Entertainment news
'സൂപ്പർസ്റ്റാർ മത്സരം കാണാൻ എത്തിയതിൽ സന്തോഷം'; മോഹൻലാൽ ഫോട്ടോ പോസ്റ്റ് ചെയ്ത് വിംബിൾഡൺ ഔദ്യോഗിക പേജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 15, 01:07 pm
Saturday, 15th July 2023, 6:37 pm

കഴിഞ്ഞ ദിവസം മോഹൻലാൽ ലണ്ടനിൽ എത്തി വിംബിൾഡൺ മത്സരം കാണുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ഇപ്പോഴിതാ വിംബിൾഡണ്ണിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും ഈ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.

‘സൂപ്പർസ്റ്റാർ മോഹൻലാൽ നിങ്ങൾ വിംബിൾഡൺ മത്സരം കാണാൻ എത്തിയതിൽ സന്തോഷം’ എന്ന അടികുറുപ്പോടെയാണ് ഔദ്യോഗിക പേജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഡിസ്നി സ്റ്റാർ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രസിഡന്റായ കെ. മാധവനൊപ്പമായിരുന്നു മോഹൻലാൽ വിംബിൾഡൺ ടെന്നീസ് പോരാട്ടം കാണാൻ എത്തിയത്.

ടൂർണമെന്റിലെ വനിത സിംഗിൾസ് സെമി ഫൈനൽ പോരാട്ടം കാണാനാണ് മലയാളത്തിന്റെ സൂപ്പർ താരം പോയത്. യുക്രെയ്ൻ താരം എലീന സ്വിറ്റോലനയും മാർക്കറ്റ വോണ്ട്രോസോവയും തമ്മിലുള്ള സെമി ഫൈനൽ മത്സരം കാണുന്ന ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

അതേസമയം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഇനി പുറത്ത് വരാനുള്ളത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടെ വാലിബനാണ് ഇതിൽ ആരാധകർ ഉറ്റുനോക്കുന്ന ചിത്രം. ഇതിനോടൊപ്പം തന്നെ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രം ജയിലറിലും മോഹൻലാൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി റാമിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിരുന്നു. ആശിർവാദ് സിനിമാസും മോഹൻലാലും നിർമിക്കുന്ന സിനിമ 2023 ഓഗസ്റ്റോടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ദൃശ്യം 2വിൽ ജോർജ്കുട്ടിയുടെ വക്കീൽ ആയി അഭിനയിച്ച അഡ്വ. ശാന്തിയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നതെന്നും കോർട്ട് റൂം ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

Content Highlight: Wimbledon offical facebook page shares the picture of Mohanlal goes viral on social media