ഹോളിവുഡ് സിനിമയുടെ ആരാധകരായ മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ടോം ഹാങ്ക്‌സ്. കാസ്റ്റ് എവേ, ടെര്‍മിനല്‍, ഫോറസ്റ്റ് ഗംപ്, ഫിലാഡെല്‍ഫിയ തുടങ്ങി നിരവധി സിനിമകളിലൂടെ കഴിവ് തെളിയിച്ചിട്ടുള്ള താരം മികച്ച നടനുള്ള ഓസ്‌കര്‍ രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്.
2000ല്‍ റോബര്‍ട്ട് സെമെകിസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട കാസ്റ്റ് എവേ, ഈ ഴാനറിലെ ലോകത്തെ തന്നെ മികച്ച സിനിമകളിലൊന്നാണ്. സിനിമ കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവാത്ത ഒരു ‘കഥാപാത്ര’മാണ് ഇതിലെ വില്‍സണ്‍ എന്ന വോളിബോള്‍.
‘വില്‍സണ്‍’ വോളിബോള്‍ ലേലം ചെയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോസ് ഏഞ്ജലസിലെ പ്രോപ് സ്റ്റോറില്‍ ലേലത്തിന് വെച്ച വോളിബാള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്.
ഒരു കൊറിയര്‍ സ്ഥപാനത്തിലെ തൊഴിലാളിയായ ചക്ക് നോളണ്ട് പസഫിക് സമുദ്രത്തിന് മുകളില്‍ വെച്ച് അദ്ദേഹം യാത്ര ചെയ്യുന്ന വിമാനം ഒരു അപകടത്തില്‍ പെടുന്നതും തുടര്‍ന്ന് ചക്ക് മനുഷ്യവാസമില്ലാത്ത ഒരു ദ്വീപില്‍ അകപ്പെടുന്നതുമായ കഥയാണ് ചിത്രം പറയുന്നത്.