| Saturday, 25th March 2023, 12:00 pm

'നിങ്ങള്‍ തിരിഞ്ഞോടുമോ?' എന്ന് സോണിയ, മറുപടിയില്ലാതെ, അറസ്റ്റ് വരിക്കാതെ മുങ്ങി ചില കോണ്‍ഗ്രസ് എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ സാധ്യമായ എല്ലാ ആയുധങ്ങളും ബി.ജെ.പി പുറത്തെടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടല്ലെന്ന് ആരോപണം. സൂറത് വിധിക്ക് ശേഷം രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്ന് രാജ്യ വ്യാപകമായ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു.

രാഹുലിനെതിരെ നടക്കുന്നത് പ്രതികാര നടപടികളാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബി.ജെ.പിയുടെ ഭീഷണികള്‍ക്ക് വഴങ്ങാത്ത ശക്തനായ പ്രതിപക്ഷ നേതാവാണ് രാഹുലെന്ന് പല കോണ്‍ഗ്രസ് നേതാക്കളും പറയുന്നു.

എന്നാല്‍ ബി.ജെ.പി ഭരണകൂടത്തിനെതിരായ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്ന തരത്തിലുള്ള നടപടികള്‍ നേതാക്കളുടെ തന്നെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

രാഹുലിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍, പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് ഇടപെട്ടാല്‍ നിങ്ങള്‍ അറസ്റ്റ് വരിക്കുമോ എന്ന് സോണിയാ ഗാന്ധി ചോദിച്ചതായി റിപ്പോര്‍ട്ട്.

സോണിയയുടെ ചോദ്യത്തോട് ഗൗരവമുള്ള പ്രതികരണം ഉണ്ടായില്ലെന്നും ഇതിനെ തുടര്‍ന്ന് എം.പിമാര്‍ക്ക് സോണിയ മുന്നറിയിപ്പ് നല്‍കിയെന്നുമാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാഹുല്‍ ആണെങ്കില്‍ നാളെ ആര്‍ക്കും ഈ വിധി വരാമെന്ന് സോണിയ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കര്‍ശന നിര്‍ദേശങ്ങള്‍ക്കിടയിലും പല കോണ്‍ഗ്രസ് എം.പിമാരും അറസ്റ്റ് വരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നിന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നാട്ടിലേക്കുള്ള മടക്കയാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തെന്ന കാരണം പറഞ്ഞാണ് എം.പിമാര്‍ അറസ്റ്റില്‍ നിന്നൊഴിഞ്ഞതെന്നും ഇവരോട് പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിനെ കൂടാതെ ഡി.എം.കെ, ആംആദ്മി എന്നിവരും ഇടതു പാര്‍ട്ടികളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. സി.പി.ഐ.എം എം.പിമാരായ എ.എം ആരിഫ്, എ.എ റഹിം, വി. ശിവദാസ്, സി.പി.ഐ എം.പിയായ പി. സന്തോഷ് കുമാര്‍ എന്നിവര്‍ മാര്‍ച്ചിനിടെ അറസ്റ്റ് വരിച്ചിരുന്നു.

ഇടത് എംപിമാര്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, കോണ്‍ഗ്രസ് എം.പിമാര്‍ വിട്ടു നിന്നതാണ് ചര്‍ച്ചക്ക് വഴി വെച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരായ രമ്യ ഹരിദാസ്, ജെബി മേത്തര്‍, കെ.സി വേണുഗോപാല്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, വി.കെ ശ്രീകണ്ഠന്‍ എന്നിവരും അറസ്റ്റ് വരിച്ചിരുന്നു.

Content Highlights: ‘Will you turn around?’ Sonia asked,  some MPs drowned without arrest

We use cookies to give you the best possible experience. Learn more