ന്യൂദല്‍ഹി: കശ്മീരില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥ രൂക്ഷമാണെന്നും സ്വമേധയാ ശ്രീനഗര്‍ സന്ദര്‍ശിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കശ്മീര്‍ ടൈംസിന്റെ എഡിറ്റര്‍ അനുരാധ ഭാസിന്‍ ഉന്നയിച്ച കാര്യങ്ങളോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
അനുരാധ ഭാസിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ വാദങ്ങള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ കശ്മീര്‍ താഴ്‌വരയിലെ സ്ഥിതി അതേപടി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എസ്.എ ബോബ്ഡെ, എസ്.എ നസീര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
ഇതിന് മറുപടിയായി കശ്മീരില്‍ ഇന്റര്‍നെറ്റോ പൊതു ഗതാഗത സംവിധാനങ്ങളോ പുനഃസ്ഥാപിച്ചിട്ടില്ലെന്നും വൃന്ദ ഗ്രോവര്‍ കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ജമ്മു കശ്മീര്‍ ഹൈക്കോടതിയുമായി ബന്ധപ്പെടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവര്‍ വ്യക്തമാക്കി.
പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കശ്മീരിലെ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബാലാവകാശ പ്രവര്‍ത്തകന്‍ എനാക്ഷി ഗന്‍ഗുളിയും പ്രൊഫസര്‍ ശാന്ത സിന്‍ഹയും സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി പരിഗണിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട പതിനെട്ട് വയസിന് താഴെയുള്ള എല്ലാവരെയും വെറുതെവിടണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
പരാതിക്കാര്‍ക്ക് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ നേരിട്ട് സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസും നിര്‍ദ്ദേശിച്ചു.
ബാലാവകാശ പ്രവര്‍ത്തകര്‍ക്ക് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കുന്നതില്‍ ബുദ്ധിമുട്ടെന്ന് പരാതിക്കാര്‍ ബെഞ്ചിനെ അറിയിച്ചു. ‘ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന പരാമര്‍ശം വളരെ ഗൗരവമേറിയതാണ്. അത് എന്തുകൊണ്ടാണ് സാധിക്കാത്തതെന്ന് പറയാമോ?’, പരാതിക്കാരോട് ഗൊഗോയ് ചോദിച്ചു.
കശ്മീരിലെ അടിയന്തരാവസ്ഥമൂലം ആര്‍ക്കും ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു.
ജനങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ല എന്നത് വളരെ വളരെ രൂക്ഷമായ പ്രശ്‌നമാണ്. ഞാന്‍ സ്വമേധയാ ശ്രീനഗര്‍ സന്ദര്‍ശിക്കും’, ഗൊഗോയ് പറഞ്ഞു.
കശ്മീരില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ നീക്കവും പൊതുജനങ്ങളുടെ താല്‍പര്യംകൂടി മാനിച്ചാവണമെന്നും കോടതി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