ന്യൂദല്‍ഹി: ഗുജറാത്ത് സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാരത്തുക ലൈംഗികാക്രമണത്തിന് ഇരയായ സ്ത്രീകളെ സഹായിക്കാനുള്ള ഫണ്ട് രൂപീകരിക്കാന്‍ ഉപയോഗിക്കുമെന്ന് ബില്‍കിസ് ബാനു. 2002ലെ ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും ഒരുക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെതോയിരുന്നു നിര്‍ണ്ണായക ഉത്തരവ്.
‘എന്നെ പോലെ ദുരനുഭവങ്ങള്‍ നേരിട്ട എന്റെ സഹോദരിമാരെ സഹായിക്കാനും അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും സുപ്രീം കോടതിയില്‍ നിന്നും എനിക്ക് ലഭിച്ച തുക ഞാന്‍ വിനിയോഗിക്കും’- ബാനു പറഞ്ഞു. കലാപത്തില്‍ കൊല്ലപ്പെട്ട ബാനുവിന്റെ മൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകള്‍ സാലിഹയുടെ പേരിലാണ് ഫണ്ട് ആരംഭിക്കുന്നത്. ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം സംഘം സാലിഹയെ അടക്കം ബാനുവിന്റെ ആറു കുടുംബാംഗങ്ങളേയും 2002ലെ ഗുജറാത്ത് കലാപത്തിനിടയ്ക്ക് കൊല്ലുകയായിരുന്നു.
‘ഞങ്ങള്‍ക്ക് സാലിഹയുടെ മൃതദേഹം ലഭിച്ചില്ല. ശരിയായ രീതിയില്‍ അവസാന കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അതു കൊണ്ടു തന്നെ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അതില്‍ ഞാനിന്നും ദുഖിതയാണ്. ഈ വിധി അവള്‍ക്ക് സമാധാനം നല്‍കുമെന്ന് ഞാന്‍ കരുതുന്നു’- എന്നായിരുന്നു വിധി വന്നതിനു ശേഷം ബാനു മാധ്യമങ്ങളോട് പറഞ്ഞത്.
ദഹോദ് സ്വദേശികളായ ബില്‍ക്കീസ് യാക്കൂബ് റസൂലിന്റെ കുടുംബം അഹ്മദാബാദിനടുത്തുള്ള രണ്‍ധിക്പൂര്‍ ഗ്രാമത്തില്‍ 2002 മാര്‍ച്ച് 3നാണ് അക്രമിക്കപ്പെടുന്നത്. നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ 5 ലക്ഷം നഷ്ടപരിഹാരം ബില്‍ക്കീസ് ബാനു നിഷേധിച്ചിരുന്നു.
ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു ഗുജറാത്ത് വംശഹത്യക്കിടെ 2002 മര്‍ച്ച് മൂന്നിനാണ് 22 തവണ കൂട്ട ബലാസംഗത്തിനിരയായിരുന്നുത്. മരിച്ചെന്ന് കരുതി ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു.
സംഭവത്തില്‍ ഏട്ടു പ്രതികളെ 2008ല്‍ കോടതി ശിക്ഷിച്ചിരുന്നു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ബില്‍ക്കീസ് നല്‍കിയ പരാതിയില്‍ ബോംബെ ഹൈക്കോടതി പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു. ബോംബെ ഹൈക്കോടതി വിധി പിന്നീട് സുപ്രീംകോടതി ശരിവെച്ചിട്ട് പോലും ഉദ്യോഗസ്ഥരെ ശിക്ഷിച്ചിട്ടില്ലെന്ന് ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.