മുംബൈ: മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതില്‍ പ്രതികരണവുമായി എന്‍.സി.പി. നിയമസഭയില്‍ ബി.ജെ.പിക്കെതിരായി വോട്ടു ചെയ്യുമെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് വ്യക്തമാക്കി. ബി.ജെ.പി സര്‍ക്കാര്‍ താഴെവീണാല്‍ സംസ്ഥാന താത്പര്യത്തിന് അനുസൃതമായി തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ബി.ജെ.പിക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ കുതിരക്കച്ചവടം നടക്കുമെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ശനിയാഴ്ച രാത്രി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ കാവല്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ ക്ഷണിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തിങ്കളാഴ്ച രാത്രി എട്ടു മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാതെ തുടര്‍ന്നാല്‍ ബി.ജെ.പി വെട്ടിലാകും.
അവരൊപ്പമില്ലെങ്കില്‍ ബി.ജെ.പിക്കു ഭൂരിപക്ഷം തെളിയിക്കാനാകില്ല. 145 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എന്നാല്‍ ബി.ജെ.പിക്കുള്ളത് 105 സീറ്റ് മാത്രമാണ്. ശിവസേനയ്ക്കാവട്ടെ, 56 സീറ്റും.
അഞ്ചു വര്‍ഷവും ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന ബി.ജെ.പി നിലപാടും ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ മറ്റു വഴികള്‍ നോക്കുമെന്ന് പറഞ്ഞ ഉദ്ധവ് താക്കറെയുടെ നിലപാടുമാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ ശിവസേന എന്‍.സി.പിയെ ഒപ്പം കൂട്ടാനുള്ള നീക്കത്തിലാണ്. എന്നാല്‍ എന്‍.സി.പി ശിവസേനയെ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ബി.ജെ.പിയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചു വന്നാല്‍ എന്‍.സി.പി ഒപ്പം കൂട്ടിയേക്കും.
ശിവസേനയുമായി സഖ്യ സര്‍ക്കാരുണ്ടാക്കില്ലെന്ന് എന്‍.സി.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസും എന്‍.സി.പിയും മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അവകാശവാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ രംഗത്തു വന്നിരുന്നു.