| Monday, 1st March 2021, 6:53 pm

അവളെ വിവാഹം കഴിക്കുമോ? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന് ചോദ്യമുന്നയിച്ച് സുപ്രീം കോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ് ഈ വിചിത്ര നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നത്. ഈ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പ്രതിഭാഗം അഭിഭാഷകനോട് ഇക്കാര്യം ചോദിച്ചത്.

തന്റെ കക്ഷി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഈ കേസില്‍ അറസ്റ്റുണ്ടായാല്‍ ജോലി നഷ്ടപ്പെടുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സഹായിക്കാനാവും. ഇല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ട് നിങ്ങള്‍ക്ക് ജയിലില്‍ പോകാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് തന്റെ മാതാവ് അറിയിച്ചിരുന്നതാണെന്ന് പ്രതി കോടതിയെ അറിയിച്ചിരുന്നു. പ്രതിയുടെ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു.

‘പെണ്‍കുട്ടിയെ വിവാഹം കഴിക്കാന് ഞങ്ങള്‍ നിങ്ങളെ നിര്‍ബന്ധിക്കുകയില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളെ അറിയിക്കുക. അല്ലെങ്കില്‍ ഞങ്ങള്‍ അവളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് നിങ്ങള്‍ പറയും’, എസ്.എ ബോബ്ഡെ പറഞ്ഞു.

എന്നാല്‍ താനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും തന്നെ അറസ്റ്റ് ചെയ്താല്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്നും പ്രതി കോടതിയോട് പറഞ്ഞു. അതിനാലാണ് പ്രതിയ്ക്ക് ഈ അവസരം നല്‍കിയതെന്നും നാലാഴ്ച വരെ അറസ്റ്റ് തടയാന്‍ കഴിയുമെന്നും ബോബ്ഡെ പറഞ്ഞു. നേരത്തെ വിചാരണക്കോടതി പ്രതി അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will You Marry Her SC Asks To Rape Case Accused

We use cookies to give you the best possible experience. Learn more