്നത്. ഇപ്പോഴത്തെ ഭരണാധികാരിയായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റേയും രാജ്യത്തിന്റെ പുതിയ ചുവട് വെയ്പുകളുടെ ആസൂത്രകനായ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേയും നേത്യത്വത്തില്‍ നടക്കുന്ന പുതിയ പരിഷ്‌കരണങ്ങള്‍ വിശകലനം ചെയ്യുന്നതിന് രാജ്യത്തിന്റെ ഇതുവരെയുള്ള രാഷ്ടീയ, സാമൂഹിക പശ്ചാത്തലങ്ങള്‍ മാത്രം പരിഗണിച്ചാല്‍ മതിയാകുകയില്ല. പുതിയൊരു സാമൂഹിക ക്രമത്തിലേക്ക് ലോകം തന്നെ നടന്നടുക്കുമ്പോള്‍ പഴയതും, ചില മതധാരകളുടെ സന്തുഷ്ടികളില്‍ മാത്രം അധിഷ്ഠിതമായതുമായ നിലപാടുകളും വീക്ഷണങ്ങളും കൊണ്ട് ഒരു രാജ്യത്തിന് എത്ര മേല്‍ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന ഒരു ചോദ്യത്തേയും കൂടി മുന്‍ നിര്‍ത്തിയാകേണ്ടതുണ്ട് ആ പരിഷ്‌കരണങ്ങളുടേയും മാറ്റങ്ങളുടേയും വിശകലനങ്ങള്‍.
പശ്ചിമേഷ്യയിലെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള ഒരു രാജ്യമാണ് സൗദി അറേബ്യ. മതപരമായും ഭൂമിശാസ്ത്രപരമായുമുള്ള സവിശേഷതകള്‍ കൊണ്ടും ജനസംഖ്യ കൊണ്ടും ആ രാജ്യം ഗള്‍ഫ് മേഖലയില്‍ ഒരു അപ്രമാദിത്വം അനുഭവിക്കുന്നുമുണ്ട്. ലോകത്തെ നൂറ്റിയന്‍പത് കോടിയോടടുത്ത് വരുന്ന മുസ്ലിം ജനതയുടെ മുഴുവന്‍ മത താത്പര്യങ്ങളുടെ പ്രതിനിധാനവും സൗദി നിര്‍വഹിച്ച് വരാന്‍ ശ്രമിക്കാറുണ്ട്. അത്‌കൊണ്ടാകണം ആഗോള മുസ്ലിംകള്‍ കക്ഷി ഭേദമന്യേ ഇപ്പോഴത്തെ പരിഷ്‌കരണങ്ങളില്‍ തങ്ങളുടെ ആകുലതകള്‍ പ്രകടിപ്പിക്കുന്നത്. മതപരമായി പറഞ്ഞാല്‍ ഒരു ദിശാപരമായ വ്യക്തതക്കുറവ് ഇപ്പോഴത്തെ മാറ്റങ്ങളില്‍ പൊതുവേ ഉണ്ട്.
എങ്കില്‍ പോലും രാജ്യം ഇതുവരെ പുലര്‍ത്തി വന്നിരുന്ന സാമൂഹികമായ നയങ്ങളില്‍ നിന്ന് മാറിക്കൊണ്ട് പുതിയ ലക്ഷ്യങ്ങളും സമീപനങ്ങളുമായി അവതരിപ്പിക്കപ്പെടുന്നവ ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം യാതൊരു എതിര്‍പ്പുകളും വെച്ച് പുലര്‍ത്തപ്പെടേണ്ടവയല്ല. മാത്രവുമല്ല, ഇന്നത്തെ കാലത്ത് ഇസ്ലാം വലിയ രീതിയില്‍ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങാന്‍ കാരണമാകുന്നതും മതപരമായി യാതൊരു തരത്തിലുമുള്ള സാധുതകള്‍ കാണാന്‍ കഴിയാത്തതുമായ ചില നിലപാടുകളിലെ പുനപ്പരിശോധനകള്‍ പ്രോത്സാഹനം അര്‍ഹിക്കുന്നത് കൂടിയാണ്.
