| Wednesday, 5th July 2023, 4:12 pm

പ്രാര്‍ത്ഥനക്കായുള്ള മുറികളില്‍ സെക്‌സ് അനുവദിക്കില്ല; കര്‍ശന നിര്‍ദേശവുമായി വിംബിള്‍ഡണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

പ്രാര്‍ത്ഥനക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി നീക്കിവെച്ച ക്വയറ്റ് റൂമുകളില്‍ സെക്‌സ് അനുവദിക്കില്ലെന്ന കര്‍ശന നിര്‍ദേശവുമായി വിംബിള്‍ഡണ്‍ അധികൃതര്‍.

കഴിഞ്ഞ വര്‍ഷം കോര്‍ട്ട് 12ന് സമീപം ഇത്തരത്തിലുള്ള മുറികള്‍ ആളുകള്‍ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കാണിച്ചാണ് വിംബിള്‍ഡണ്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ക്വയറ്റ് റൂമുകളുടെ ‘പവിത്രത’ കാത്തുസൂക്ഷിക്കണമെന്ന് ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് ചീഫ് സെക്രട്ടറി സാലി ബോള്‍ട്ടണ്‍ വ്യക്തമാക്കി.

‘ഇത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. അതുകൊണ്ടുതന്നെ ആളുകള്‍ അത് ശരിയായ വിധത്തിലാണ് ഉപയോഗിക്കുന്നതെന്ന് ഞങ്ങള്‍ ഉറപ്പാക്കും,’ സാലി ബോള്‍ട്ടണ്‍ ടെലിഗ്രാഫിനോട് പറഞ്ഞു.

‘ആളുകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യം ആവശ്യമുണ്ടെങ്കില്‍ അതിന് ഏറ്റവും അഭികാമ്യമായ സ്ഥലം ഈ ക്വയറ്റ് റൂമുകളാണ്. അവിടെ അമ്മമാര്‍ക്ക് മുലയൂട്ടാനുള്ള സൗകര്യവും ഉണ്ടായിരിക്കും. എന്നാല്‍ അത് ശരിയായ വിധത്തില്‍ വേണം ഉപയോഗിക്കാന്‍,’ ബോള്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ചാരുകസേരകള്‍, മടക്കിവെക്കാവുന്ന തരത്തിലുള്ള മേശ, ചാര്‍ജിങ്ങിനായുള്ള സംവിധാനങ്ങള്‍ എന്നിവയാണ് ക്വയറ്റ് റൂമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷം വിംബിള്‍ഡണ്‍ ആരംഭിച്ചതോടെ ഇത്തരം ക്വയറ്റ് റൂമുകളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ അധികൃതര്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ക്വയറ്റ് റൂം എന്തിന് വേണ്ടിയുള്ളതാണെന്ന് ആളുകള്‍ മനസിലാക്കണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Content highlight: Wimbledon authorities with strict instructions that sex is not allowed in quiet rooms reserved for prayer

We use cookies to give you the best possible experience. Learn more