| Wednesday, 21st March 2018, 10:45 pm

സ്‌കോട്‌ലാന്‍ഡിനെ മഴ ചതിച്ചു; ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിനു ജയവും ലോകകപ്പ് യോഗ്യതയും

സ്പോര്‍ട്സ് ഡെസ്‌ക്

ദൂബായ്: 2018 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത മത്സരത്തില്‍ മഴ നിയമക്രാരം സ്‌കോട്‌ലന്‍ഡിനെ പരാജയപ്പെടുത്തി വിന്‍ഡീസ് സംഘം ലോകകപ്പിനു ടിക്കറ്റെടുത്തു. 198 റണ്ണിനു വിന്‍ഡീസിനെ വീഴ്ത്തിയ സ്‌കോടലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്ണെന്ന നിലയില്‍ നില്‍ക്കെ പെയ്ത മഴയാണ് സ്‌കോടലന്‍ഡിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വില്ലനയാത്.

സ്‌കോട്‌ലന്‍ഡ് 35.2 ഓവര്‍ പൂര്‍ത്തിയാക്കി നില്‍ക്കെയായിരുന്നു മഴ പെയ്തത്. കളി തുടരാന്‍ കഴിയാതെ വന്നതോടെ വിന്‍ഡീസ് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 5 റണ്‍സിനു വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

വിന്‍ഡീസ് ലോകകപ്പിനു യോഗ്യത നേടിയതോടെ സ്‌കോട്‌ലാന്‍ഡ് പുറത്താകുകയും ചെയ്തു. ലോകകപ്പ് പ്രവേശനത്തിനു 5 വിക്കറ്റുകള്‍ കൈയ്യിലിരിക്കെ 86 പന്തുകളില്‍ നിന്ന് 74 റണ്‍സായിരുന്നു സ്‌കോട്‌ലാന്‍ഡിനു നേടേണ്ടിയിരുന്നത്. ജോര്‍ജ്ജ് മുന്‍സി (32*), മൈക്കല്‍ ലീസ്‌ക് (14*) എന്നിവരായിരുന്നു സ്‌കോട്‌ലാന്‍ഡിനായി ക്രീസില്‍ നിന്നിരുന്നത്.

25 നു 3 എന്ന നിലയിലേക്ക് തകര്‍ന്ന സ്‌കോട്‌ലാന്‍ഡിനെ കാലം മക്ലോഡ്(21), റിച്ചി ബെറിംഗ്ടണ്‍(33) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് മുന്നോട്ട് നയിച്ചത്. മക്ലോഡിനെയും റിച്ചി ബെറിംഗ്ടണിനെയും പുറത്താക്കി ആഷ്‌ലി നഴ്‌സാണ് സ്‌കോട്‌ലാന്‍ഡിന്റെ കുതിപ്പിനു തടയിട്ടത്.

നേരത്തെ എവിന്‍ ലൂയിസ്(66), മര്‍ലന്‍ സാമുവല്‍സ് (51) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറിയുടെ പിന്‍ബലത്തിലായിരുന്നു വിന്‍ഡീസ് 199 ന്റെ വിജയലക്ഷ്യം കുറിച്ചത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ സഫ്യാന്‍ ഷെറീഫ്, ബ്രാഡ്‌ലി വീല്‍ എന്നിവരുടെ മുന്നില്‍ വിന്‍ഡീസ് ബാറ്റിങ്ങ് നിര തകര്‍ന്ന് വീഴുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സഫ്യാന്‍ ഷെറീഫ് ആണ് കളിയിലെ താരം.

We use cookies to give you the best possible experience. Learn more