ബ്യഹത്തായ രാഷ്ട്രീയ ചരിത്രമുള്ള ഒരു രാജ്യമാണ് സൗദി അറേബ്യ. ആലു സൗദ് രാജ വംശത്തിന്റെ ആധീനതയിലുള്ള അറേബ്യ എന്നാണ് സൗദി അറേബ്യ എന്ന വാക്കിന്റെ ആശയം. 1744ല്‍ ഇന്നത്തെ റിയാദിന്റെ പ്രാന്ത പ്രദേശങ്ങളിലായി ഒരു ഗോത്രവര്‍ഗ്ഗ ഭരണം മാത്രമായിയി സ്ഥാപിക്കപ്പെട്ട സൗദി രാജ്യം അതിന്റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. 1744 മുതല്‍ 1818 വരെ നീളുന്ന ആദ്യ ഘട്ടത്തിനും 1824 മുതല്‍ 1891വരെയുള്ള രണ്ടാം ഘട്ടത്തിനും ശേഷം 1902ല്‍ വീണ്ടും സ്ഥാപിക്കപ്പെട്ട സൗദ് രാജകുടുംബത്തിന്റെ അധികാരമാണ് ഇപ്പോഴും തുടര്‍ന്ന് വരുന്നത്.
മതപരമായ ചില പശ്ചാത്തലങ്ങളിലാണ് സൗദി രാജവംശത്തിന്റെ അധികാര ലബ്ധി കുടി കൊള്ളുന്നത്. ആഗോള തലത്തിലെ സുന്നീ ധാരയിലെ പ്രബല വീക്ഷണ രീതിയായ വഹാബി ധാരയെ പിന്‍പറ്റുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന സൗദ് രാജ കുടുംബവും അവരെ അധികാരത്തില്‍ നിലനിര്‍ത്താനായി പൂര്‍ണ പിന്തുണ നല്‍കി വരുന്ന മത നേത്യത്വവും തമ്മിലുള്ള പരസ്പര ധാരണകളിലാണ് രാജ്യം മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. അബ്ദുല്‍ അസീസ് ബിന്‍ ആലുസൗദ് സ്ഥാപിച്ച മൂന്നാം ഘട്ട സൗദി ഇതുവരെയുള്ള അതിന്റെ പ്രയാണത്തില്‍ പലപ്പോഴും പരിഷ്‌കരണ സന്നദ്ധതകള്‍ പുലര്‍ത്തുകയും സാമൂഹികമായ ചില മാറ്റങ്ങള്‍ക്കുള്ള സജ്ജത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ മതധാരകളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ധങ്ങള്‍ മൂലം അത്തരം ശ്രമങ്ങള്‍ വേണ്ടത്ര വിജയിക്കാതെ പോകുകയാണുണ്ടായത്. ഈ സമ്മര്‍ദ്ധങ്ങളെയും എതിര്‍പ്പുകളെയും കുറച്ച് കൊണ്ട് വരുന്നതിലും അവയെ അഭിമുഖീകരിക്കുന്നതിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ വിജയിക്കുന്നുവെന്നത് തന്നെയാണ് അദ്ദേഹത്തെ പ്രസക്തനാക്കി നിര്‍ത്തുന്നത്.
രാജ ഭരണവും കുടുംബ വാഴ്ചയും നിലനില്‍ക്കുന്ന സൗദിയിലെ ഭരണാധികാരികളെ തീരുമാനിക്കുന്നത് ആലുസൌദ് കുടുംബത്തിലെ പ്രമുഖര്‍ അടങ്ങുന്ന അലിജന്‍സ് കൌണ്‍സിലാണ്. അലിജന്‍സ് കൌണ്‍സിലിലെ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്തിന്റെ കിരീടാവകാശിയായി അവരോധിതനാകുന്നത്. ഭരണ മേഖലയിലെ മുഖ്യധാരയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്ന് വരവാണ് സൗദി ഇന്ന് നടപ്പിലാക്കുന്ന സാമൂഹ്യ പരിഷ്‌കരണ പദ്ധതികളുടെ ഊര്‍ജം. ദീര്‍ഘദ്യഷ്ടിയോടെയും വികാസ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയും മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്‌കരിക്കുന്ന നയങ്ങളാണ് ആധുനിക സൗദിയെ നയിക്കുന്നത് എന്ന് പറയാം.
