വിംബിള്‍ഡണിലെ നാലാം ദിനത്തില്‍ പ്രമുഖ താരങ്ങളെല്ലാം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. റാഫേല്‍ നദാല്‍, നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ മറെ, മുന്‍ വെറ്ററന്‍ ചാമ്പ്യന്‍ വീനസ് വില്ല്യംസ്, സിമോണ ഹാലെപ്, കോണ്ട എന്നിവരാണ് എതിരാളികളെ തകര്‍ത്ത് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. അമേരിക്കയുടെ യങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായാരുന്നു ഫ്രഞ്ച് ഓപ്പണില്‍ മിന്നുന്ന ഫോം തുടരുന്ന നദാലിന്റെ മുന്നേറ്റം. അതേ സമയം നാലാം ദിനം വലിയ അട്ടിമറികള്‍ ഇല്ലാതെയാണ് കടന്നു പോയത്.
സ്‌കോര്‍ (62, 64, 75). 2011 ന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് നദാല്‍ വിംബിള്‍ഡണില്‍ മൂന്നാം റൗണ്ടില്‍കടക്കുന്നത്. ബ്രിട്ടന്റെ ആന്റി മറെ ജര്‍മ്മനിയുടെ ഡസ്റ്റിന്‍ ബ്രൗണിനെ അനായാസം കീഴടക്കി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. മരിയന്‍ സിലിച്ച്, സോങ്ങ, നിഷിക്കോരി മുതലായ പ്രമുഖരും മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ജീവന്‍ അംഗമായ സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ പേസ് ഭൂപതി സഖ്യത്തിന് ശേഷം ടെന്നീസ് പ്രേമികള്‍ ഉറ്റുനോക്കുന്ന സമ്പൂര്‍ണ്ണ ഇന്ത്യന്‍ ജോഡികളായ രാജ-ശരണ്‍ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
വനിതകളില്‍ മുന്‍ ചാമ്പ്യന്‍ വീനസ് മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ചൈനയുടെ വാങ്ങിനെ തോല്‍പ്പിച്ചപ്പോള്‍ ഹാലെപ് ബ്രസീലിന്റെ ഹദാദ് മായെ തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടില്‍ കടന്നത്. ആറാം സീഡ് കോണ്ട മൂന്നു സീറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ വെകിച്ചിനെ കഷ്ടിച്ച് മറികടന്നപ്പോള്‍ സ്‌പെയിനിന്റെ നുവാരോ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി.
സീഡ് ചെയ്യപ്പെടാത്ത ചൈനയുടെ പെങ് ആണ് നവാരോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തത്. വനിതകളില്‍ സിബുല്‍ക്കോവ, അസരങ്ക, ഒസ്റ്റാപെങ്കോ എന്നിവരും മൂന്നാം റൗണ്ടിലേക്ക് ടിക്കറ്റ് നേടിയിട്ടുണ്ട്. ഇത്തവണത്തെ വിംബിള്‍ഡണില്‍ ചൈനയുടെയും, ജപ്പാന്റേയും താരങ്ങള്‍ നേടുന്ന വിജയങ്ങള്‍ ശ്രദ്ധേയമാണ്. സെറീന പങ്കെടുക്കാത്തത് കൊണ്ട് തന്നെ ലി നാ ക്ക് ശേഷം ഒരു ഏഷ്യന്‍ ചാമ്പ്യന്‍ എന്ന വളരെ വിദൂരമായ സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.