| Friday, 4th September 2020, 10:50 pm

'മുംബൈ ആരുടെയും പിതൃസ്വത്തല്ല, സെപ്റ്റംബര്‍ 9 ന് ഞാനെത്തും; തടയാന്‍ കഴിവുണ്ടെങ്കില്‍ തടഞ്ഞോളു': കങ്കണ റണൗത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച നടി കങ്കണ റണൗത്തിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. മുംബൈയില്‍ ജീവിക്കാന്‍ നടിയ്ക്ക് അവകാശമില്ലെന്നുവരെ നിരവധി പേര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കങ്കണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അടുത്ത സെപ്റ്റംബര്‍ 9 ന് താന്‍ മുംബൈയിലെത്തുമെന്നും തടയാന്‍ കഴിയുമെങ്കില്‍ തടഞ്ഞോളുവെന്നുമാണ് കങ്കണയുടെ നിലപാട്.

നിരവധി പേര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. മഹാരാഷ്ട്ര ആരൂടെയും പിതൃസ്വത്തല്ല. സെപ്റ്റംബര്‍ 9 ന് ഞാന്‍ മുംബൈയിലെത്തും. ധൈര്യമുള്ളവര്‍ ഒന്നു തടഞ്ഞു നോക്ക്- കങ്കണ ട്വീറ്റ് ചെയ്തു.

മറാത്ത സംസ്‌കാരത്തിന്റെ പെരുമ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് മഹാരാഷ്ട്രയുടെ സ്വത്തെന്നും ആ അര്‍ഥത്തില്‍ താനൊരു മറാത്ത വംശജയാണെന്ന കാര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കങ്കണ ചൂണ്ടിക്കാട്ടി.

നേരത്തേ കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. ഇന്ത്യ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയാണെന്ന കങ്കണയുടെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് റാവത്തിന്റെ പ്രതികരണം.

‘തിന്നുന്ന പാത്രത്തില്‍ തന്നെ തുപ്പുന്ന സ്വഭാവമാണ് കങ്കണയ്ക്ക്. അവര്‍ ഒരു മെന്റല്‍ കേസാണ്. അവരെ പിന്താങ്ങാന്‍ കുറച്ച് രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്ന ബലത്തിലാണ് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്നത്’- സഞ്ജയ് പറഞ്ഞു.

അവരെ പാക് അധിനിവേശ കശ്മീരിലേക്ക് വിടൂ…രണ്ട് ദിവസം അവര്‍ അവിടെ നില്‍ക്കട്ടെ. ആ ചെലവ് സര്‍ക്കാര്‍ വഹിക്കണം. ഇനി കേന്ദ്രസര്‍ക്കാരിന് പറ്റില്ലെങ്കില്‍ ഞങ്ങള്‍ ആ ചെലവ് നോക്കാം. പി.ഒ.കെ നമ്മുടെ ഭാഗമാണെന്നല്ലേ സര്‍ക്കാരും പറയുന്നത്. അവര്‍ ഏത് ഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മോദി സാഹേബ് പാക് അധിനിവേശ കശ്മീരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്. കങ്കണ ആരുടെ ഭാഗത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദികളുടെയോ, അതോ സര്‍ക്കാരിന്റെയോ? തിരിച്ചറിയാന്‍ പറ്റാത്തതാണ് അവരുടെ മാനസികാവസ്ഥ- സഞ്ജയ് പറഞ്ഞു.

കങ്കണയുടെ വിവാദ പരാമര്‍ശത്തിനെതിരെ നേരത്തേയും സഞ്ജയ് രംഗത്തെത്തിയിരുന്നു. നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്നാണ് സഞ്ജയ് പറഞ്ഞത്.

മുംബൈ പൊലീസിനെ അപമാനിക്കുന്ന തരത്തില്‍ ആരോപണമുയര്‍ത്തിയ നടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സഞ്ജയ് ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം മുംബൈയില്‍ ജീവിക്കാന്‍ കങ്കണ റണൗത്തിന് യാതൊരു അവകാശവുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞിരുന്നു.

‘മുംബൈ നഗരം സുരക്ഷിതമല്ലെന്ന് തോന്നുന്നെങ്കില്‍ ഇവിടെ കഴിയേണ്ട ഒരു കാര്യവുമില്ല. മുംബൈ പൊലീസ് നഗരത്തിന് സുരക്ഷയൊരുക്കുമെന്ന് വിശ്വാസമില്ലെങ്കില്‍ പിന്നെന്തിനാണ് ഇവിടെ താമസിക്കുന്നത്. അവര്‍ക്ക് മുംബൈയില്‍ ജീവിക്കാന്‍ യാതൊരു അവകാശവുമില്ല’- ദേശ്മുഖ് പറഞ്ഞു.

മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയായിരിക്കുന്നുവെന്ന് കങ്കണ പറഞ്ഞിരുന്നു. തനിക്ക് നേരേയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും തക്കതായ നടപടിയെടുക്കാന്‍ മുംബൈ പൊലീസിന് കഴിഞ്ഞില്ലെന്നും കങ്കണ ആരോപിച്ചു. ബോളിവുഡിലെ മാഫിയയെക്കാള്‍ ഭയമാണ് തനിക്ക് മുംബൈ പൊലീസിനെ എന്നായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്.

തുടര്‍ന്ന് ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച കങ്കണയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു.

‘മുംബൈ മേരി ജാന്‍…സ്വന്തം നിലയില്‍ ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈയില്‍ തന്നെയാണ് ജീവിതം. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് മുംബൈ. നന്ദി മുംബൈ പൊലീസ് ഈ നഗരത്തെ ഇങ്ങനെ സുരക്ഷിതമാക്കി തന്നതിന്’- എന്നായിരുന്നു സ്വര കങ്കണയ്ക്ക് മറുപടി നല്‍കിയത്.

ബോളിവുഡിലെ 90 ശതമാനം പേരും മയക്കുമരുന്നിന് അടിമകളാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് പറ്റിയ നഗരമല്ല മുംബൈ. അതിനെക്കാള്‍ കളങ്കമില്ലാത്ത രാഷ്ട്രീയ മേഖലയാവും അത്തരക്കാര്‍ക്ക് നല്ലത്’- അനുപ് സോണി ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS:  kangana dares crtics about her mumbai  visit

Latest Stories

We use cookies to give you the best possible experience. Learn more