സൗദിയിലെ മുന്‍ കിരീടാവകാശികളെ അപേക്ഷിച്ച് പ്രായം കൊണ്ട് ഏറെ പിന്നില്‍ നില്‍ക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്തെ യുവത്വത്തിന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കും എന്നാണ് ഭൂരിപക്ഷം യുവജനങ്ങളും പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതില്‍ ഭൂരിപക്ഷത്തിനും മടിയില്ല. സൗദി ജനസംഖ്യയുടെ 70 ശതമാനവും യുവാക്കളാണ് എന്നാണ് കണക്കുകള്‍. ഇതുവരെ രാജ്യം പുലര്‍ത്തി വന്നിരുന്ന തൊഴില്‍, സാമൂഹിക, സാംസ്‌കാരിക നയങ്ങള്‍ ഈ യുവത്വത്തെ ശാക്തീകരിക്കാന്‍ മതിയായതല്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ തിരിച്ചറിയുന്നുണ്ട് എന്നും സൗദി യുവത്വം വിശ്വസിക്കുന്നു. ഈ വിശ്വാസങ്ങളെ സാക്ഷാത്കരിക്കാന്‍ ഇപ്പോല്‍ അദ്ദേഹം മുന്നോട്ട് വെക്കുന്ന പരിഷ്‌കരണ, പരിവര്‍ത്തന പദ്ധതികള്‍ക്ക് സാധിക്കുമോ എന്ന നിലയിലെ ചര്‍ച്ചകളും സൗദി ജനതയ്ക്കിടയില്‍ നടക്കുന്നുണ്ട്.
ഒരു വിഷയത്തിലോ ദിശയിലോ മാത്രം അധിഷ്ഠിതമായതല്ല സൗദിയില്ലെ ഇപ്പോഴത്തെ മാറ്റങ്ങള്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുക എന്ന പൊതുലക്ഷ്യമാണ് ഈ പരിഷ്‌കരണ പദ്ധതികള്‍ക്ക് ഉള്ളതെങ്കിലും കേവലമായ സാമ്പത്തിക പരിഷ്‌കാരങ്ങളല്ല സൗദിയില്‍ നടക്കുന്നത്. മതവും സമൂഹവും സാമ്പത്തികവും അധികാരവും ഒക്കെ ഉള്‍ക്കൊള്ളുന്ന സമൂലമായ ഒരു പരിവര്‍ത്തനത്തിന്റെ ദിശയിലാണ് പരിഷ്‌കരണ പരിപാടികള്‍ പുരോഗമിക്കുന്നത്.
എണ്ണയുടെ ശക്തിയില്‍ കെട്ടിപ്പടുത്ത സാമ്പത്തിക വ്യവസ്ഥ രാജ്യത്തിന്റെ ഭാവിക്ക് ഒരു ഭീഷണിയാണെന്ന തിരിച്ചറിവുകള്‍ നേരത്തെ തന്നെ ഭരണ രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ എങ്ങനെയാണ് ബദലുകള്‍ ആവിഷ്‌കരിക്കേണ്ടത് എന്ന വിഷയത്തില്‍ നില നിന്നിരുന്ന അവ്യക്തതകള്‍ നീക്കാനും ഭാവിയെ സംബന്ധിച്ച് ഒരു ഏകദേശ ചിത്രം മുന്നില്‍ക്കാണാനും സഹായകമാകുന്ന നിലയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കങ്ങള്‍ നടക്കുന്നത്. അദ്ദേഹത്തെ പിന്താങ്ങാനും, കൂടിയാലോചനക്കും, പദ്ധതികളും ആശയങ്ങളും മുന്നോട്ട് വെക്കുന്നതിനും ഒരു പറ്റം കാഴ്ചപ്പാടുള്ള ധിഷണാ ശാലികള്‍ പിന്നിലുണ്ട് എന്നത് കൊണ്ട് ഈ പരിഷ്‌കരണങ്ങളുടെ പൂര്‍ണമായ പിത്യത്വം അദ്ദേഹത്തില്‍ മാത്രം പരിമിതമാക്കാന്‍ സാധിക്കുന്നതല്ല. എങ്കില്‍പ്പോലും ഇത്തരം നിര്‍ദേശങ്ങളുടെയും നിലപാടുകളുടേയും അപഗ്രഥനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടര്‍ന്ന് അവയുടെ നടപ്പിലാക്കലുകള്‍ക്കും അദ്ദേഹം പ്രകടിപ്പിക്കുന്ന അവധാനതയും ഇച്ഛാശക്തിയും ആസൂത്രണങ്ങളുമാണ് അദ്ദേഹത്തെ പ്രത്യേകമായി പരാമര്‍ശിക്കാന്‍ അവസരമുണ്ടാക്കുന്നത്.
