ഇനി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും: ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാര്‍: പി.സരിന്‍
Kerala News
ഇനി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും: ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാര്‍: പി.സരിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th October 2024, 1:30 pm

പാലക്കാട്: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച പി.സരിന്‍ ഇനി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്നും സരിന്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണെന്നും അതിനാല്‍ താന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണെന്നും അതിന് സ്ഥാനാര്‍ഥിത്വത്തിന്റെ നിറം നല്‍കേണ്ടെന്നും സരിന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം വാര്‍ത്ത സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ ഉയര്‍ത്തിയത്. വി.ഡി. സതീശന്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യുന്നെന്നും ചിലരിലേക്ക് മാത്രം ഒതുക്കി നിര്‍ത്തുന്നെന്നുമാണ് സരിന്റെ വിമര്‍ശനം.

കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൊണ്ടു നടന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ജീര്‍ണിപ്പിച്ചതും ചില കാര്യങ്ങളിലേക്ക് മാത്രമായി കോണ്‍ഗ്രസിനെ ചുരുക്കിയതിനും കാരണക്കാരന്‍ സതീശനാണെന്നും സരിന്‍ ചൂണ്ടിക്കാട്ടി.

സതീശന് ഐ.ആം.ദി പാര്‍ട്ടി എന്ന ചിന്താഗതിയാണെന്നും താന്‍കോയ്മ, ധാര്‍ഷ്ട്യം, ധിക്കാരം എന്നിവ കൊണ്ടുനടക്കുന്ന ആളാണ് സതീശനെന്നും സരിന്‍ പറയുന്നു. സതീശന്റെ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ 2026ല്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന ആശങ്ക നിരവധി കോണ്‍ഗ്രസുകാര്‍ക്കുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയോട് മൃദു സമീപനമുള്ള സതീശന്‍ ഷാഫി പറമ്പിലിനെ വടകരയിലേക്ക് വിട്ടത് ബി.ജെ.പിയെ സഹായിക്കാനാണെന്നും പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനാണ് സതീശന്റെ നീക്കമെന്നും സരിന്‍ വിമര്‍ശിച്ചു.

സതീശന് പുറമെ രാഹുല്‍ മാങ്കൂട്ടത്തിനെതിരേയും ഷാഫി പറമ്പിലിനെതിരേയും സരിന്‍ വിര്‍ശനമുന്നയിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിനെ വളര്‍ന്ന് വരുന്ന കുട്ടി സതീശനെന്ന് വിശേഷിപ്പിച്ച സരിന്‍ ധാര്‍ഷ്ട്യവും അപക്വമായ പെരുമാറ്റങ്ങളും കൊണ്ടുനടക്കുന്ന ആളാണ് രാഹുലെന്നും കുറ്റപ്പെടുത്തി.

Content Highlight: Will work with LDF now: Willing to become Left candidate: P. Sarin