'എന്നാല്‍ പിന്നെ മുസ്‌ലീം മന്ത്രിമാരുടെ പേര് കൂടി മാറ്റിക്കോളൂ'; ബി.ജെ.പിയുടെ പേരുമാറ്റത്തിനെതിരെ യു.പി മന്ത്രി
national news
'എന്നാല്‍ പിന്നെ മുസ്‌ലീം മന്ത്രിമാരുടെ പേര് കൂടി മാറ്റിക്കോളൂ'; ബി.ജെ.പിയുടെ പേരുമാറ്റത്തിനെതിരെ യു.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th November 2018, 1:38 pm

ന്യൂദല്‍ഹി: സംസ്ഥാനങ്ങളുടേയും പ്രധാന നഗരങ്ങളുടേയും പേരുകള്‍ മാറ്റി പകരം ഹൈന്ദവ നാമങ്ങള്‍ നല്‍കുന്ന ബി.ജെ.പി നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയരുന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായി ഓം പ്രകാശ് രജ്ബാറാണ് ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

എന്തിനാണ് നഗരങ്ങളുടേയും സംസ്ഥാനങ്ങളുടേയും പേര് മാത്രം ബി.ജെ.പി മാറ്റുന്നത്. ബി.ജെ.പിയിലുള്ള മുസ്‌ലീം മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും പേരുകള്‍ കൂടി അങ്ങ് മാറ്റട്ടേ. അതല്ലേ നല്ലത്- എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

“” മുഗള്‍സരായിയുടേയും ഫൈസാബാദിന്റേയും പേരുകള്‍ ബി.ജെ.പി മാറ്റിയിരിക്കുന്നു. ബി.ജെ.പിയ്ക്ക് മുതിര്‍ന്ന മുസ ലീം നേതാക്കളുണ്ട്. കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലുമുണ്ട്. ബി.ജെ.പിയുടെ ദേശീയ വക്താവായ ഷാനവാസ് ഹുസൈനും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും യു.പി മന്ത്രി മുഹസിന്‍ റാസയും എല്ലാം മുസ്‌ലീങ്ങളല്ലേ ?ആദ്യം ബി.ജെ.പി അവരുടെ പേര് മാറ്റട്ടെ- രജ്ബാര്‍ പറഞ്ഞു.


സത്യം പറഞ്ഞില്ലെങ്കിലും കളവ് പ്രചരിപ്പിക്കരുത്; ജന്മഭൂമി വാര്‍ത്തയ്‌ക്കെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്


ഇതെല്ലാം ഒരു തരം നാടകമാണ്. ഇത്തരത്തിലൊരു പേര് മാറ്റത്തിന്റെ ആവശ്യം നിലവിലില്ല. വോട്ട് മാത്രമല്ല ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. ജി.ടി റോഡിനെ നമ്മള്‍ ഉപേക്ഷിക്കുമോ? ആരാണ് റെഡ് ഫോര്‍ട്ട് നിര്‍മിച്ചത്? ആരാണ് താജ്മഹല്‍ നിര്‍മിച്ചത്? ഇതൊന്നും വിസ്മരിക്കാന്‍ കഴിയാത്ത കാര്യമാണ്. -രാജ്ബര്‍ പറഞ്ഞു.

അടുത്തിടെയാണ് യു.പിയിലെ അലഹബാദ് പ്രഗ്യാരാജ് എന്നും ഫൈസാബാദ് അയോധ്യയെന്നും പേര് മാറ്റിയത്. ഇതേ രീതിയില്‍ അഹമ്മദാബാദിന്റേയും ഔറംഗാബാദിന്റേയും ഹൈദരാബാദിന്റേയും ആഗ്രയുടേയും പേരുമാറ്റാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി നേതാക്കള്‍.

ആഗ്രഹയെ അഗരാവണ്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് ബി.ജെ.പി എം.എല്‍.എ ജഗന്‍പ്രസാദ് ഗാര്‍ഡ് യോഗി ആദിത്യനാഥിന് കത്ത് നല്‍കിയത്.