സൗദി ജനതയുടെ പകുതിയോളം വരുന്നത് സ്ത്രീകളാണ്. സ്ത്രീകളും സ്ത്രീകളുടെ അവകാശങ്ങളും സൗദിക്കുള്ളിലും പുറത്തും എപ്പോഴും ഒരു ചര്‍ച്ചാ വിഷയമായിരുന്നു. സ്ത്രീ വിരുദ്ധമായതും ലിംഗനീതിയിലധിഷ്ഠിതമായതല്ലാത്തതുമായ സാമൂഹിക നിയമങ്ങളാണ് സൗദി കൈക്കൊള്ളുന്നതെന്നതായിരുന്നു വിമര്‍ശങ്ങളുടെ കാതല്‍. മതത്തിന്റേതായ അവകാശവാദങ്ങളും താത്പര്യങ്ങളും ഉയര്‍ത്തിക്കാണിച്ച് അത്തരം ചര്‍ച്ചകളെ പ്രതിരോധിക്കാനുള്ള നീക്കങ്ങളായിരുന്നു സൗദിയും സൗദിയെ അനുകൂലിക്കുന്നവരും നടത്തി വന്നിരുന്നത്.
രാജ്യത്തിന്റെ സാമൂഹിക നിലപാടുകളെ ന്യായീകരിക്കുന്നതിലും അവക്ക് പിന്തുണ നല്‍കുന്നതിലും രാജ്യത്തെ പൌരന്മാരേക്കാള്‍ കൂടുതല്‍ താത്പര്യങ്ങള്‍ ബാഹ്യ സമൂഹങ്ങളിലെ സൗദി അനുകൂലികള്‍ പ്രകടിപ്പിച്ചിരുന്നു എന്ന ഒരു പ്രത്യേകതയും കൂടി എടുത്ത് പറയേണ്ടതുണ്ട്. മതകീയ താത്പര്യങ്ങളും ഇഷ്ടങ്ങളും കൊണ്ട് സൌദി മതനേത്യത്വത്തിനും അവരുടെ നിലപാടുകള്‍ക്കും കലവറയില്ലാതെ പിന്തുണ നല്‍കുന്ന ഈ ബാഹ്യ സമൂഹത്തിനാണ് സത്യത്തില്‍ ഇപ്പോള്‍ സൗദിയിലെ ആഭ്യന്തര സമൂഹത്തേക്കാള്‍ പുതിയ മാറ്റങ്ങളില്‍ ആശങ്കകളുള്ളത്.
രാജ്യം പുലര്‍ത്തി വന്നിരുന്ന സ്ത്രീ സമീപനങ്ങള്‍ സ്ത്രീ വിരുദ്ധമായതായിരുന്നെന്ന് തുറന്ന് പ്രഖ്യാപിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തയാറായിരിക്കുകയാണ്. ഇതിന് മതത്തിന്റെ പരിവേഷം ചാര്‍ത്തപ്പെട്ടിരുന്നത് വ്യാജമായിട്ടായിരുന്നെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. സൗദി അറേബ്യയിലെ പൊതുരംഗത്ത് സ്ത്രീകള്‍ അദ്യശ്യവല്‍ക്കരിക്കപ്പെട്ട് പോയതിന് പിന്നില്‍ മതത്തിന്റെ പേരിലുള്ള വ്യാജവല്‍ക്കരണങ്ങളും അതി വാദങ്ങളും കാരണമായിട്ടുണ്ട്. ഇത്തരം അതിവാദങ്ങള്‍ സൗദിയുടെ ചരിത്രത്തില്‍ കൂട്ടിച്ചേര്‍ക്കപ്പപെട്ടതാണെന്നും അത് കൊണ്ട് ഇവയില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് പണ്ഡിതരും പൊതുസമൂഹവും തയാറാകണമെന്ന ആഹ്വാനമാണ് അദ്ദേഹം ആദ്യം ഉയര്‍ത്തിയത്.
