| Sunday, 7th November 2021, 2:47 pm

ബംഗാളില്‍ പുതിയ കഥയെഴുതും; നാണംകെട്ട തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ ബി.ജെ.പി പുതിയ കഥയെഴുതുമെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ദല്‍ഹിയില്‍ വെച്ച് നടക്കുന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് നദ്ദ ഇക്കാര്യം പറഞ്ഞത്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് നാളുകള്‍ക്ക് ശേഷം പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് വിളിക്കുന്നത്.

‘പശ്ചിമബംഗാളിലെ ജനങ്ങള്‍ക്കൊപ്പം എന്നും ഞാനുണ്ടാകുമെന്നും, സംസ്ഥാനത്ത് പാര്‍ട്ടി പുതിയ കഥയെഴുതുമെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു’ എന്നായിരുന്നു നദ്ദയുടെ പ്രസ്താവന.

കഴിഞ്ഞ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുക്കാന്‍ പിടിച്ച സ്വപ്‌നദാസ് ഗുപ്ത, അനുപം ഹസ്ര, കെലാഷ് വിജയവഗാരിയ തുടങ്ങിയ നേതാക്കളെ സദസിലിരുത്തിയാണ് നദ്ദ ഇക്കാര്യം പ്രഖ്യാപിച്ചത്.

നിലവില്‍ ബംഗാളില്‍ ബി.ജെ.പിയുടെ നില അല്‍പം പരുങ്ങലിലാണ്. നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നുകൊണ്ടിക്കുന്നത്. പുതുതായി ദേശീയ എക്‌സിക്യൂട്ടീവ് അംഗത്വം നല്‍കിയ രാജീബ് ബാനര്‍ജിയും പാര്‍ട്ടി വിട്ട് ടി.എം.സിയില്‍ ചേര്‍ന്നിരുന്നു.

സംസ്ഥാനത്തെ തദ്ദേശ പാര്‍ട്ടി നേതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നദ്ദ നല്‍കി. സംസ്ഥാനത്തെ എല്ലാ ബൂത്ത് ലെവല്‍ കമ്മിറ്റികളും ഡിസംബര്‍ 25നകം രൂപീകരിക്കണമെന്നതാണ് ഇതില്‍ പ്രധാനം. പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’ പരിപാടികള്‍ കേള്‍ക്കുന്നതിനായി എല്ലാ ബൂത്തുകളും പ്രത്യേക സൗകര്യങ്ങളൊരുക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വിഹിതം, ഓരോ തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോഴും വര്‍ധിക്കുകയാണെന്നും നദ്ദ പറഞ്ഞു. ജമ്മു കശ്മീരിലടക്കം മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി കാഴ്ച വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത് ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും വന്‍ മാര്‍ജിനിലായിരുന്നു തൃണമൂല്‍ സ്ഥാനാര്‍ത്ഥികളുടെ വിജയം

നാല് സീറ്റുകളിലായി 75 ശതമാനം വോട്ടാണ് തൃണമൂലിന് ലഭിച്ചത്.

ദിന്‍ഹത മണ്ഡലത്തില്‍ 1,64,089 വോട്ടുകള്‍ക്കാണ് തൃണമൂല്‍ ജയിച്ചത്. ഗോസാബ മണ്ഡലത്തില്‍ 1,43,051 വോട്ടുകള്‍ക്കും ഖര്‍ദാഹയില്‍ 93,832 വോട്ടുകള്‍ക്കും ശാന്തിപൂര്‍ മണ്ഡലത്തില്‍ 64,675 വോട്ടുകള്‍ക്കുമാണ് തൃണമൂല്‍ ജയിച്ചത്.

ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് ബി.ജെ.പി ഉന്നതാധികാര യോഗം ചേരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ, മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, എല്‍.കെ അദ്വാനി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പ് ഫലം ഗൗരവമായി തന്നെയാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.

ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിലാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമാണ് ബി.ജെ.പി കാഴ്ചവെച്ചത്.

യു.പിയടക്കമുള്ള പല സംസ്ഥാനങ്ങളും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് ചേരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Will write new story in Bengal says Nadda in National Executive meeting

We use cookies to give you the best possible experience. Learn more