കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്; ലിയോ പ്രമോഷന് വിജയ് വരുമോ; ഗോകുലം ഗോപാലന്റെ മറുപടി
Film News
കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്; ലിയോ പ്രമോഷന് വിജയ് വരുമോ; ഗോകുലം ഗോപാലന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th September 2023, 7:07 pm

വരുന്ന ഡിസംബറില്‍ റിലീസിന് ഒരുങ്ങുകയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോ. ചിത്രത്തിന്റെ പ്രൊമോഷനായി വിജയ് കേരളത്തിലേക്ക് എത്തുമോ എന്ന ചോദ്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്.

വിജയ് ചിത്രങ്ങള്‍ കേരളത്തില്‍ വലിയ ഹിറ്റാണെങ്കിലും അടുത്ത കാലത്തൊന്നും അദ്ദേഹം ഇവിടേക്ക് വന്നിട്ടില്ലായിരുന്നു. ലിയോ പ്രൊമോഷനായി വിജയ് കേരളത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനായി വാങ്ങിയ ഗോകുലം ഗോപാലന്‍. ജയരംവിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളാവുന്ന ഇരൈവന്റെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ഞങ്ങള്‍ ക്ഷണിക്കും. വരേണ്ടത് അവരുടെ താല്‍പര്യമല്ലേ. നിര്‍ബന്ധിച്ച് ആരേയും ക്ഷണിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ ജയംരവിയെ ക്ഷണിച്ചു. ജയംരവി ഇവിടെ വന്നു. മാനസികമായി അവര്‍ക്കും തോന്നണമല്ലോ ഇവിടെ വരണമെന്ന്. ഞാന്‍ ശ്രമിക്കുന്നുണ്ട്.

ചെറുപ്പം മുതല്‍ തന്നെ വിജയ്‌യെ എനിക്ക് അറിയാം. അദ്ദേഹത്തിന്റെ അച്ഛനാണ് എന്റെ ആദ്യത്തെ സംവിധായകന്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തതും എന്റെ പടം തന്നെയാണ്. നല്ല ബന്ധങ്ങളൊക്കെയുണ്ട്. വിജയ്‌ടെ ചില അസൗകര്യങ്ങള്‍ കാരണം ഇങ്ങോട്ട് വരുമെന്ന് എനിക്ക് തോന്നുന്നില്ല,’ ഗോകുലം ഗോപാലന്‍ പറഞ്ഞു.

ഒക്‌ടോബര്‍ 19നാണ് ലിയോ റിലീസ് ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു.

Content Highlight: Will Vijay come to Leo promotion; Answer by Gokulam Gopalan