ഈ വാദങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ലഭിച്ച ജന സ്വീകാര്യതയും പണ്ഡിതര്‍ ഇതിനൊട് അനുഭാവപൂര്‍ണമായ നിലപാടുകള്‍ സ്വീകരിച്ചതും വഴിയാണ് ആ മേഖലയില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. പൊതുനിരത്തുകളില്‍ വാഹനമോടിക്കല്‍ പോലും വിലക്കപ്പെട്ടിരുന്ന സൗദി സ്ത്രീ സമൂഹത്തിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അവരുടെ സ്വാതന്ത്ര്യ നായകനാണ്. കഴിഞ്ഞ കുറേ നാളൂകള്‍ കൊണ്ട് സൗദി സ്ത്രീ സമൂഹത്തില്‍ വലിയ വിപ്ലവങ്ങളാണ് നടക്കുന്നത്, സല്‍മാന്‍ രാജാവിന് മുമ്പ് അധികാരത്തിലുണ്ടായിരുന്ന അബ്ദുള്ള രാജാവ് തുറന്ന് വെച്ച വഴിയിടങ്ങളെ വിശാലമാക്കുകയും തെളിക്കുകയുമാണ് ഇപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെയ്യുന്നത് എന്നുംനിരീക്ഷിക്കാവുന്നതാണ്.
വിഷന്‍ 2030 എന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുമായാണ് കിരീടാവകാശി രാജ്യത്തെ അഭിമുഖീകരിക്കുന്നത്. തന്റെ ലക്ഷ്യങ്ങളും നയങ്ങളും ഇസ്ലാമിനോ ഇസ്ലാമിന്റെ അന്തസത്തകള്‍ക്കോ എതിരല്ലെന്നും ആ വിഷയത്തില്‍ താന്‍ ഒരു ചര്‍ച്ഛക്ക് പോലും താന്‍ സജ്ജനാണെന്നുമാണ് അദ്ദേഹം പ്രതികരിക്കുന്നത്. കഴിഞ്ഞ ദശകത്തില്‍ അബ്ദുള്ള രാജാവ് മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച രാജ്യത്തെ ഏറ്റവും വലിയ വനിതാ കലാലയമാണ് റിയാദിലുള്ള പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ഛതും വലുതുമായ വനിതാ കലാലയങ്ങളുടെ ഗണത്തിലാണ് അത് എണ്ണപ്പെടുന്നത്.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒന്നിച്ച് പഠിക്കാവുന്ന രാജ്യത്തെ ആദ്യത്തെ കലാലയമായ കിംഗ് അബ്ദുള്ളാ യൂണിവേഴ്‌സിറ്റിയും അബ്ദുള്ളാ രാജാവിന്റെ കാലത്താണ് ആരംഭിക്കുന്നത്. ഇത് രണ്ടിനോടും സൗദിയിലെ മത നേത്യത്വത്തിലെ ഗണ്യമായ ഒരു വിഭാഗം ശക്തമായ വിയോജിപ്പുകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് ആ വിയോജിപ്പുകളെ പരിഗണിക്കാതെ മുന്നോട്ട് പോകുകയാണുണ്ടായത്. ഇപ്പോഴത്തെ വനിതാ സ്വാതന്ത്ര്യ നിലപാടുകളും അതേ നിലയില്‍ത്തന്നെയാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തെ പരിഗണനീയമായ ശതമാനം പണ്ഡിതരെ തന്റെ നിലപാടുകളുടെ മെറിറ്റ് ബോധ്യപ്പെടുത്താന്‍ മുഹമ്മദ് ബിന്‍ സല്‍മാന് സാധിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ആ ഒരു ആത്മവിശ്വാസത്തിന്റെ ഭാഗമായി വേണം സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളെയും വിലയിരുത്താന്‍.
