| Monday, 19th August 2024, 6:53 pm

നിങ്ങള്‍ സിദ്ധരാമയ്യയോട് രാജി വെക്കാന്‍ പറയുമോ; രാഹുല്‍ ഗാന്ധിയോട് തൃണമൂല്‍ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട കേസില്‍ ബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കൊല്‍ക്കത്ത കേസില്‍ മമത സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ രാഹുല്‍ ഗാന്ധി, ‘മുഡ’ വിവാദത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് രാജി വെക്കാന്‍ ആവശ്യപ്പെടുമോ എന്ന് ചോദിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

എക്‌സില്‍ പങ്ക് വെച്ച കുറിപ്പിലാണ് രാജ്യസഭ എം.പി കുനാല്‍ ഘോഷ് രാഹുല്‍ ഗാന്ധിക്കെതിരെ ചോദ്യമുന്നയിച്ചിരിക്കുന്നത്. ‘രാഹുല്‍ ഗാന്ധി ജി, നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നോ? താങ്കളുടെ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് കടുത്ത അഴിമതി ആരോപണമാണ്.

എന്നാല്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് സത്യാവസ്ഥ ചോദിച്ച് മനസ്സിലാക്കാതെ, മമത സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ മനസിലാക്കാതെ ഏങ്ങനെയാണ് താങ്കള്‍ക്ക് ഈ വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്ക് വെക്കാന്‍ സാധിക്കുക? താങ്കള്‍ താങ്കളുടെ മന്ത്രിയോടും ഇപ്രകാരം തന്നെയാണോ പെരുമാറിയത്. എക്‌സില്‍ പങ്ക് വെച്ച കുറിപ്പില്‍ കുനാല്‍ ഘോഷ് ചോദിച്ചു. കുറിപ്പിനോടൊപ്പം സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച വന്ന വാര്‍ത്തകളും ഘോഷ് പങ്ക് വെച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരി ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ അനുശോചിച്ച് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മമത സര്‍ക്കാരിന്റെ നേതൃത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

തൃണമൂല്‍ ഭാഗമായ ഇന്ത്യാ മുന്നണിയില്‍ നിന്ന് പോലും ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുറ്റവാളിയെ സംരക്ഷിക്കുന്ന പ്രാദേശിക ഭരണകൂടത്തിന്റെ നടപടിയെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ചേദ്യം ചെയ്തു.

‘ഈയവസരത്തില്‍ ഞാന്‍ അതിജീവിതയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേരാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് എന്ത് വില കൊടുത്തും നീതി ലഭിക്കണം. കുറ്റകൃത്യത്തില്‍ പങ്കാളികളായവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണം. കുറ്റാരോപിതരെ സംരക്ഷിക്കുന്ന സമീപനം ആശുപത്രിക്കും പ്രാദേശിക ഭരണകൂടത്തിനും നേരെ ഉയര്‍ത്തുന്നത് ഗുരുതരമായ ചോദ്യങ്ങളാണ്,’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

എന്നാല്‍ ഈ വിഷയത്തില്‍ മമതാ ബാനര്‍ജി സ്വീകരിച്ച നിലപാടുകളെ പ്രശംസിച്ച് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കൊല്ലപ്പെട്ട യുവതിയുടെ പിതാവും രംഗത്തെത്തിയിരുന്നു. തനിക്ക് ബംഗാള്‍ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ അദ്ദേഹം പൊലീസ് കേസ് കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും പറഞ്ഞു.

Content Highlight: Will you ask Siddaramaiah to resign? TMC Leader to Rahul Gandhi on kolkata case

We use cookies to give you the best possible experience. Learn more