കോഴിക്കോട്: ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്. സ്വകാര്യ ആശുപത്രികളിലേതടക്കം മുഴുവന്‍ ഒ.പികളും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കില്ല.
ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പ്രതിരോധിക്കാനായി വേണ്ടിവന്നാല്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) അറിയിച്ചു. ഇതിന്റെ ആദ്യപടിയായി നിശാക്ലബ്ബുകളിലും ബാറുകളിലുമെല്ലാം ഉള്ളതുപോലെ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്ന കാര്യം സമിതിയുടെ പരിഗണനയിലുണ്ട്.
ഇതുകൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുണ്ടകളെ ഉപയോഗിക്കുമെന്നും സംഘടന വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനിടെയാണ് ഐ.എം.എ ഭാരവാഹികള്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം അത്യാഹിതവിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ അനുരാജിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ ബന്ദ്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.
മാധ്യമങ്ങള്‍ “ചികിത്സാ പിഴവ്” എന്ന വാക്ക് ഉപയോഗിക്കുന്നത് പോലും ശരിയല്ല. രോഗിയെ ചികിത്സിക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കേണ്ടത് ബന്ധുക്കളല്ല. ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചാല്‍ നടപടിയെടുക്കാനുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐ.എം.എ ഭആരവാഹികള്‍ പറഞ്ഞു.
സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. എ.കെ അബ്ദുല്‍ ഖാദര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. രാകേഷ്, ഡോ. സി.എം അബൂബക്കര്‍, ഡോ. അജിത്ത് ഭാസ്‌കര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.