നിലവില്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് നിയമം മൂലം ഒരു ഡ്രസ് കോഡ് അനുശാസിക്കപ്പെടുന്നുണ്ട്. അബായ എന്ന കറുത്ത മേല്‍ വസ്ത്രം ധരിച്ച് കൊണ്ട് മാത്രമേ സ്ത്രീകള്‍ പൊതുവഴികളിലൂടെ സഞ്ചരിക്കാവൂ എന്നതാണ് ആ നിയമം. ആ ഡ്രസ് കോഡ് സൗദിയുടെ മുഖമുദ്രയായി പരിഗണിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ കറുപ്പ് വസ്ത്രം കൊണ്ട് ദേഹം മൂടി നടക്കണമെന്നത് മതത്തിന്റെ നിയമമോ ലക്ഷ്യമോ അല്ലെന്നും അതിനായി നിര്‍ബന്ധിക്കേണ്ടതില്ലെന്നുമാണ് എം.ബി.എസ് അഭിപ്രായപ്പെട്ടത്. ശിരോ വസ്ത്രത്തിന്റെ വിഷയത്തില്‍ അടിച്ചേല്‍പ്പിക്കലുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
സൗദി അറേബ്യ എന്ന രാജ്യത്തിന്റെ സ്ഥാപനത്തിന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകാന്‍ പോകുകയാണ്. 1902ല്‍ മൂന്നാം സൗദി ഭരണം ആരംഭിച്ചിരുന്നുവെങ്കിലും 1932ലാണ് സൗദി അറേബ്യ എന്ന നാമധേയത്തില്‍ ഒരു രാഷ്ട്രമായി ആ ഭരണം മാറുന്നത്. അന്നത്തെ സാമൂഹിക സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അന്നത്തെ ഗോത്രാധിഷ്ഠിതവും രാജ്യത്തെ മത വീക്ഷണങ്ങളുടെ താത്പര്യങ്ങളുടെ പേരില്‍ മാത്രം നില നില്‍ക്കുന്നതുമായ സാമൂഹിക നിയമങ്ങളുമായി ഒരു രാജ്യത്തിന് മുന്നോട്ട് കുതിക്കാന്‍ കഴിയില്ലെന്നും ഭരണകൂടം മനസിലാക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ആ ബോധ്യങ്ങളെ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതിന്റെ ഉത്തരങ്ങളാണ് ഇപ്പോള്‍ സൗദി തന്ന് കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ മുഴുവന്‍ മേഖലയിലും അദ്യശ്യമായ കരങ്ങള്‍ കൊണ്ട് പിടി മുറുക്കിയിരുന്ന മത നേത്യത്വത്തെ കൈകാര്യം ചെയ്യുന്നിടത്ത് മുഹമ്മദ് ബിന്‍ സല്‍മാന്‍ വിജയിക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ സൂചനകള്‍. ഖുര്‍ആനാണ് രാജ്യത്തിന്റെ ഭരണഘടനയെന്നത് അംഗീകരിച്ച് കൊണ്ട് തന്നെ ആ ഖുര്‍ആനെയും പ്രവാചക നിലപാടുകളെയും കാലികവും സാമൂഹ്യപരവുമായി വ്യാഖാനിക്കാനും ഉള്‍ക്കൊള്ളാനും സൗദി തയാറാകുന്നുവെന്നതിന്റെ ഒരു തെളിവാണ് ഇപ്പോള്‍ അവര്‍ പ്രഖ്യാപിച്ചിരിക്കുന്ന മത ഗവേഷണ സ്ഥാപനം. ഖുര്‍ആനെയും ഹദീസുകളെയും കൂടുതല്‍ ഉള്ളിലേക്കിറങ്ങിച്ചെന്ന് ഉള്‍ക്കൊള്ളാനും മനസിലാക്കാനും ലക്ഷ്യം വെച്ചുള്ളതാണ് പുതുതായി ആരംഭിക്കാന്‍ പോകുന്ന ഗവേഷണ സ്ഥാപനമെന്ന് വ്യക്തമാക്കപ്പെട്ട് കഴിഞ്ഞു.
തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിക്കുന്ന മറ്റൊരു ഗൌരവമായ വിഷയം. സാമ്പത്തിക, വാണിജ്യ രംഗങ്ങള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന അതി സമ്പന്നന്മാരും ശരാശരിയിലും വളരെ താഴ്ന്ന നിലയില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന പൌരന്മാരും തൊഴില്‍ ശക്തിയില്‍ മേധാവിത്വം പുലര്‍ത്തുന്ന വിദേശികളുമാണ് സൗദി തൊഴില്‍ മേഖലയില്‍ നില നില്‍ക്കുന്നത്. സൗദിയുടെ വ്യവസായ മേഖലകളെ സംബന്ധിച്ചേടത്തോളം അതി പ്രധാനമാണ് ഈ മൂന്ന് വിഭാഗവും. അധികാരത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്തിന്റെ പൊതു സ്വത്ത് കവര്‍ന്നെടുത്ത് കൊണ്ടിരുന്ന അതി സമ്പന്നന്മാരെ നിലക്ക് നിര്‍ത്തുന്നതില്‍ മുന്‍ ഭരണാധികാരികള്‍ ഒരു പരാജയമായിരുന്നെന്ന് സമ്മതിക്കേണ്ടി വരും; ഈ വിഷയത്തില്‍ കൂടുതല്‍ വിശകലനങ്ങള്‍ക്ക് മുതിര്‍ന്നാല്‍.
രാജ്യത്തിന്റെ അടിസ്ഥാന വികസനത്തില്‍ വിദേശികള്‍ നല്‍കുന്ന പങ്ക് അതീവ പ്രധാനമാണെങ്കിലും ഈ വിദേശികളില്‍ വലിയൊരു വിഭാഗം തൊഴില്‍ നിയമങ്ങളെ അവഗണിച്ചും വിവിധ മാര്‍ഗങ്ങളിലൂടെ മറികടന്നുമാണ് മുന്നോട്ട് പോയിരുന്നത്. ഇത് രണ്ടിന്റേയും ദൂഷ്യവശങ്ങള്‍ ബാധിച്ച് കൊണ്ടിരുന്നത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കളുടെ തൊഴില്‍ ലഭ്യതയിലായിരുന്നു. ഒരു രാജ്യത്തിനും അതിന്റെ യുവ ശക്തിയെ പുഷ്ടിപ്പെടുത്താതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ആധുനികവും വികസിതവും പുതിയൊരു സാമ്പത്തിക വ്യവസ്ത്ഥിതിയെ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സൗദിയെ സംബന്ധിച്ചേടത്തോളം രാജ്യത്തെ യുവജനങ്ങളെ സ്വയം പര്യാപ്തമാക്കുക, ശാക്തീകരിക്കുക എന്നതില്‍ ഒരു വിട്ട് വീഴ്ചയും ചെയ്യാന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ സൗദി അറേബ്യ നടപ്പിലാക്കുന്ന തൊഴില്‍ നിയമ ക്രമീകരണങ്ങളില്‍ കുറ്റം പറയാന്‍ നിര്‍വാഹങ്ങളൊന്നുമില്ല.
മതത്തിന്റെ പേരില്‍ നിലനിന്നിരുന്ന കുടുസുകളെ ഒന്നൊന്നായി എടുത്ത് മാറ്റുന്നതില്‍ അത്യപ്തിയുള്ള ഒരു വിഭാഗം സൗദിയില്‍ ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ തന്റെ നിലപാടുകളെ നൈതികമായി ബോധ്യപ്പെടുത്തുന്നതില്‍ വിജയിക്കാനും കാലക്രമത്തില്‍ ഇവരുടെ വിശ്വാസം കുടി ആര്‍ജിക്കാനും മുഹമ്മദ് ബിന്‍ സല്‍മാന് സാധിക്കുമെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്. മതമെന്ന പേരില്‍ തങ്ങള്‍ ആചരിച്ച് വന്നിരുന്നതും പുലര്‍ത്തി വന്നിരുന്നതുമായ സമീപനങ്ങള്‍ പലതും വാസ്തവങ്ങളായിരുന്നില്ല എന്ന് അവരെ ബോധ്യപ്പെടുത്താനായാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ മതത്തിന്റേതായ പ്രതിരോധങ്ങള്‍ക്കുള്ളൂ.
