| Wednesday, 29th May 2019, 8:22 pm

'അവര്‍ തമ്മില്‍ത്തല്ലി വീട്ടില്‍ പോകും, ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്'; കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.എസ് യെദ്യൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെ.ഡി.എസും തല്ലിപ്പിരിയുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ. സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തയ്യാറാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

ജെ.ഡി.എസും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്നും അവര്‍ വേഗത്തില്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്നും യെദ്യൂരപ്പ പറഞ്ഞു.

‘സംസ്ഥാനത്തെ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ത്തല്ലി വീട്ടില്‍ പോകുമെന്ന് ഉറപ്പാണ്. ഞങ്ങള്‍ കാത്തിരിക്കും. ഞങ്ങള്‍ 105 എം.എല്‍.എമാരുണ്ട്. ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്,’ യെദ്യൂരപ്പ വ്യക്തമാക്കി.

അതേസമയം, കര്‍ണാടകയിലെ സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് കോണ്‍ഗ്രസിലെ ‘ക്രൈസിസ് മാനേജര്‍’ എന്നറിയപ്പെടുന്ന ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു. പല സംസ്ഥാനങ്ങളിലും ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ ചോര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വിട്ടുകൊടുക്കാതെ സംരക്ഷിച്ച നേതാവെന്ന നിലയിലാണ് ശിവകുമാറിനെ ക്രൈസിസ് മാനേജറെന്ന് കോണ്‍ഗ്രസ് അണികളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ 28ല്‍ 25 സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ താഴെ വീഴുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ രണ്ടു വിമത എം.എല്‍.എമാര്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു. ഇത് അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു.

ഓപ്പറേഷന്‍ ലോട്ടസിലൂടെ കൂടുതല്‍ എം.എല്‍.എമാരെ കോണ്‍ഗ്രസില്‍ നിന്ന് കൊണ്ടുവന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more