| Saturday, 23rd November 2024, 12:31 pm

റഷ്യയെ കുറ്റക്കാരാക്കാന്‍ ശ്രമിച്ചാല്‍ ഇനിയും ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കും: വ്‌ളാദിമിര്‍ പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യയുടെ ആയുധപരീക്ഷണങ്ങളെ അന്താരാഷ്ട്ര കുറ്റമായി കാണുന്ന ഉക്രൈനിന്റെ നിലപാടിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. മറുപടിയായി ഇനിയും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുണ്ടാവുമെന്നും പുടിന്‍ പറഞ്ഞു. ഇന്നലെ നടന്ന പ്രതിരോധ കോണ്‍ഫറന്‍സില്‍ വിരലിലെണ്ണാവുന്ന ബാലിസ്റ്റിക് മിസൈലുകളേ ഉള്ളൂ എന്ന യു.എസിന്റെ അവകാശവാദത്തെയും പുടിന്‍ എതിര്‍ത്തു.

മിസൈല്‍ സംവിധാനങ്ങളുടെ പരീക്ഷണം വിജയകരമായിരുന്നുവെന്നും റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഏത് സാഹചര്യവും പരിശോധിക്കുമെന്നും യുദ്ധത്തിനും ആക്രമണത്തിനുമെല്ലാം തങ്ങള്‍ തയ്യാറാണെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.

കൂടാതെ നിലവില്‍ പരീക്ഷിച്ച മിസൈലുകള്‍ക്ക് യൂറോപ്പിനെ ഉടനീളം ലക്ഷ്യംവെക്കാന്‍ കഴിയുമെന്നും മിസൈലിന്റെ ലക്ഷ്യവും വ്യാപ്തിയും മറ്റ് ദീര്‍ഘദൂര പ്രിസിഷന്‍ ഗൈഡഡ് ആയുധങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുവെന്നും റഷ്യന്‍ മിസൈല്‍ സേനയുടെ കമാന്‍ഡര്‍ സെര്‍ജി കാരകയേവ് പറയുകയുണ്ടായി.

അതേസമയം റഷ്യയുടെ ദീര്‍ഘദൂര ആര്‍.എസ് 26 എന്ന റുബെഷ് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷാണം നടത്തിയത് ഉക്രേനിയന്‍ നഗരമായ ഡിനിപ്രോയിലെ റോക്കറ്റ് ഫാക്ടറിക്ക് നേരെയാണ്. ഇതിനെതിരെയാണ് ഉക്രൈന്‍ പ്രതിഷേധിച്ചത്.

റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ അപലപിക്കാന്‍ ആഗോളരാജ്യങ്ങളോട് വ്‌ളാദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിക്കുകയും ഉക്രൈനിനെതിരായ ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈലിന്റെ പ്രയോഗം അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നും പറയുകയുണ്ടായി.

ഇന്റര്‍മീഡിയേറ്റ് റേഞ്ച് മിസൈലുകളുടെ ആക്രമണങ്ങളില്‍ നിന്നുമുള്ള സംരക്ഷണത്തിന് വേണ്ടി പുതിയ പ്രതിരോധ സംവിധാനങ്ങള്‍ക്കായി സഖ്യ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ പ്രതിരോധ മന്ത്രിയോട് നിര്‍ദേശിച്ചതായും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മാത്രമല്ല ആക്രമണം നടത്തുന്നതിനായുള്ള പുതിയ ആയുധങ്ങള്‍ പരീക്ഷിക്കാന്‍ മറ്റ് രാജ്യങ്ങളെ കരുവാക്കുന്നതും അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നും ഉക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞു.

റഷ്യ ഉക്രൈനില്‍ മിസൈല്‍ പരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ട് നാറ്റോയുമായി അടിയന്തര ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യ ആണവശേഷിയുള്ള വാര്‍ഹെഡ് ഉപയോഗിക്കുന്നതിനെ യു.എസ് അപലപിക്കുകയും ചെയ്യുകയുണ്ടായി.

Content Highlight: Will use more ballistic missiles if they try to blame Russia: Vladimir Putin

We use cookies to give you the best possible experience. Learn more