രാഷ്ട്രീയമായും അധികാരപരവുമായ ചില ബാഹ്യ നീക്കങ്ങള്‍ക്ക് എം.ബി.എസ് മുതിരുമെന്നാണ് പലരും നിരീക്ഷിക്കുന്നത്. അത് വേറെ തന്നെ വിശകലനം ചെയ്യേണ്ടി വരും. താന്‍ മണ്ടേലയും ഗാന്ധിയുമൊന്നുമല്ലെന്നും ഒരു സമ്പന്നനായ രാജ കുടുംബാംഗമാണെന്നുമുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകളില്‍ നിന്ന് ബോധ്യമാകുന്നത് ക്യത്രിമമായ ഒരു ഇമേജ് സ്യഷ്ടിക്കല്‍ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിലില്ലെന്നാണ്. താന്‍ ഒരു ഭരണാധികാരിയാണെന്നും തന്റെ ജനതക്ക് ഗുണകരമാകുന്ന നയങ്ങള്‍ ആവിഷ്‌കരിക്കലും അതിനെ അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുകലുമാണ് തന്റെ ഉത്തരവാദിത്വങ്ങളെന്നും അദ്ദേഹം വിശ്വസിക്കുന്നു എന്നും വിലയിരുത്താവുന്നതാണ്.
പുതിയ കാലത്തിന്റെ വെല്ലു വിളികളെയും സാധ്യതകളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഭരണാധികാരി എന്ന നിലയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസക്തമാകുന്നത്. അദ്ദേഹം സ്വീകരിക്കുന്ന നയങ്ങളെയും നിലപാടുകളേയും ഈയൊരു പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് വേണം വിശകലനം ചെയ്യാന്‍. യാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ചുള്ള ബോധ്യങ്ങളും നയങ്ങള്‍ നടപ്പിലാക്കുന്നിടത്തെ ഇച്ഛാശക്തിയും കരുത്തുമാണ് അദ്ദേഹത്തെ സവിശേഷമാക്കുന്നത്. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങള്‍ കൊണ്ട് പശ്ചിമേഷ്യയില്‍ സംഭവിച്ച മതത്തിന്റെ പേരിലുള്ള ഉള്‍വലിയലുകള്‍ക്കും പ്രതിലോമ നിലപാടുകള്‍ക്കും രാഷ്ട്രീയമായ ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നെന്നും അദ്ദേഹം വിലയിരുത്തുന്നു.
അവയൊക്കെ ഒരു ചെറിയ വിഭാഗത്തിന്റെ സംത്യപ്തിക്ക് വേണ്ടിയുള്ളതായിരുന്നെങ്കില്‍ ഒരു വലിയ രാഷ്ട്രത്തിനും അവിടുത്തെ ഭൂരിപക്ഷം വരുന്ന ജനതക്കും അവ എങ്ങനെയൊക്കെ പ്രതിബന്ധമാകുന്നുവെന്ന അദ്ദേഹത്തിന്റെ അന്വേഷണങ്ങളെയും അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയപരവും അധികാരപരവുമായി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഒട്ടേറെ വിയോജിക്കാനുണ്ടായേക്കാം. എങ്കില്‍ പോലും ഒരു ജനതയുടെ ഭാവിയെ മുന്നില്‍ കണ്ട് കൊണ്ട് നടത്തപ്പെടുന്ന പരിഷ്‌കരണങ്ങള്‍ പരിഗണിക്കപ്പെടാതിരിക്കാന്‍ അവയൊന്നും ഒരു ന്യായമല്ല.
പൌരാവകാശങ്ങളിലും മനുഷ്യാവകാശങ്ങളിലും സൗദി കടന്ന് ചെന്നിട്ടില്ലാത്ത മേഖലകളെക്കുറിച്ചും വിമര്‍ശങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ ഇപ്പോള്‍ രാജ്യം തുറന്ന് വെക്കുന്നത് ഇവയെയൊക്കെ ഭാവിയില്‍ അഭിസംബോധന ചെയ്യാന്‍ കഴിയുന്നെ ഒരു ജനതയുടെ സ്യഷ്ടിപ്പായിരിക്കും. മതത്തിന്റെ ചില ഭാഗികമായ വശങ്ങള്‍ വെച്ച് വിലയിരുത്തുമ്പോള്‍ യോജിക്കാനാകാത്ത പല നിലപാടുകളെയും മതത്തിന്റെ ശരിയായ ലക്ഷ്യങ്ങളും മൂല്യങ്ങളും വെച്ച് നോക്കിയാന്‍ നമുക്ക് അംഗീകരിക്കേണ്ടി വരും.