World News
ഏത് തരത്തിലുള്ള യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കിലും അവസാനം വരെ പോരാടാന്‍ തയ്യാര്‍; അമേരിക്കയെ വെല്ലുവിളിച്ച് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 05, 01:16 pm
Wednesday, 5th March 2025, 6:46 pm

ബെയ്ജിങ്: ചൈനയ്‌ക്കെതിരെ നികുതി ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്ന് അറിയിച്ച് ചൈന. അമേരിക്ക യുദ്ധം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെങ്കില്‍ അവസാനം വരെ പോരാടാന്‍ തയ്യാറാണെന്ന് ചൈനീസ് വക്താവ് അറിയിച്ചു.

യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ അതൊരു താരിഫ് യുദ്ധമായാലും ഒരു വ്യാപാര യുദ്ധമായാലും മറ്റേത് തരത്തിലുള്ള യുദ്ധമായാലും അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണ്, യു.എസിലെ ചൈനീസ് എംബസി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഫെന്റനൈല്‍ പ്രശ്‌നം പരിഹരിക്കണമെന്ന് യു.എസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങളുമായി പരസ്പര കൂടിക്കാഴ്ചയില്‍ ഏര്‍പ്പെടണമെന്നും എന്നാല്‍ യുദ്ധമാണ് ആവശ്യമെങ്കില്‍ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നും ചൈന പറഞ്ഞു.

തങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ചൈനയുടെ നടപടികള്‍ നിയമാനുസൃതവും അനിവാര്യവുമാണെന്നും ചൈനീസ് വക്താവ് പറഞ്ഞു.

ഫെന്റനൈല്‍ പ്രതിസന്ധിക്ക് കാരണം മറ്റാരുമല്ല, അമേരിക്കയാണെന്നും ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി അമേരിക്കയെ തങ്ങള്‍ സഹായിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ ശ്രമങ്ങളെ അംഗീകരിക്കുന്നതിന് പകരം തങ്ങള്‍ക്ക് മേല്‍ കുറ്റം ചുമത്താനും തീരുവ ചുമത്താനുമാണ് അമേരിക്ക ശ്രമിച്ചതെന്നും ചൈനീസ് വക്താവ് ആരോപിച്ചു.

അവരെ സഹായിച്ചതിന് അവര്‍ തങ്ങളെ ശിക്ഷിക്കുവാന്‍ ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തല്‍ ഞങ്ങളെ സ്വാധീനിക്കുന്നില്ലെന്നും പറഞ്ഞ ചൈന സമ്മര്‍ദം ചെലുത്തുകയോ നിര്‍ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ചൈനയെ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ മാര്‍ഗമല്ലെന്നും വക്താവ് പറഞ്ഞു.

നേരത്തെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 15% അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയില്‍ നിന്നുള്ള സോയ, ബീഫ് തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചിരുന്നു.

ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയതിന് സമാനമായി 15% ഇറക്കുമതി തീരുവയാണ് ചൈനീസ് സര്‍ക്കാരും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കും ചുമത്തിയിരിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 20% വരെ തീരുവ ഉയര്‍ത്തുമെന്ന ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ചൈനയുടെ നടപടി.

Content Highlight: Willing to fight to the end whatever kind of war is desired; China challenges America